ദുരിതാശ്വാസ പ്രവർത്തനത്തിൽ സജീവമായി ആഫ്രിക്കൻ വിദ്യാർഥി

കോഴിക്കോട്: നിക്കോളാസിന് കേരളം സ്വന്തം നാടുപോലെ തന്നെയാണ്. അതുകൊണ്ടുതന്നെ കേരളത്തിലുണ്ടായ ദുരന്തത്തിൽ നോക്കിയിരിക്കാൻ കഴിഞ്ഞില്ല ഇൗ ദക്ഷിണാഫ്രിക്കക്കാരന്. മിഷൻ കോഴിക്കോടി​െൻറ ഭാഗമായി കൂട്ടുകാരോടൊപ്പം നിക്കോളാസും വിവിധ ക്യാമ്പുകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്. സാധനങ്ങൾ ശേഖരിക്കാനും ആവശ്യക്കാരിലേക്ക് എത്തിക്കുവാനുമുള്ള പ്രവർത്തനങ്ങളിലെല്ലാം നിക്കോളാസി​െൻറ സാന്നിധ്യമുണ്ട്. കോഴിക്കോട് എൻ.െഎ.ടിയിലെ ബയോടെക്നോളജി രണ്ടാംവർഷ വിദ്യാർഥിയാണ് നിക്കോളാസ്. ദക്ഷിണാഫ്രിക്കയിലെ മൊസാംബിക്കിൽനിന്നാണ് കേരളത്തിലെത്തിയത്. 'സൗത്ത് ആഫ്രിക്ക നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്ന് വരൾച്ചയാണ്. ശുദ്ധജലം ലഭിക്കാൻതന്നെ പലപ്പോഴും പ്രയാസപ്പെടുന്നു. കേരളത്തിലെത്തിയപ്പോൾ ഇവിടെ പെയ്യുന്ന മഴ ആഹ്ലാദം ജനിപ്പിച്ചിരുന്നു. എന്നാൽ, മഴ പ്രളയം വിതക്കുന്നതുകണ്ട് നോക്കിയിരിക്കാൻ കഴിയില്ലല്ലോ' -നിക്കോളാസ് പറഞ്ഞു. കോഴിക്കോട് ബി.ഇ.എം.എൽ സ്കൂളിൽ പ്രവർത്തിക്കുന്ന വിഭവശേഖരണ കേന്ദ്രത്തിലെ ആളുകളെല്ലാം സാധനങ്ങൾ തരംതിരിച്ച് പാക്ക് ചെയ്യുന്ന തിരക്കിലാണ്. മലയാളമറിയില്ലെങ്കിലും നിക്കോളാസ് മറ്റുള്ളവരോടൊപ്പം കൂടുന്നു. കഷ്ടതകൾക്കും സഹായത്തിനും ഭാഷയില്ലല്ലോയെന്ന് ശരിയായി അറിയാം. സംസാരിക്കുന്നവരോടെല്ലാം ഇംഗ്ലീഷിൽ കൃത്യമായ മറുപടിയും നൽകുന്നുണ്ട് നിക്കോളാസ്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും പണ്ട് ഒട്ടിക്കിടന്ന പ്രദേശങ്ങളായിരുന്നുവെന്നും ഭൂഖണ്ഡങ്ങൾ തമ്മിലുള്ള കൂട്ടിയിടിയിൽ വേർപെട്ടുപോയ സഹോദരങ്ങളാണ് നമ്മളെന്നും ഭൂമിശാസ്ത്ര പാഠങ്ങളിൽ പഠിച്ചത് നിക്കോളാസിനെ കാണുന്നവർക്ക് ഒാർമ വന്നേക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.