ബി സോൺ കലോത്സവം: തിങ്കളാഴ്ചത്തേക്ക് മാറ്റി; സർവകലാശാല നേരിട്ട് നടത്തും

കോഴിക്കോട്: വടകര മടപ്പള്ളി ഗവ. കോളജിൽ ശനിയാഴ്‌ച തുടങ്ങേണ്ടിയിരുന്ന കാലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവം നീട്ടി. ഈ മാസം അഞ്ചു മുതൽ ഒമ്പതുവരെ കലോത്സവം നടത്താൻ സർവകലാശാല ആസ്ഥാനത്ത് നടന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ-എം.എസ്.എഫ് തർക്കത്തെ തുടർന്നാണ് വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ യോഗം വിളിച്ചുചേർത്തത്. സർവകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും കലോത്സവം നടത്തുക. സ്റ്റേജിതര മത്സരങ്ങൾ ഈ മാസം അഞ്ചിനും ആറിനും സ്റ്റേജിനങ്ങൾ ഏഴു മുതൽ ഒമ്പതു വരെയുമാണ്. പി.വി.സി ഡോ. പി. മോഹൻ ചെയർമാനായി സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിച്ചു. വിദ്യാർഥി ക്ഷേമ വിഭാഗം ഡീൻ പി.വി. വത്സരാജ് കൺവീനറാണ്. സിൻഡിക്കേറ്റ് അംഗങ്ങളായ കെ.കെ. ഹനീഫ, ശ്യാം പ്രസാദ്, വിദ്യാർഥി യൂനിയൻ ചെയർപേഴ്സൻ പി. സുജ, ജില്ല എക്സിക്യൂട്ടിവ് അംഗം നജ്മു സാഖിബ്, മടപ്പള്ളി കോളജ് പ്രിൻസിപ്പൽ പ്രഫ. ചിത്രലേഖ എന്നിവർ സ്റ്റിയറിങ് കമ്മിറ്റിയിലെ അംഗങ്ങളാണ്. പരാതികളും മറ്റും പരിശോധിച്ച് തീർപ്പുകൽപിക്കുക സ്റ്റിയറിങ് കമ്മിറ്റിയാണ്. സർവകലാശാല വിദ്യാർഥി യൂനിയനിൽ കോഴിക്കോട് ജില്ല എക്സിക്യൂട്ടിവ് അംഗമായ എം.എസ്.എഫ് നേതാവ് നജ്മു സാഖിബിന് പ്രോഗ്രാം കമ്മിറ്റിയുടെ ചുമതല നൽകി. വിദ്യാർഥി യൂനിയൻ ചെയർപേഴ്സനും ജില്ല എക്സിക്യൂട്ടിവ് അംഗവും നിർദേശിക്കുന്ന രണ്ടു പേർ വീതവും സ്റ്റുഡൻറ് ഡീനും പ്രിൻസിപ്പലും പ്രോഗ്രാം കമ്മിറ്റിയിലെ അംഗങ്ങളാണ്. സ്റ്റേജിതര ഇനങ്ങൾക്ക് ഞായറാഴ്ച വൈകീട്ട് അഞ്ചു വരെ വിദ്യാർഥികൾക്ക് രജിസ്ട്രേഷനുള്ള സൗകര്യമുണ്ട്. സ്റ്റേജിനങ്ങളുടെ രജിസ്ട്രേഷ​െൻറ അവസാന ദിനം തിങ്കളാഴ്ചയാണ്. www.cuunionkaloIsavm.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. എം.എസ്.എഫിന് സ്വാധീനമുള്ള ഫാറൂഖ് കോളജിൽനിന്ന് ഇതുവരെ രജിസ്ട്രേഷൻ കുറവായിരുന്നു. തർക്കം തീർന്നതിനാൽ കൂടുതൽ വിദ്യാർഥികളെത്തും. ഈ മാസം 11 മുതൽ തൃശൂരിൽ ഇൻറർസോൺ കലോത്സവം നടക്കുന്നതിനാലാണ് തർക്കങ്ങൾ രമ്യമായി പരിഹരിച്ച് ബി സോൺ സംഘടിപ്പിക്കാൻ സർവകലാശാല അധികൃതർ രംഗത്തെത്തിയത്. ജില്ല എക്സിക്യൂട്ടിവ് സ്ഥാനമുള്ള എം.എസ്.എഫിനെ തഴഞ്ഞ് എസ്.എഫ്.ഐ ജില്ല നേതൃത്വം ഏകപക്ഷിയമായി ബി സോൺ കലോത്സവം പ്രഖ്യാപിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. എസ്.എഫ്.ഐ ശക്തികേന്ദ്രമായ മടപ്പള്ളിയിൽ ആക്രമണസാധ്യതയുണ്ടെന്നും പരാതിപ്പെട്ടിരുന്നു. സംഘർഷങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.