കോഴിക്കോട്: പേമാരിയുടെയും ഉരുൾപൊട്ടലിെൻറയും പശ്ചാത്തലത്തിൽ കുറ്റ്യാടി, താമരശ്ശേരി ചുരങ്ങളിലെ അപകട സാധ്യതയുള്ള മേഖലകൾ ഉടൻ പരിശോധിച്ച് ആവശ്യമായ നടപടി കൈക്കൊള്ളാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മന്ത്രിമാരായ ടി.പി. രാമകൃഷ്ണനും എം.കെ. ശശീന്ദ്രും അറിയിച്ചു. കലക്ടറേറ്റിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും. ചുരത്തിലെ ചിലയിടങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. ഇതോടൊപ്പം ഇവിടത്തെ മുഴുവൻ കെട്ടിടങ്ങളുടെ സുരക്ഷയും പരിശോധിക്കും. താമരശ്ശേരി ചുരത്തിലെ രണ്ടാം വളവിലുള്ള ചരിഞ്ഞ കെട്ടിടം പൊളിച്ചുനീക്കും. അനധികൃത െകട്ടിടങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇരുവരും അറിയിച്ചു. ചുരത്തിലും പ്രധാന റോഡുകളിലും കൽവർട്ടുകളിലുമുള്ള തടസ്സങ്ങൾ പൊതുമരാമത്ത് വിഭാഗം ഉടനടി ഒഴിവാക്കും. ഇടിഞ്ഞ മണ്ണ് നീക്കി ചുരങ്ങളിലെ ഗതാഗതവും സുഖമമാക്കും. മലയിടിഞ്ഞ് കക്കയം ഡാം ൈസറ്റിലേക്കുള്ള റോഡ് തകർന്നിരിക്കുകയാണ്. ഡിപ്പാർട്മെൻറ് വാഹനങ്ങൾക്ക് ഡാം സൈറ്റിലും പവർഹൗസിലും എത്താനാവശ്യമായ രീതിയിൽ ഗതാഗത സംവിധാനം ഉടൻ പുനഃസ്ഥാപിക്കും. ജില്ലയെ ഏഴ് മേഖലകളായി തിരിച്ചാണ് രക്ഷാപ്രവർത്തനം. ജില്ലയിലെ 15 ദുരിതാശ്വാസ ക്യാമ്പുകളിലും ഭക്ഷണം, കുടിവെള്ളം, വൈദ്യ ശുശ്രൂഷ, മരുന്ന് എന്നിവയെല്ലാം ലഭ്യമാണ്. കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലുകളിൽ ചോർച്ചയുണ്ടാകാനുള്ള സാധ്യതകൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ഇരുവരും കൂട്ടിച്ചേർത്തു. യോഗത്തിൽ ജില്ല കലക്ടർ യു.വി. ജോസ്, സബ് കലക്ടർ വി. വിഘ്നേശ്വരി, എ.ഡി.എം ടി. ജനിൽ കുമാർ, അസി. കലക്ടർ കെ.എസ്. അഞ്ജു, ദുരന്തനിവാരണ െഡപ്യൂട്ടി കലക്ടർ എം. റംല, സിറ്റി പൊലീസ് അസി. കമീഷണർ കെ. സുദർശൻ, ആരോഗ്യകേരളം ജില്ല കോ ഒാഡിനേറ്റർ ഡോ. നവീൻ, കുറ്റ്യാടി ഇറിഗേഷൻ എക്സി. എൻജിനീയർ കെ.എം. അലി, റൂറൽ ഡിവൈ.എസ്.പി എം. സുബൈർ, ഡെ. ഡയറക്ടർ ഓഫ് പഞ്ചായത്ത് സെക്ഷൻ സൂപ്രണ്ട് സി. മുരളീധരൻ, ജില്ല ഇൻഫർമേഷൻ ഓഫിസർ എം. മധുസൂദനൻ, കൊയിലാണ്ടി മൈനർ ഇറിഗേഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഇ. സദാശിവൻ, ജില്ല ഫയർ ഓഫിസർ ടി. രജീഷ്, അസി. എക്സിക്യൂട്ടിവ് എൻജിനീയർ ജി. ബാബു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.