കുപ്പിവെള്ളത്തിന്​ 12 രൂപ: പ്രഖ്യാപനം 'വെള്ളത്തിലായി​'

കോഴിക്കോട്: സംസ്ഥാനത്ത് ഒരു ലിറ്റര്‍ കുപ്പിവെള്ളം 12 രൂപക്ക് വില്‍ക്കാനുള്ള തീരുമാനം അട്ടിമറിക്കുന്നു. വിൽപനയിൽ മുൻനിരയിലുള്ള ബ്രാൻഡുകളും ചില വ്യാപാരികളും ചേര്‍ന്നാണ് തീരുമാനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ഏപ്രില്‍ രണ്ടു മുതല്‍ കേരളത്തില്‍ ബോട്ടില്‍ കുടിവെള്ളം ഒരു ലിറ്ററിന് 12 രൂപക്ക് ലഭിക്കുമെന്ന് കേരള ബോട്ടിൽ വാട്ടർ അസോസിയേഷനാണ് (കെ.ബി.ഡബ്ല്യു.എ) വാർത്തസമ്മേളനം നടത്തി അറിയിച്ചത്. എന്നാൽ, ഭൂരിഭാഗം കടകളിലും ലഭിക്കുന്നത് 20 രൂപയുടെ കുപ്പിവെള്ളം തന്നെയാണ്. തങ്ങളുടെ ലാഭം കുറയുമെന്ന കാരണത്താൽ എം.ആർ.പി വില 20 രേഖപ്പെടുത്താത്ത കമ്പനികളുടെ വെള്ളം വില്‍ക്കാന്‍ മിക്ക വ്യാപാരികളും തയാറാകുന്നില്ലെത്ര. ഉപഭോക്താക്കൾ കടകളിലെത്തി 12 രൂപയുടെ ഒരു ലിറ്റർ കുപ്പിവെള്ളം ചോദിക്കുേമ്പാൾ 20 രൂപയുടേതു മാത്രമേ സ്റ്റോക്കുള്ളുവെന്നാണ് മറുപടി. ചിലർ പറയുന്നത് പുതിയ വില രേഖപ്പെടുത്തിയ കുപ്പിവെള്ളം എത്തിത്തുടങ്ങിയിട്ടില്ലെന്നും. എന്നാൽ, കോഴിക്കോട് നഗരത്തിൽ വിൽപന നടത്തുന്ന മിക്ക കടകളിലും എപ്രിൽ മാസത്തെ തീയതി രേഖപ്പെടുത്തിയ കുപ്പിവെള്ളം തന്നെയാണ് 20 രൂപക്ക് വിൽക്കുന്നത്. അസോസിയേഷനിൽ രജിസ്റ്റര്‍ ചെയ്ത നൂറോളം കമ്പനികള്‍ ഒരുമിച്ചായിരുന്നു ഒരു ലിറ്റർ കുപ്പിവെള്ളത്തി​െൻറ പരമാവധി വില 12 രൂപയാക്കാൻ തീരുമാനിച്ചത്. അസോസിയേഷ​െൻറ ജനറൽ ബോഡിയിൽ തീരുമാനം വോട്ടിനിട്ടപ്പോൾ 75 ശതമാനത്തിലധികം പേരും വില കുറക്കണമെന്ന തീരുമാനത്തെയാണ് അംഗീകരിച്ചത്. നിലവിൽ ചില്ലറ വ്യാപാരികൾക്ക് ഒരു ലിറ്റർ വെള്ളത്തിന് 8 മുതൽ 12 രൂപവരെ ലാഭം കിട്ടുന്നുണ്ടെന്നും ഇൗ െകാള്ളലാഭം കുറച്ച് ഉപഭോക്താക്കൾക്ക് അനുകൂലമായ തീരുമാനമായിരുന്നു ലക്ഷ്യമെന്നും കെ.ബി.ഡബ്ല്യൂ.എ സംസ്ഥാന പ്രസിഡൻറ് ഇ.എം. മുഹമ്മദ് മാധ്യമത്തോട് പറഞ്ഞു. ഉപഭോക്താക്കളിൽനിന്ന് 12 രൂപയുടെ കുപ്പിവെള്ളത്തിനായി നിരന്തരമായി ആവശ്യം ഉയർന്നാലേ നിലവിലുള്ള സ്ഥിതിക്ക് മാറ്റമുണ്ടാകുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വ്യാപാരികൾ െകാള്ളലാഭമെടുക്കുന്നെന്ന പ്രചാരണം പൂർണമായും തെറ്റാണെന്നും കച്ചവടം കുറവുള്ള കമ്പനികളാണ് ഇതിനു പിന്നിലെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവഹികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.