കൽപറ്റ: എസ്.എസ്.എൽ.സി. പരീക്ഷ എഴുതാൻ കഴിയാത്ത മൂന്നു ആദിവാസി വിദ്യാർഥികൾക്ക് സേ പരീക്ഷയോടൊപ്പം എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്നതിനായി ജില്ല കലക്ടർ എസ്. സുഹാസ് ശിപാർശക്കത്ത് നൽകി. പരീക്ഷ എഴുതുന്നതിനായി മൂന്നു വിദ്യാർഥികൾക്കും ഒരു അവസരം കൂടി നൽകുന്നത് പരിഗണിക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് ശിപാർശ കത്ത് നൽകിയത്. നീർവാരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി. വിജയശതമാനം ഉയർത്താനായി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട മൂന്നു വിദ്യാർഥികളെ പരീക്ഷ എഴുതിച്ചില്ലെന്ന് മാധ്യമവാർത്തകളെ തുടർന്നാണ് നടപടി. സംഭവത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു. മനഃപൂർവം വിദ്യാർഥികളെ പരീക്ഷ എഴുതുന്നത് തടഞ്ഞിട്ടില്ലെന്നും ഹാജർനില കുറവായതിനാലാണ് പരീക്ഷ എഴുതാൻ കഴിയാതെ പോയതെന്നുമാണ് അന്വേഷണ റിപ്പോർട്ട്. എന്നാൽ, തങ്ങൾക്ക് പരീക്ഷ എഴുതാൻ അവസരം നൽകണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടതിനാൽ പട്ടികവർഗക്കാരായ വിദ്യാർഥികളുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ശിപാർശക്കത്ത് നൽകിയതെന്ന് ജില്ല കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.