56 കോടി രൂപയുടെ ഡി.പി.ആർ വടക്കനാട് വന്യമൃഗ പ്രതിരോധത്തിന്​ പദ്ധതി രേഖയായി

സുല്‍ത്താന്‍ ബത്തേരി: നൂല്‍പ്പുഴ പഞ്ചായത്തിലെ വടക്കനാട് അതിര്‍ത്തി പ്രദേശങ്ങളിെല വന്യമൃഗശല്യ പരിഹാരത്തിനായി നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആർ) തയാറാക്കി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ടെക്‌നിക്കല്‍ വിദഗ്ധരുടെയും നേതൃത്വത്തില്‍ തയാറാക്കിയ പദ്ധതി രേഖക്ക് തത്ത്വത്തില്‍ അംഗീകാരമായി. ജനവാസ കേന്ദ്രത്തോട് ചേര്‍ന്നുകിടക്കുന്ന 34 കിലോമീറ്റര്‍ പ്രദേശത്താണ് പദ്ധതി പ്രകാരം പ്രതിരോധ പ്രവര്‍ത്തനം നടപ്പാക്കുക. 56 കോടി രൂപയുടെ പദ്ധതിരേഖയാണ് തയാറാക്കിയിരിക്കുന്നത്. ഈ മാസം 25ന് പദ്ധതി രേഖ സര്‍ക്കാറി​െൻറ അംഗീകാരത്തിനായി സമര്‍പ്പിക്കും. ബുധനാഴ്ച ഉച്ചയോടെ വനംവകുപ്പി​െൻറ ബത്തേരി െഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് 56 കോടി രൂപയുടെ വിശദ പദ്ധതി രേഖ അവതരിപ്പിച്ചത്. ഇതുപ്രകാരം വനാതിര്‍ത്തിയില്‍ കന്മതില്‍, റെയില്‍ ഫെന്‍സിങ് എന്നിവ സ്ഥാപിക്കാനാണ് തീരുമാനം. 30 കിലോമീറ്റര്‍ വനാതിര്‍ത്തിയില്‍ കന്മതിലും 4.5 കിലോമീറ്റര്‍ ഭാഗത്ത് റെയില്‍ ഫെന്‍സിങ്ങുമാണ് സ്ഥാപിക്കുന്നത്. കന്മതിലിന് രണ്ടര മീറ്റര്‍ ഉയരവും ഒരു മീറ്റര്‍ വീതിയുമുണ്ടാകും. മൂന്ന് മീറ്റര്‍ ഇടവിട്ട് പില്ലര്‍ സ്ഥാപിക്കും. കന്മതിലിന് മുകളില്‍ റെയില്‍വേലി സ്ഥാപിക്കാനും നീക്കമുണ്ട്. വനാതിര്‍ത്തിയുടെ 4.5 കിലോമീറ്റര്‍ വരുന്ന കൊല്ലികള്‍, ചതുപ്പ് നിലങ്ങള്‍ എന്നിവിടങ്ങളിലാണ് റെയില്‍ ഫെന്‍സിങ് സ്ഥാപിക്കുക. രണ്ട് മീറ്റര്‍ ഉയരത്തിൽ രണ്ട് പാളങ്ങള്‍ ഉപയോഗിച്ച് സ്ഥാപിക്കുന്ന ഫെന്‍സിങ്ങില്‍ താഴെ ഭാഗത്തായി ചെറുമൃഗങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി വേലി സ്ഥാപിക്കും. 30 കീലോമീറ്റര്‍ കന്മതില്‍ നിര്‍മിക്കുന്നതിന് 47.4 കോടി രൂപയും, 4.5 കിലോമീറ്റര്‍ റെയില്‍ഫെന്‍സിങ് സ്ഥാപിക്കുന്നതിന് 8.75 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ രണ്ടര കിലോമീറ്റര്‍ ദൂരം കന്മതിലും 4.5 കിലോമീറ്റര്‍ റെയില്‍ഫെന്‍സിങ്ങും സ്ഥാപിക്കാനുമുള്ള രൂപരേഖയാണ് തയാറാക്കിയത്. ഊരാളുങ്കല്‍ സഹകരണ സൊസൈറ്റിയെ പദ്ധതി നിര്‍വഹണത്തിനായി സമീപിക്കാനാണ് നീക്കം. താൽക്കാലിക പരിഹാരമെന്ന നിലയില്‍ 95 സ്ഥലങ്ങളില്‍ ബൈപാസ് ട്രഞ്ച് നിര്‍മിക്കും. ആറര കിലോമീറ്റര്‍ ദൂരമാണ് ട്രഞ്ച് നിര്‍മിക്കുന്നത്. കിലോമീറ്റര്‍ ദൂരം ട്രഞ്ച് നിര്‍മിക്കുന്നതിന് ഏഴ് ലക്ഷം രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള ട്രഞ്ചുകളുടെ ആഴം കൂട്ടുന്നതിലുള്ള നടപടികളും സ്വീകരിക്കും. മാസത്തിനുള്ളില്‍ ടെൻഡര്‍ ചെയ്തതിന് ശേഷമാണ് ബാക്കി നടപടി സ്വീകരിക്കുക. ഇതിനുള്ള ഫണ്ട് വനം വകുപ്പി​െൻറ പ്ലാന്‍ ഫണ്ടില്‍നിന്ന് വകയിരുത്തും. വടക്കനാട് പ്രദേശങ്ങളില്‍ യൂനിഫോമ്ഡ് സ്റ്റാഫി​െൻറ സ്‌പെഷല്‍ ടീമിനെ രാത്രി പട്രോളിങ്ങിന് അയക്കും. പിടികൂടാനുള്ള ഉത്തരവ് ലഭിക്കുന്ന മുറക്ക് കൃഷിസ്ഥലങ്ങളില്‍ ഇറങ്ങുന്ന വടക്കനാട് കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടും. ബുധനാഴ്ച മുതല്‍ കുങ്കിയാനകളുടെ സ്‌ക്വാഡ് വടക്കനാട് പ്രദേശത്ത് രാത്രിയും പകലും ക്യാമ്പ് ചെയ്യും. ആനയെ തുരത്തുന്നതിനുള്ള റബര്‍ ബുള്ളറ്റ് ദൗത്യം തുടരുമെന്ന് ഡി.