കുറ്റ്യാടി ബ്രാൻഡിൽ തമിഴ്​നാട്ടിൽനിന്ന് വ്യാജ വെളിച്ചെണ്ണ വ്യാപകം -മില്ലുടമകൾ

കുറ്റ്യാടി: മികച്ചയിനം നാളികേരത്തിൽനിന്ന് ഉൽപാദിപ്പിക്കുന്ന കുറ്റ്യാടി വെളിച്ചെണ്ണക്ക് ആവശ്യക്കാർ കൂടിയതിനാൽ ഇതേ ബ്രാൻഡിൽ വ്യാജൻ വ്യാപകമായി എത്തുന്നുണ്ടെന്ന് കുറ്റ്യാടിയിലെ മില്ലുടമകൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. തമിഴ്നാട്ടിൽനിന്ന് ഉൽപാദിപ്പിച്ച് മാരക രാസവസ്തുക്കൾ ചേർത്ത് വില കുറച്ച് വിൽക്കുന്നതിനാൽ ചില കടക്കാർ അധികലാഭത്തിനായി വാങ്ങി വിൽക്കുകയാണ്. കുറ്റ്യാടിയിനം വെളിച്ചെണ്ണ മൊത്തവിലയായി ലിറ്ററിന് 185 രൂപക്ക് വിൽക്കുമ്പോൾ വ്യാജന് 130 രൂപക്കാണ് കടക്കാർക്ക് നൽകുന്നത്. ഇത് കടകളിൽ 170 രൂപക്ക് വരെ വിൽക്കുന്നു. എന്നാൽ, കുറ്റ്യാടിയിനം വെളിച്ചെണ്ണ 200 രൂപക്ക് വിൽക്കണം. ചെറിയ ലാഭമേ കിട്ടൂവെന്നതിനാൽ വ്യാജ വെളിച്ചെണ്ണ വിൽക്കാൻ ചില കടക്കാരും അമിതതാൽപര്യം കാണിക്കുകയാണെന്നും അവർ പറഞ്ഞു. പരിശോധന ഭയന്ന് കടകളിൽ ഒളിപ്പിച്ചാണ് ഇത്തരം വെളിച്ചെണ്ണ സൂക്ഷിക്കുന്നത്. വെൽക്കം കുറ്റ്യാടി എന്നപേരിൽ ലിറ്റർകണക്കിന് വ്യാജ വെളിച്ചെണ്ണ കഴിഞ്ഞയാഴ്ച നാദാപുരത്തുനിന്ന് പിടികൂടിയിരുന്നു. നാദാപുരം മേഖലയിലെ യുവാവാണ് ഇത്തരം തട്ടിപ്പിനു പിന്നിൽ. ഇയാൾക്ക് ഉദ്യോഗസ്ഥർക്കിടയിൽ വലിയ സ്വാധീനമുള്ളതിനാൽ തങ്ങൾ നിരന്തരമായി പരാതിപ്പെട്ടിട്ടും പിടികൂടിയില്ല. മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതിപ്പെട്ടപ്പോഴാണ് നടപടിയുണ്ടായതെന്നും മില്ല് ഉടമകൾ പറഞ്ഞു. പിടികൂടിയ വ്യാജ വെളിച്ചെണ്ണയുടെ ഉടമ കുറ്റ്യാടി ബ്രാൻഡിൽ പത്തോളം പേരിൽ വെളിച്ചെണ്ണ ഇറക്കുന്നുണ്ടെന്നും ഒന്ന് പിടിക്കപ്പെടുമ്പോൾ വേറൊരു വ്യാജൻ രംഗത്തിറക്കുകയാണെന്നും മില്ലുടമകൾ പറഞ്ഞു. നേരത്തേ തളീക്കരയിൽ ഇത്തരം വെളിച്ചെണ്ണ തമിഴ്നാട്ടിൽനിന്ന് കൊണ്ടുവന്ന് സൂക്ഷിച്ചത് നാട്ടുകാർ കണ്ടെത്തിയതിനാൽ ഒഴിവാക്കുകയായിരുന്നെത്ര. കുറ്റ്യാടിയിൽ ആറു കമ്പനികളാണ് ഇപ്പോൾ വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്നത്. ഇവക്കെല്ലാം ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗത്തി​െൻറ സർട്ടിഫിക്കറ്റ് ഉണ്ടെന്നും മില്ലുടമകൾ അറിയിച്ചു. പി. നവാസ്, പി.എം. ഹാരിസ്, പൊയിലങ്കി അലി, കളത്തിൽ ഇഖ്ബാൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.