ആശുപത്രിയില്‍ വെള്ളമെത്തിക്കാൻ സംവിധാനമില്ലാത്തതിനാലാണ് പദ്ധതി നടപ്പാക്കാന്‍ കഴിയാത്തത് വട്ടോളിബസാർ: കോഴിക്കോട് ജില്ല പഞ്ചായത്ത് 'കരുണ' പദ്ധതിയുടെ ഭാഗമായി തെരുവുനായ് വന്ധ്യംകരണത്തിന് സജ്ജമാക്കിയ വട്ടോളിബസാറിലെ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായെങ്കിലും പ്രവര്‍ത്തനം തുടങ്ങിയില്ല. ജില്ല പഞ്ചായത്ത് രൂപംനല്‍കിയ അനിമല്‍ ബര്‍ത്ത് കൺട്രോള്‍ (എ.ബി.സി) പദ്ധതിയുടെ ഭാഗമായാണ് ഇവിടെ സെൻറര്‍ ആരംഭിച്ചത്. കൊട്ടിഘോഷിച്ച് ഉദ്ഘാടനം സംഘടിപ്പിച്ച് പ്രഖ്യാപനങ്ങള്‍ നടത്തി പോയതല്ലാതെ തുടർ നടപടികള്‍ നടന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ച് 21നാണ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി കേന്ദ്രം ഉദ്ഘാടനം ചെയ്തത്. വന്ധ്യംകരണം നടത്താനാവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കുകയും നായ്ക്കളെ സംരക്ഷിക്കുന്ന കൂട്, ഓപറേഷന്‍ തിയറ്റര്‍ എന്നിവ സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ആശുപത്രിയില്‍ വെള്ളമെത്തിക്കാനുള്ള സംവിധാനമൊരുക്കാത്തതാണ് പദ്ധതിക്ക് തിരിച്ചടിയായി. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഈ മൃഗാശുപത്രിയിൽ വെള്ളമെത്തിക്കാനുള്ള സൗകര്യമൊരുക്കാന്‍പോലും അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'അനിമല്‍ റൈറ്റ് ഫണ്ട്' എന്ന സര്‍ക്കാറിതര സന്നദ്ധ സംഘടനക്കാണ് ഇതിെൻറ പ്രവര്‍ത്തന ചുമതല നല്‍കിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ സഹകരണത്തോടെ മൃഗസംരക്ഷണ വകുപ്പിെൻറ കീഴിലാണ് പദ്ധതി നടപ്പാക്കുകയെന്നും പഞ്ചായത്ത് പ്രസിഡൻറ്, സീനിയര്‍ വെറ്ററിനറി സർജന്‍ എന്നിവര്‍ മേല്‍നോട്ടം വഹിക്കുമെന്നുമായിരുന്നു പ്രഖ്യാപനം. അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി കേന്ദ്രത്തിലെത്തിച്ച് നിരീക്ഷിച്ച് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി, റാബീസ് വാക്സിനേഷന്‍ നല്‍കി പിടികൂടിയ പ്രദേശത്ത് കൊണ്ടുവിടാനായിരുന്നു പദ്ധതി. തെരുവുനായ് ശല്യം രൂക്ഷമായ നന്മണ്ട, കാക്കൂർ, നരിക്കുനി, ഉണ്ണികുളം, പനങ്ങാട്, ബാലുശ്ശേരി, കോട്ടൂർ, ഉേള്ള്യരി എന്നിവയാണ് ഈ സെൻററിനു കീഴില്‍ വരുന്ന പഞ്ചായത്തുകൾ. ഈ പ്രദേശങ്ങളിലെ പ്രധാന ടൗണുകളിലൊക്കെ നായ്ശല്യം രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.