ചികിത്സക്കൊപ്പം വിനോദവും; നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹൈടെക് പാർക്ക്​ ഒരുങ്ങുന്നു

കൽപറ്റ: മടുപ്പിക്കുന്ന ആശുപത്രി അന്തരീക്ഷം ഇനി നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് വിടപറയും. രോഗനിർണയവും ചികിത്സയും മാത്രമല്ല മാനസികോല്ലാസത്തിനുള്ള സംവിധാനങ്ങളുമൊരുങ്ങുകയാണ് വനമേഖലയിൽ പ്രവർത്തിക്കുന്ന ഇൗ ആരോഗ്യകേന്ദ്രത്തിൽ. വികസനത്തിൽ ഏറെ പിന്നാക്കം നിൽക്കുന്ന ഇവിടെ കുട്ടികൾക്കായി ഹൈടെക് പാർക്ക് നിർമിക്കും. ആശുപത്രി വളപ്പിൽ പ്രത്യേകം തയാറാക്കിയ ഇടങ്ങളിലാണ് 4,13,034 രൂപയുടെ വിനോദോപാധികൾ സ്ഥാപിക്കുക. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിൽഡ് ഇന്ത്യ എന്ന സ്ഥാപനത്തിനാണ് പാർക്കിൽ അത്യാധുനിക വിനോദോപാധികൾ സ്ഥാപിക്കാനുള്ള ചുമതല. മാർച്ചിൽ ടെൻഡർ ഓർഡർ ലഭിച്ചതു മുതൽ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവൃത്തികൾ നടക്കുകയാണ്. ഈ മാസം അവസാനത്തോടെ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പാർക്ക് തുറന്നുകൊടുക്കും. ഒരേസമയം ഏഴു കുട്ടികളെ ഉൾക്കൊള്ളുന്ന 2,24,715 രൂപയുടെ മൾട്ടി ആക്ടിവിറ്റി പ്ലേ സിസ്റ്റമാണ് പ്രധാന ആകർഷണം. ഒന്നര മീറ്റർ നീളമുള്ള വേവ് സ്ലൈഡ്, മെറി ഗോ റൗണ്ട് ആനിമൽ, സീസോ (10,240 രൂപ), സ്പ്രിങ് റൈഡൽ ഡക്ക്, വിക്ടോറിയ ബെഞ്ച്, ബ്രിഞ്ചാൽ ബിൻ, ട്രങ്ക് ബിൻ, ഒരേസമയം മൂന്നുപേർക്ക് ഇരിക്കാവുന്ന ഡീലക്സ് ഉൗഞ്ഞാൽ എന്നിവയാണ് പാർക്കിലെ മറ്റ് ആകർഷണങ്ങൾ. ആദിവാസി ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ അവരുടെ മക്കളെ ഉദ്ദേശിച്ചാണ് പാർക്ക് വിഭാവനം ചെയ്തതെന്ന് മെഡിക്കൽ ഓഫിസർ ഡോ. വി.പി. ദാഹർ മുഹമ്മദ് പറഞ്ഞു. ജില്ലയിൽ മറ്റെവിടെയും ഇത്തരം പാർക്കില്ലെന്നും പണം മുടക്കി വിനോദ കേന്ദ്രങ്ങളിൽ പോവാൻ കഴിയാത്ത ആദിവാസി കുട്ടികളുടെ മാനസികോല്ലാസത്തിന് പാർക്ക് ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി തടസ്സം പരിഹരിക്കുന്നതിനായി ഉയർന്ന കുതിരശക്തിയുള്ള ജനറേറ്ററും കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥാപിക്കും. സംസ്ഥാനത്താദ്യമായി ഇ-ഹെൽത്ത് സംവിധാനം നടപ്പാക്കിയ കുടുംബാരോഗ്യ കേന്ദ്രമാണ് നൂൽപുഴയിൽ പ്രവർത്തിക്കുന്നത്. വൈദ്യുതി മുടക്കം മൂലമുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കുന്നതി​െൻറ ഭാഗമായാണ് അഞ്ചുലക്ഷം ചെലവിൽ ജനറേറ്റർ സ്ഥാപിക്കുന്നത്. ആശുപത്രിയിൽ സ്ഥാപിക്കുന്ന ജനറേറ്റർ ഉദ്ഘാടനം മന്ത്രിസഭ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കും. ആർദ്രം പദ്ധതി പ്രകാരം ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് നൂൽപുഴ പി.എച്ച്.സിയെ കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ചത്. നൂൽപുഴ പഞ്ചായത്ത് 1.38 ലക്ഷം ഇതിനായി ചെലവിട്ടു. ഇ-ഹെൽത്ത് ഹാർഡ്വെയർ സംവിധാനമൊരുക്കാനായി 15 ലക്ഷം രൂപയാണ് ചെലവഴിച്ചത്. കേന്ദ്രത്തിലെത്തുന്ന രോഗികൾക്ക് ഒ.