ഉള്ള്യേരി: മതിയായ പാര്‍ക്കിങ് സൗകര്യം ഇല്ലാത്തതും റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞു കുഴികളായതും ഉള്ള്യേരി അങ്ങാടിയിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. കൊയിലാണ്ടി---താമരശ്ശേരി റോഡും കുറ്റ്യാടി---കോഴിക്കോട് റോഡും കൂടിച്ചേരുന്ന ടൗൺ ജങ്ഷനില്‍ റോഡു നിറയെ കുഴികളാണ്. ഈ ഭാഗത്ത് മതിയായ വീതിയും ഇല്ല. ആംബുലന്‍സുകള്‍പോലും ഈ ഭാഗത്ത് ഗതാഗതക്കുരുക്കില്‍പെടാറുണ്ട്. ഇരുചക്ര വാഹനങ്ങളും കാറുകളും തോന്നിയ സ്ഥലങ്ങളില്‍ നിര്‍ത്തിയിടുന്നതും അറ്റകുറ്റപ്പണികള്‍ക്കായി വാഹനങ്ങള്‍ റോഡരികില്‍ ഏറെനേരം നിര്‍ത്തിയിടുന്നതും ഇവിടെ പതിവാണ്. സ്റ്റാൻഡിലേക്ക് ബസുകള്‍ കയറുന്ന കൊയിലാണ്ടി റോഡിലാണ് ഓട്ടോ പാര്‍ക്ക് ചെയ്യുന്നത്. ഈ ഭാഗത്ത് റോഡിെൻറ പകുതിഭാഗം പൂർണമായും പൊട്ടിപ്പൊളിഞ്ഞു വലിയ കുഴിയായിട്ടുണ്ട്. കുഴി ഒഴിവാക്കാന്‍ തെറ്റായ ദിശയില്‍ വാഹനങ്ങള്‍ കയറ്റുന്നതുമൂലം ഈ ഭാഗത്ത് ഗതാഗതതടസ്സം പതിവാണ്. ഉള്‍നാടുകളിലേക്ക് സര്‍വിസ് നടത്തുന്ന ജീപ്പുകളും റോഡരികിലാണ് പാര്‍ക്ക് ചെയ്യുന്നത്. സ്റ്റാൻഡില്‍നിന്നും ബസുകള്‍ പുറത്തേക്ക് പോകുന്ന പേരാമ്പ്ര റോഡില്‍ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നത് പലപ്പോഴും പ്രയാസങ്ങളുണ്ടാക്കാറുണ്ട്. പല കച്ചവടസ്ഥാപനങ്ങള്‍ക്കും മതിയായ പാര്‍ക്കിങ് സൗകര്യമില്ല. ചില ഷോപ്പിങ് കോംപ്ലക്സുകള്‍ കെട്ടിടനമ്പര്‍ ലഭിച്ചശേഷം കച്ചവടം പാര്‍ക്കിങ് ഏരിയയില്‍ താല്‍ക്കാലിക നിർമാണപ്രവര്‍ത്തികള്‍ നടത്തുന്ന സാഹചര്യവുമുണ്ട്. ഇതോടെ വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തേണ്ടിവരുന്നു. ഉള്ള്യേരിയില്‍ ഓട്ടോ- ടാക്സി സ്റ്റാൻഡ് നിർമാണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈസ്റ്റ് മുക്ക് ജങ്ഷനിലാണ് ഗുഡ്സ് ഓട്ടോകള്‍ അടക്കമുള്ള ചരക്കു വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. ഏറെ അപകടമുണ്ടാവാറുള്ള ഭാഗംകൂടി ആണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.