ബാലാവകാശ കമീഷൻ ഉത്തരവ് നടപ്പാക്കാൻ കെ.എസ്.ആർ.ടി.സിക്ക്​ വിമുഖത

കൊടുവള്ളി: കെ.എസ്.ആർ.ടി.സി ബസുകൾ മാത്രം സർവിസ് നടത്തുന്ന ഉൾനാടൻ റൂട്ടുകളിൽ വിദ്യാർഥികൾക്ക് യാത്രസൗജന്യം അനുവദിക്കണമെന്ന ബാലാവകാശ കമീഷൻ ഉത്തരവ് നടപ്പാക്കാൻ സർക്കാർ ഇതുവരെയും തയാറായില്ല. ബൈ റൂട്ടിൽ വിദ്യാർഥികൾക്ക് യാത്രസൗജന്യം അനുവദിക്കാൻ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിച്ച് രണ്ട് വർഷം മുമ്പാണ് ബാലാവകാശ കമീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവി​െൻറ പകർപ്പ് അന്ന് കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർക്കും സർക്കാറിനും കമീഷൻ അയച്ചിരുന്നു. ജില്ലയിൽ ദേശസാത്കൃത റൂട്ടായ ദേശീയപാത 212ൽ നരിക്കുനി ഭാഗത്തുള്ള വിദ്യാർഥികൾക്ക് പടനിലം ജങ്ഷൻ വരെയും മുക്കം ഭാഗത്തുള്ളവർക്ക് കുന്ദമംഗലം വരെയും ഓമശ്ശേരി ഭാഗത്തുള്ളവർക്ക് കൊടുവള്ളി വരെയും മാത്രമാണ് കെ.എസ്.ആർ.ടി.സി ബസുകളിൽ ഇപ്പോൾ കൺസഷൻ അനുവദിക്കുന്നുള്ളൂ. ഇത് പെൺകുട്ടികളടക്കമുള്ള വിദ്യാർഥികൾക്ക് രണ്ടിലേറെ ബസിൽ കയറിയോ അധിക പണം നൽകിയോ യാത്ര ചെയ്യേണ്ട സ്ഥിതിയാണ് വരുത്തുന്നത്. പ്രധാനമായും കെ.എസ്.ആർ.ടി.സി ബസുകളെ മാത്രം ആശ്രയിക്കേണ്ടി വരുന്ന കുന്ദമംഗലം മുതൽ എരഞ്ഞിപ്പാലം, നടക്കാവ് വരെയുള്ള വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന നൂറുകണക്കിന് വിദ്യാർഥികളാണ് പ്രയാസപ്പെടുന്നത്. യാത്രാപ്രശ്നത്തിന് പരിഹാരമായി ബാലാവകാശ കമീഷൻ നിർദേശം നടപ്പാക്കാൻ സർക്കാർ തയാറാവണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇതു സംബന്ധമായി കാരാട്ട് റസാക്ക് എം.എൽ.എ മുഖേന ആരാമ്പ്രം ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ ഒന്നര വർഷം മുമ്പ് മുഖ്യമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം സമർപ്പിച്ചിരുന്നുവെങ്കിലും പിന്നീട് തുടർനടപടിയൊന്നുമുണ്ടായിട്ടില്ല. എത്രയും വേഗത്തിൽ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.