ചക്കിട്ടപാറ വില്ലേജ് ഓഫിസർ പഞ്ചായത്ത് പ്രസിഡൻറിനോട് അപമര്യാദയായി പെരുമാറിയെന്ന്

പേരാമ്പ്ര: ചക്കിട്ടപാറ വില്ലേജ് ഓഫിസർ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. ഓഫിസർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ പ്രമേയം. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വൈസ് പ്രസിഡൻറ് കെ. സുനിലാണു പ്രമേയമവതരിപ്പിച്ചത്. ജനകീയ വിഷയങ്ങളുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫിസറെ പ്രസിഡൻറ് ഷീജ ശശി സമീപിച്ചപ്പോൾ മോശം പ്രതികരണമുണ്ടായെന്നാണ് ആരോപണം. വില്ലേജ് ഒാഫിസർ കാര്യക്ഷമമായി പ്രവൃത്തി ചെയ്യാതെ ആളുകളെ ബുദ്ധിമുട്ടിക്കുന്നതായ പരാതിയും ലഭിച്ചിട്ടുണ്ടെന്ന് പ്രമേയം അവതരിപ്പിച്ച് വൈസ് പ്രസിഡൻറ് പറഞ്ഞു. ജില്ല കലക്ടർ നടപടി സ്വീകരിക്കണമെന്നാണു പ്രമേയത്തിൽ ആവശ്യമുന്നയിച്ചിരിക്കുന്നത്. അതേസമയം, യു.ഡി.എഫിലെ ആറംഗങ്ങളും ഇതിനെ എതിർത്തു. നീതിപൂർവകമായ സമീപനമാണു വില്ലേജ് ഓഫിസറുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. നിയമവിരുദ്ധ നടപടികൾ ചെയ്യാൻ അവർ തയാറല്ലാത്തതുകൊണ്ടാണ് ഭരണപക്ഷം ഓഫിസർക്കെതിരെ നീങ്ങുന്നത് -പ്രതിപക്ഷ നേതാവ് കോൺഗ്രസിലെ സുഭാഷ് തോമസ് വ്യക്തമാക്കി. ഭൂരിപക്ഷ അടിസ്ഥാനത്തിൽ പ്രമേയം പാസായതായി അവതാരകൻ പ്രഖ്യാപിച്ചു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ എൽ.ഡി.എഫിനു ഒമ്പതും യു.ഡി.എഫിനു ആറും അംഗങ്ങളാണുള്ളത്. ഉദ്യോഗസ്ഥരെ വേട്ടയാടുന്നത് ചെറുക്കും -കോൺഗ്രസ് പേരാമ്പ്ര: തങ്ങളുടെ ഇംഗിതങ്ങൾക്കു വിരുദ്ധമായി നിലപാടെടുക്കുന്ന ഉദ്യോഗസ്ഥരെ ഭരണത്തി​െൻറ മറവിൽ ഭീഷണിപ്പെടുത്തുന്ന ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് എന്നിവരുടെ നിലപാടുകൾ വിലപ്പോവില്ലെന്നു കോൺഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി. ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്ന നയത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജിതേഷ് മുതുകാട് മുന്നറിയിപ്പു നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.