പേരാമ്പ്ര: ക്വാറി മുതലാളിയിൽനിന്ന് രണ്ടുലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണമുയർന്ന യൂത്ത് കോൺഗ്രസ് കോട്ടൂർ മണ്ഡലം പ്രസിഡൻറ് അക്സർ വാകയാടിനെ തൽസ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്തതായി ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡൻറ് പി.കെ. രംഗീഷ് കുമാർ അറിയിച്ചു. ചെങ്ങോടുമലയിൽ ക്വാറി തുടങ്ങാൻ ശ്രമിക്കുന്ന ഡെൽറ്റ ഗ്രൂപ് ഉടമ തോമസ് ഫിലിപ് അക്സറിനോട് സംസാരിക്കുന്ന ശബ്ദശകലം വാട്സ്ആപ് വഴി പ്രചരിച്ചതോടെയാണ് യൂത്ത് നേതാവിന് സ്ഥാനം നഷ്ടമായത്. ആക്ഷൻ കമ്മിറ്റി പ്രവർത്തകന് രണ്ടുലക്ഷം രൂപ കൊടുത്തിട്ടും അയാൾ ക്വാറിക്കെതിരെയുള്ള സമരത്തിൽ തുടരുകയാണല്ലോ, അതുകൊണ്ട് അയാളോട് പണം തിരിച്ചുതരാൻ പറയണം എന്നിങ്ങനെയുള്ള സംസാരമാണ് പുറത്തുവന്നത്. അത് തിരിച്ചുവാങ്ങാമെന്ന് അക്സറും മറുപടി പറയുന്നുണ്ട്. സമരസമിതി പ്രവർത്തകന് പണം നൽകിയിട്ടില്ലെന്ന അക്സറിെൻറ മറ്റൊരു ശബ്ദശകലവും പുറത്തായിട്ടുണ്ട്. യൂത്ത് കോൺഗ്രസ് നേതാവിന് ക്വാറി മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നറിഞ്ഞതോടെ കോട്ടൂരിലെ കോൺഗ്രസ് നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്. പ്രവർത്തകർ ആവശ്യപ്പെട്ടിട്ടും ക്വാറിവിരുദ്ധ സമരത്തിൽ പങ്കെടുക്കാൻ മണ്ഡലം പാർട്ടി നേതൃത്വം ഇതുവരെ തയാറായിട്ടില്ല. ഇത് അണികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. ജനകീയ സമരത്തിൽനിന്ന് പാർട്ടി പുറംതിരിഞ്ഞുനിൽക്കുന്നത് എന്തിനു വേണ്ടിയാണെന്ന് വ്യക്തമാക്കണമെന്നും അണികൾ ആവശ്യപ്പെടുന്നു. കുട്ടിക്കർഷക ഗ്രൂപ് തുടങ്ങി മേപ്പയൂർ: കുടുംബശ്രീ സംസ്ഥാന മിഷൻ ബാലസഭയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന കുട്ടിക്കർഷക ഗ്രൂപ് മേപ്പയൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ പൂത്തുമ്പി ബാലസഭയിൽ ഗ്രാമപഞ്ചായത്ത് മെംബർ ഷർമിന കോമത്ത് ഉദ്ഘാടനം ചെയ്തു. സി.ആർ. നിള അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല റിസോഴ്സ് പേഴ്സൻ പി.കെ. ഷിംജിത്ത്, റിസോഴ്സ് പേഴ്സൻ ഐ.ടി ബബിത, രജില രാജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.