എം.ജി.എസിന് പിറന്നാൾ മധുരവുമായി ശിഷ്യസംഗമം

സ്വന്തം ലേഖിക കോഴിക്കോട്: ചരിത്രകാരൻ എം.ജി.എസ് നാരായണന് പിറന്നാൾ മംഗളം നേരാൻ ശിഷ്യഗണങ്ങൾ ഒത്തുചേർന്നു. 87ാം വയസ്സിലേക്ക് പ്രവേശിക്കുന്ന ഗുരുവിന് ജന്മദിന സമ്മാനമായി പാട്ടും വർത്തമാനങ്ങളും ഓർമകളുമായി അവർ ഒരു പകൽ ചെലവഴിച്ചു. പിറന്നാൾ മാത്രമല്ല, തങ്ങളുടെ 53ാം വിവാഹ വാർഷികം കൂടിയാണ് ഈ ദിവസമെന്ന് പത്നി പ്രേമലത അറിയിച്ചതോടെ ആശംസാമംഗളങ്ങൾ ഇരട്ടിയായി. പ്രായം കൊണ്ട് മുതിർന്നെങ്കിലും മനസ്സുകൊണ്ട് ഏറെ ചെറുപ്പമായ എം.ജി.എസും ആ കൂട്ടത്തിലൊരാളായി മാറിയപ്പോൾ പിറന്നാൾ ദിനം ഹൃദ്യമായി. 1932 ആഗസ്റ്റ് 20ന് ചിങ്ങത്തിലെ രേവതി നക്ഷത്രത്തിലാണ് എം.ജി.എസി​െൻറ ജനനം. എം.ജി.എസ് ഹിസ്റ്ററി ഫൗണ്ടേഷന് കീഴിലാണ് അദ്ദേഹവും പ്രമുഖ ശിഷ്യരും ഒത്തുചേർന്നത്. ശിഷ്യൻ എന്നതിലുപരി അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ എം.ആർ. രാഘവ വാര്യർ, പി.പി. സുധാകരൻ, പ്രഫ. ഹരിദാസ്, ഫൗണ്ടേഷൻ പ്രസിഡൻറ് പ്രഫ. പി. വേണു, സെക്രട്ടറി ഡോ. എം. സുമതി, ട്രഷറർ പ്രഫ. കെ.പി. അമ്മുക്കുട്ടി, പ്രഫ. കെ.പി. വേലായുധൻ, ഡോ. സുമ നാരായണൻ, ജയശ്രീ കല്ലാട്ട്, മീനകുമാരി തുടങ്ങിയവർ പങ്കെടുത്തു. പി.പി. സുധാകരനും രാഘവ വാര്യരുമാണ് ഏറ്റവും പ്രായംകൂടിയ ശിഷ്യർ. 1971 മുതലുള്ള ശിഷ്യരായിരുന്നു എല്ലാവരും. രാവിലെ 11.30ന് കേക്ക് മുറിച്ചായിരുന്നു ആഘോഷ തുടക്കം. പഠനകാലത്തെ മറക്കാനാവാത്ത ഓർമകൾ ശിഷ്യർ പങ്കുവെച്ചപ്പോൾ എം.ജി.എസി​െൻറ മുഖത്ത് ഗൃഹാതുരത്വത്തി​െൻറ പുഞ്ചിരി തെളിഞ്ഞു. ''എന്നെ ഞാനാക്കിയ പ്രിയ ഗുരുവിന്'' എന്നു പറഞ്ഞാണ് ഒാരോരുത്തരും ആശംസ നേർന്നത്. പതിറ്റാണ്ടുകൾക്കുമുമ്പ് വാഹനസൗകര്യം കുറവായ കാലത്ത് ഏഴിമലയിൽ ശിലാലിഖിതം വായിക്കാൻ പോയ അനുഭവം രാഘവ വാര്യർ പങ്കുവെച്ചു. ഇതുവരെ ജീവിച്ചതുപോലെ ഇനിയും ജീവിക്കാനാണ് ആഗ്രഹമെന്നും പുതിയ സൗഹൃദങ്ങൾ സൃഷ്ടിച്ച് പ്രവർത്തന നിരതനായിരിക്കണമെന്നും എം.ജി.എസ് മറുപടി പറഞ്ഞു. സദ്യ കഴിച്ച് ഗുരുവിന് ദീർഘായുസ്സ് നേർന്ന് വൈകീേട്ടാടെയാണ് എല്ലാവരും പിരിഞ്ഞത്. മകൻ വിജയ് നാരായണൻ, പ്രേമലതയുടെ സഹോദരിയുടെ ചെറുമക്കളായ രാഗ, കീർത്തന തുടങ്ങിയ കുടുംബാംഗങ്ങളും മലാപ്പറമ്പിൽ ഒരുക്കിയ ചടങ്ങിനുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.