കോഴിക്കോട്: പ്രളയവും പ്രകൃതിദുരന്തവും ജില്ലയിലെ കാർഷികമേഖലക്ക് വരുത്തിവെച്ചത് കനത്ത നാശനഷ്ടം. ആഗസ്റ്റ് 23 വരെയുള്ള പ്രാഥമിക കണക്കുകൾ പ്രകാരം 19.51 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. അന്തിമ കണക്കുകൾ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. കാർഷികവൃത്തിക്ക് പ്രാധാന്യമുള്ള കൊടുവള്ളി, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുകളെയാണ് ദുരിതം ഏറെ ബാധിച്ചിരിക്കുന്നത്. തെങ്ങ്, വാഴ, നെല്ല്, കവുങ്ങ്, റബർ, ജാതി എന്നീ വിളകൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. 12,308 തെങ്ങ്, 76,8503 വാഴ, 11,790 കവുങ്ങ് ,550 കൊക്കോ, 7839 റബ്ബർ, 1341 ജാതി, 65 ഗ്രാമ്പൂ, 100 കശുമാവ്, 5555 കുരുമുളക്, 119 ഹെക്ടർ നെല്ല് 35.28 ഹെക്ടർ കപ്പ, 4.2 ഹെക്ടർ പച്ചക്കറി എന്നിങ്ങനെയാണ് നഷ്ടമായ വിളകളുടെ പ്രാഥമിക കണക്കുകൾ. 860.68 ഹെക്ടർ കൃഷിഭൂമിയിലെ വിളകളാണ് ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കാരണം നഷ്ടമായത്. 7277 കർഷകർ ഇതേതുടർന്ന് ദുരിതത്തിലായി. നാശനഷ്ടങ്ങൾ ബ്ലോക്ക് തലത്തിൽ വിലയിരുത്തി ജില്ല കൃഷി വകുപ്പ് തയാറാക്കിയ പ്രാഥമിക റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ 25.5 ലക്ഷം രൂപയും സംസ്ഥാന സർക്കാർ 7.05 കോടി രൂപയും നഷ്ടപരിഹാരമായി അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രിൻസിപ്പൽ കൃഷി ഓഫിസിൽ പ്രത്യേക സംഘം രൂപവത്കരിക്കുകയും 3.7 കോടി രൂപ നഷ്ടപരിഹാരമായി അനുവദിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. െസപ്റ്റംബർ 10നകം അർഹമായ കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിള ഇൻഷൂറൻസ് പദ്ധതിപ്രകാരം 13.32 ലക്ഷം രൂപ ഇതിനോടകം കർഷകർക്ക് ലഭ്യമാക്കിക്കഴിഞ്ഞു. നഷ്ടമായ വിളകളെ ഫലം ലഭിക്കുന്നത്, ഫലം ലഭിക്കാത്തത് എന്ന് കണക്കാക്കിയാണ് നഷ്ടപരിഹാരം ലഭിക്കുക. മലയോരമേഖലയിൽ വീടുകളും കൃഷിയുൾപ്പടെയുള്ള ഭൂമിയും നഷ്ടമായ കർഷകർ നിരവധിയാണ്. കൃഷിനാശം സംഭവിച്ച കർഷകരോട് കരം അടച്ച രസീത്, ഫോട്ടോ മുതലായ അനുബന്ധരേഖകൾ ആവശ്യപ്പെടരുതെന്നും യഥാർഥ നഷ്ടം വിലയിരുത്തി ഇത്തവണത്തേക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.