നാദാപുരം: കുമ്മങ്കോട് അഹമ്മദ്മുക്ക് വാടകക്കെട്ടിടത്തിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയെ പെരിങ്ങത്തൂരിൽ എക്സൈസ് സംഘം കഞ്ചാവുമായി പിടികൂടിയ സംഭവം പൊലീസിനെയും നാട്ടുകാരെയും ഏറെനേരം വട്ടംകറക്കി. തലശ്ശേരി എക്സൈസ് സംഘമാണ് പശ്ചിമബംഗാൾ സ്വദേശി രത്തൻ റോയിയെ 25 -ഗ്രാം കഞ്ചാവ് പൊതിയുമായി പെരിങ്ങത്തൂരിൽ വെച്ച് പിടികൂടിയത്. എക്സൈസ് സംഘം ഇയാളുമായി കുമ്മങ്കോട്ടെ വാടകക്കെട്ടിടത്തിൽ എത്തി പരിശോധന നടത്തിയെങ്കിലും കുറച്ച് പുകയില ഉൽപന്നങ്ങൾ മാത്രമാണ് ലഭിച്ചത്. പൊലീസിനെ അറിയിക്കാതെയാണ് എക്സൈസ് സംഘം പരിശോധന നടത്തി തിരിച്ചുപോയത്. എന്നാൽ, വാടകമുറിയിൽനിന്ന് ഒരുകോടി രൂപയുടെ മയക്കുമരുന്നു കണ്ടെടുത്തുവെന്ന് സാമൂഹിക മാധ്യമങ്ങൾ വഴി വ്യാപക പ്രചാരണം നടന്നു. ഇതോടെ ആളുകൾ തടിച്ചുകൂടി. അടച്ചിട്ട മറ്റുമുറികളിൽ കൂടുതൽ മയക്കുമരുന്നുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന സംശയത്തിൽ കെട്ടിടത്തിൽ ആരെയും പ്രവേശിപ്പിക്കാൻ അനുവദിക്കാതെ നാട്ടുകാർ കാവൽനിന്നു. നാദാപുരം പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് സന്നാഹങ്ങളോടെ നിരവധി വണ്ടികളിലായി പൊലീസെത്തി. പൊലീസുകാരെ കണ്ടതോടെ ഇതരസംസ്ഥാന തൊഴിലാളികൾ സ്ഥലംവിട്ടു. അടച്ചിട്ട മുറികളിലെല്ലാം പൊലീസ് പൂട്ടുപൊളിച്ചു പരിശോധന നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല. കെട്ടിട ഉടമയെയും വിളിച്ചുവരുത്തി ചോദ്യംചെയ്തു. ഒടുവിൽ 'കോടികളുടെ' കഞ്ചാവ് വേട്ട 25 ഗ്രാമിൽ ഒതുങ്ങുകയായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. രഘുവടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. അതിനിടെ കെട്ടിടത്തിൽ തൊഴിലാളികളെ താമസിപ്പിക്കുന്നത് ചട്ടപ്രകാരമല്ലെന്ന് ആരോപിച്ച് ചിലർ രംഗത്തുവന്നത് വാക്കേറ്റമുണ്ടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.