എഫ്.ഒ പറഞ്ഞു. യോഗത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡൻറ് ശോഭന്‍കുമാര്‍, പഞ്ചായത്തംഗം എന്‍.കെ. മോഹനന്‍, ഡി.എഫ്.ഒ എന്‍.ടി. സാജന്‍, ഫ്ലൈയിങ് സ്‌ക്വാഡ് ധനേഷ് കുമാര്‍, റേഞ്ചര്‍ ബാബുരാജ്, ഗ്രാമസമിതി അംഗങ്ങളായ ഫാ. ജോബി, യോഹന്നാന്‍, കരുണാകരന്‍ വെള്ളക്കെട്ട്, ബാബു, നിഖില്‍ എന്നിവര്‍ പങ്കെടുത്തു. വനപാലകരെ തടഞ്ഞുവെച്ച സംഭവം: പ്രതിഷേധവുമായി ജീവനക്കാർ രംഗത്ത് കൽപറ്റ: വടക്കനാട് മേഖലയിൽ വനംവകുപ്പ് ജീവനക്കാരെ അകാരണമായി മണിക്കൂറുകളോളം തടഞ്ഞുവെച്ച സംഭവത്തിൽ പ്രതിഷേധവുമായി വനംവകുപ്പ് ജീവനക്കാർ രംഗത്ത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ജീവനക്കാരെ തടഞ്ഞുവെക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്താൽ ജോലിയിൽനിന്നും വിട്ടുനിൽക്കുമെന്നും കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ നോർത്തേൺ സർക്കിൾ യോഗം വ്യക്തമാക്കി. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിലെ വടക്കനാട് പണയമ്പം ഭാഗത്ത് കാട്ടാന ഇറങ്ങിയിട്ടുണ്ടെന്നു പറഞ്ഞ് സ്റ്റാഫിനെ വിളിച്ചുവരുത്തി മണലാടിയിൽ െവച്ച് അന്യായമായി തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് പ്രശ്ന പരിഹാരത്തിനെത്തിയ കുറിച്യാട് അസി. വൈൽഡ് ലൈഫ് വാർഡൻ കെ. ബാബുരാജിനെ രാത്രി മുതൽ തുടർച്ചയായി 20 മണിക്കൂറോളം തടഞ്ഞുവെക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കാട്ടിലേക്ക് തുരത്തിയോടിക്കുന്നതിന് സ്ഥലത്തെത്തുന്ന വനംസംരക്ഷണ ജീവനക്കാരെ തടഞ്ഞുവെക്കുന്ന പ്രവണത ഏറുകയാണ്. ഇത് അവസാനിപ്പിക്കുന്നതിനുള്ള നടപടി ബന്ധപ്പെട്ടവർ സ്വീകരിച്ചില്ലെങ്കിൽ ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നത് ഉൾപ്പെടെയുള്ള പ്രതിഷേധ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നാണ് ജീവനക്കാരുടെ മുന്നറിയിപ്പ്. ഇത്തരം നടപടികൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനുള്ള നടപടികളും അധികൃതർ സ്വീകരിക്കണമെന്നും സെക്രട്ടറി എം. പത്മനാഭൻ, പ്രസിഡൻറ് വി. രതീശൻ എന്നിവർ ആവശ്യപ്പെട്ടു. 'മൃഗങ്ങളെ കാട്ടിലേക്ക് തുരത്തുന്നതിന് പൊലീസ് സംരക്ഷണം വേണം' സുൽത്താൻ ബത്തേരി: കാട്ടാന കൃഷിയിടത്തിൽ ഇറങ്ങിയതുമായി ബന്ധപ്പെട്ട് കുറിച്യാട് റേഞ്ചിലെ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച സംഭവത്തിൽ കേരള ഫോറസ്റ്റ് െപ്രാട്ടക്ടിവ് സ്റ്റാഫ് അസോസിയേഷൻ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണെങ്കിൽ പൊലീസ് സംരക്ഷണത്തോടെ മാത്രമേ വന്യമൃഗങ്ങളെ കാട്ടിലേക്ക് തിരികെ കയറ്റുന്ന ജോലികളിൽ ജീവനക്കാർ ഏർപ്പെടുകയുള്ളൂവെന്നും കേരള ഫോറസ്റ്റ് െപ്രാട്ടക്ടിവ് സ്റ്റാഫ് അസോസിയേഷൻ ജില്ല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡൻറ് എം. മനോഹരൻ, കമ്മിറ്റി അംഗം എ. നിജേഷ്, ജില്ല പ്രസിഡൻറ് കെ.കെ. സുന്ദരൻ, ജില്ല സെക്രട്ടറി കെ. ബീരാൻകുട്ടി, ജില്ല ട്രഷറർ പി.കെ. ജീവരാജ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എ.എൻ. സജീവൻ, പി. സഹദേവൻ, കെ.പി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.