*അടച്ചുപൂട്ടിയ ക്വാറികളിലെ വെള്ളക്കെട്ടുകൾ സംരക്ഷിക്കണമെന്ന ആവശ്യമുയരുന്നു അമ്പലവയൽ: പ്രദേശത്ത് പാറ പൊട്ടിച്ച് ക്വാറികളിൽ രൂപപ്പെട്ട വലിയ ക്വാറിക്കുളങ്ങൾ സംരക്ഷിച്ചുനിർത്തണമെന്ന ആവശ്യം ഉയരുന്നു. ജലക്ഷാമം രൂക്ഷമാകുമ്പോൾ മഴവെള്ളത്തിലൂടെയും ഉറവകളിലൂടെയും ജലസമൃദ്ധമായി മാറിയ ഇവ തോട്ടങ്ങൾ നനക്കാനും ശുദ്ധീകരിച്ച് കുടിവെള്ളമായി ഉപയോഗിക്കാനുമൊക്കെ ഉപയോഗിക്കാം. എന്നാൽ, ഇപ്പോൾ ഒരു സുരക്ഷയുമില്ലാതെ വെറുതെ കിടക്കുകയാണിവ. കുളങ്ങളെ സംരക്ഷിച്ചാൽ ചുരുങ്ങിയ പക്ഷം ആ പ്രദേശത്തെ ജലക്ഷാമമെങ്കിലും പരിഹരിക്കാൻ കഴിയുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ. റവന്യൂ ക്വാറികളും സ്വകാര്യ ക്വാറികളുമായി മുപ്പത്തിരണ്ടോളം ക്വാറികളാണ് അമ്പലവയൽ മേഖലയിൽ പ്രവർത്തിച്ചിരുന്നത്. പ്രദേശത്ത് ഭൂരിഭാഗം ക്വാറികളും ആയിരം കൊല്ലി കേന്ദ്രീകരിച്ചായിരുന്നു. കലക്ടറുടെ ഉത്തരവോടെ ഇവയൊക്കെ അടച്ചുപൂട്ടി. ഇന്ന് വെള്ളക്കെട്ടുകൾ നിറഞ്ഞ ഈ ക്വാറിക്കുളങ്ങൾ സ്ഥിതിചെയ്യുന്ന ചീങ്ങേരി കോളനി ഭാഗങ്ങളിൽ നേരത്തെ നീർച്ചാലുകൾ ഒഴുകിയിരുന്നു. എന്നാൽ, ക്വാറികൾ പ്രവർത്തി തുടങ്ങിയതോടെ നീർച്ചാലുകളെല്ലാം ഇല്ലാതായി. ഉറവകളിൽനിന്നുള്ള വെള്ളം വലിയ നീർച്ചാലുകളായി കബനിയുടെ കൈവഴികളിലേക്ക് എത്തിച്ചേരുമായിരുന്നു. എന്നാൽ, ഇന്ന് ഈ നീർച്ചാലുകളും തോടുകളും ഇവിടെനിന്ന് അപ്രത്യക്ഷമാകുകയും ക്വാറിക്കുളങ്ങൾ മാത്രമാകുകയും ചെയ്തു. ആയിരം കൊല്ലിയിലെ ക്വാറിക്കുളങ്ങളിൽ മാത്രം കോടിക്കണക്കിന് ലിറ്റർ ജലമാണ് കെട്ടികിടക്കുന്നത്. ഇവ സാമൂഹിക വിരുദ്ധർ മദ്യപാനത്തിനും മറ്റുമായെത്തി മലിനമാക്കുകയാണിപ്പോൾ. കൂടാതെ, സംരക്ഷണമില്ലാത്തതിനാൽ ഒഴുകിയെത്തുന്ന മാലിന്യങ്ങളാലും സമീപപ്രദേശങ്ങളിലെ വാടക താമസക്കാരടക്കം കൊണ്ടുതള്ളുന്ന മാലിന്യങ്ങളാലും നിറയുകയാണ്. ഇത്തരം കാര്യങ്ങൾ തടയാനായാൽ ഈ തെളിനീരുറവ കുടിവെള്ളമായി പോലും ഉപയോഗിക്കാം. മൂന്ന് ഭാഗങ്ങളും പാറക്കൂട്ടങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ ജലം സംഭരിക്കാനും ശുദ്ധീകരിക്കാനും എളുപ്പമാണ്. ഇത്തരത്തിൽ ജലം സംഭരിച്ച് വരൾച്ചക്കാലത്ത് ഉപയോഗിക്കാനായാൽ കുറഞ്ഞ ചിലവിൽ ജനങ്ങൾക്ക് വെള്ളം ലഭിക്കും. ഈ ജലാശയങ്ങളെ മീൻ വളർത്തുന്നതിനോ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനോ ഉപയോഗിച്ചാൽ പ്രദേശവാസികളായ തൊഴിൽ രഹിതരായ നിരവധി പേർക്ക് തൊഴിൽ നൽകാൻ കഴിയും. മുൻ കലക്ടറായിരുന്ന വി. കേശവേന്ദ്രകുമാർ അമ്പലവയൽ പ്രദേശം സന്ദർശിക്കുകയും റവന്യൂ ഭൂമിയിലെ മുഴുവൻ സ്ഥലങ്ങളും വിനോദസഞ്ചാര മേഖലക്ക് ഉപയോഗപ്പെടുത്തുന്ന രീതിയിൽ മാറ്റിയെടുക്കുന്നതിനായി നടപടിക്കൈക്കൊള്ളാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. IMPORTANT SUNWDL11, SUNWDL12 ആയിരകൊല്ലിയിലെ ക്വാറിക്കുളങ്ങളുടെ ദൃശ്യങ്ങൾ SUNWDL13 ആയിരംകൊല്ലിയിലെ ക്വാറിക്ക് സമീപത്തുനിന്നുള്ള ഫാൻറം റോക്കിെൻറ ദൃശ്യം -------------------------------------------------------------------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.