പി ടിക്കറ്റിനൊപ്പം യുനീക് ഹെൽത്ത് കാർഡും നൽകുന്നു. രോഗിയെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തുന്നതുവഴി തുടർചികിത്സ എളുപ്പമാക്കാൻ കഴിയുന്നുണ്ടെന്ന് മെഡിക്കൽ ഓഫിസർ പറഞ്ഞു. സാധാരണക്കാർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ടെലിമെഡിസിൻ സംവിധാനവും ഇവിടെയുണ്ട്. ലബോറട്ടറി മോഡുലാർ ഫർണിച്ചർ, ഹെമറ്റോളജി-യൂറിൻ അനലൈസറുകൾ, ഫ്ലൂറസൻസ് മൈേക്രാസ്കോപ് തുടങ്ങിയ ഉപകരണങ്ങൾ എന്നിവ ലാബിൽ സജ്ജമാണ്. ആദിവാസി വിഭാഗത്തിലെ ഗർഭിണികൾക്കായി 'പ്രതീക്ഷ' ഗർഭകാല പരിചരണകേന്ദ്രവും ഇവിടെ പ്രവർത്തിക്കുന്നു. മന്ത്രിസഭ വാർഷികം: ഒരാഴ്ച പ്രദർശന മേള കൽപറ്റ: സംസ്ഥാന സർക്കാറി​െൻറ രണ്ടാം വാർഷികാഘോഷം മേയ് ഒന്നു മുതൽ 31 വരെ വിവിധ പരിപാടികളോടെ ജില്ലയിൽ നടക്കും. ഒരാഴ്ച കൽപറ്റ എസ്.കെ.എം.ജെ സ്കൂൾ മൈതാനത്ത് പ്രത്യേക പ്രദർശനമേള സംഘടിപ്പിക്കും. 80 സ്റ്റാളുകൾ ഇവിടെ വിവിധ സർക്കാർ വകുപ്പുകൾ പൊതുജനങ്ങൾക്കായി ഒരുക്കും. സെമിനാറുകൾ, സാംസ്കാരിക പരിപാടികൾ എന്നിവയും ഉണ്ടാകും. വകുപ്പു മന്ത്രിമാർ മന്ത്രിസഭ വാർഷികത്തോടനുബന്ധിച്ച് ജില്ലയിലെത്തും. തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്കാണ് ജില്ലയിലെ വാർഷികാഘോഷങ്ങളുടെ ചുമതല. പൂർത്തിയായ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇതി​െൻറ ഭാഗമായി നടക്കും. മേയ് ഒന്നു മുതൽ സ്കൂൾ കുട്ടികൾക്കുള്ള പാഠപുസ്തക വിതരണം, യൂനിഫോം വിതരണം, വൃക്ഷത്തെ വിതരണം എന്നിവ നടക്കും. പ്രദർശന നഗരിയിലെ സാംസ്കാരിക പരിപാടിയിൽ ജില്ലയിൽ നിന്നുള്ള കലാകാരന്മാർക്കും കലാസംഘങ്ങൾക്കും പങ്കാളിത്തം നൽകും. ഗോത്രകലാരൂപങ്ങൾ, കുടുംബശ്രീ പ്രവർത്തകരുടെ വിവിധ പരിപാടികൾ, സെമിനാറുകൾ എന്നിവയും ഉണ്ടാകും. കുടുംബശ്രീ 40 സ്റ്റാളുകൾ സജ്ജീകരിക്കും. ടൂറിസം വകുപ്പ് പ്രത്യേക സ്റ്റാളൊരുക്കും. കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വാർഷികാഘോഷ നടത്തിപ്പിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എന്നിവർ രക്ഷാധികാരികളായി സംഘാടക സമിതി രൂപവത്കരിച്ചു. ജില്ല കലക്ടർ ചെയർമാനും ജില്ല ഇൻഫർമേഷൻ ഓഫിസർ ജനറൽ കൺവീനറുമായിരിക്കും. ത്രിതല പഞ്ചായത്ത് അധ്യക്ഷൻമാർ, കുടുംബശ്രീ മിഷൻ കോഒാഡിനേറ്റർ എന്നിവർ വൈസ് ചെയർമാൻമാരായിരിക്കും. വിവിധ രാഷ്ട്രീയ പാർട്ടികളുടെ അധ്യക്ഷൻമാരെ ജോയൻറ് കൺവീനർമാരായും തിരഞ്ഞെടുത്തു. വിവിധ വകുപ്പുതല ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ച് സബ്കമ്മിറ്റികൾ രൂപവത്കരിക്കാനും തീരുമാനമായി. ഇൗ മാസം 13ന് രാവിലെ 9.30ന് കലക്ടറേറ്റിൽ സ്വാഗതസംഘം ഭാരവാഹികളുടെ യോഗം ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.