ആയഞ്ചേരി: രണ്ടു പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം തകർന്നത് നാട്ടുകാർക്ക് ദുരിതമായി. ആയഞ്ചേരി, വേളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തെക്കയിൽപൊയിൽ മരപ്പാലമാണ് തകർന്നത്. തുലാറ്റുംനട-മീൻപാലം തോടിെൻറ കുറുകെ മരത്തടികളുപയോഗിച്ച് നാട്ടുകാർ പണിത പാലമാണിത്. രണ്ടുവർഷം മുമ്പ് നിർമിച്ച പാലത്തിെൻറ തടികൾ ദ്രവിക്കുകയും തോട്ടിലേക്ക് മുറിഞ്ഞുവീഴുകയുമായിരുന്നു. ഇപ്പോൾ ദ്രവിച്ച രണ്ട് തടിക്കഷണങ്ങളാണുള്ളത്. ഇതുവഴി നടന്ന് അക്കരെ എത്തണമെങ്കിൽ അഭ്യാസം പഠിക്കേണ്ട സ്ഥിതിയാണ്. ടെലിഫോൺ പോസ്റ്റിൽ തൂക്കിയിട്ടിരിക്കുകയാണ് തടികൾ. ഇവ ഏതു നിമിഷവും വെള്ളത്തിൽ വീണേക്കാം. മുമ്പ് ചെറിയ പാലമായിരുന്നു ഉണ്ടായിരുന്നത്. കോൾനില വികസനത്തിെൻറ ഭാഗമായി തോടിന് ആഴവും വീതിയും കൂടിയപ്പോഴാണ് വലിയ മരപ്പാലം ആവശ്യമായി വന്നത്. പദ്ധതിയുടെ ഭാഗമായി ഇവിടെ കോൺക്രീറ്റ് പാലം വരുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ നാട്ടുകാർ മുൻകൈയെടുത്ത് ആയഞ്ചേരി ഗ്രാമപഞ്ചായത്തിെൻറ സഹകരണത്തോടെ പാലം നിർമിക്കുകയായിരുന്നു. പാലം വന്നത് ആയഞ്ചേരി, വേളം പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഏറെ ഉപകാരമായിരുന്നു. പാലം തകർന്നതോടെ പാലോടിക്കുന്ന്, മുതുവനക്കുന്ന്, നമ്പാംവയൽ, ആയഞ്ചേരി ടൗൺ, മുക്കടത്തുവയൽ എന്നിവിടങ്ങളിലെത്താൻ ഏറെ ദൂരം വാഹനത്തിൽ പോകണം. പാലോടിക്കുന്ന് ഭാഗത്തുള്ള കുട്ടികൾ ഈ പാലം വഴിയാണ് ചീക്കിലോട് യു.പി സ്കൂളിലെത്തുന്നത്. മരപ്പാലം പുനർ നിർമിക്കണമെന്നും കോൺക്രീറ്റ് പാലം നിർമിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.