മീസിൽസ്-റുബെല്ല നിർമാർജന കാമ്പയിൻ വിജയിപ്പിക്കണം -ശിൽപശാല കോഴിക്കോട്: വാട്സ്ആപ്പിലും മറ്റും പങ്കുവെക്കപ്പെടുന്ന വ്യാജപ്രചാരണങ്ങളിൽ വശംവദരാവാതെ രാജ്യത്ത് മീസിൽസും റുബെല്ലയും നിർമാർജനം ചെയ്യാനുള്ള കാമ്പയിൻ വിജയിപ്പിക്കണമെന്ന് ജില്ല ആരോഗ്യവകുപ്പ് സംഘടിപ്പിച്ച മാധ്യമ ശിൽപശാല ആവശ്യപ്പെട്ടു. കുത്തിവെപ്പ് ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും, കുത്തക കമ്പനികളുടെ പരീക്ഷണമാണ്, ജനസംഖ്യ നിയന്ത്രണമാണ് ലക്ഷ്യം തുടങ്ങിയ തെറ്റായ വസ്തുതകളാണ് വ്യാപകമായി പ്രചരിക്കപ്പെടുന്നത്. രാജ്യത്ത് പ്രതിവർഷം 40,000ത്തിലേറെ കുട്ടികളുടെ മരണത്തിനിടയാക്കുന്ന അഞ്ചാംപനിയും ആയിരക്കണക്കിന് കുട്ടികൾക്ക് ജന്മവൈകല്യം സമ്മാനിക്കുന്ന ജർമൻ മീസിൽസും തുടച്ചുമാറ്റുന്ന സാമൂഹിക പ്രതിബദ്ധതയുള്ള കാമ്പയിനിൽ എല്ലാ രക്ഷിതാക്കളും പങ്കുചേരണമെന്നും ശിൽപശാല ആവശ്യപ്പെട്ടു. ജില്ലയിൽ 90 ശതമാനത്തോളം സ്കൂളുകളിൽ ഇതേക്കുറിച്ചുള്ള ബോധവത്കരണ പി.ടി.എ യോഗങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ ശിൽപശാലയിൽ അധ്യക്ഷത വഹിച്ചു. ലോകാരോഗ്യ സംഘടനയുെട സർവൈലൻസ് മെഡിക്കൽ ഓഫിസർ ഡോ. ആർ. ശ്രീനാഥ് കാമ്പയിനെക്കുറിച്ച് വിശദീകരിച്ചു. ആർ.സി.എച്ച് ഓഫിസർ ഡോ. സരള നായർ വിഷയാവതരണം നടത്തി. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ ശിശുരോഗ വിദഗ്ധൻ ഡോ. മോഹൻദാസ് നായർ സംശയ നിവാരണം നടത്തി. എൻ.എച്ച്.എം പ്രോഗ്രാം മാനേജർ ഡോ. ഇ. ബിജോയ്, ലയൺസ് ക്ലബ് ഭാരവാഹി കെ. അബ്ദുൽ ബഷീർ എന്നിവർ സംസാരിച്ചു. ജില്ല മാസ് മീഡിയ ഓഫിസർ പി.എ. സന്തോഷ് കുമാർ സ്വാഗതവും ഡെപ്യൂട്ടി ഓഫിസർ ബേബി നാപ്പള്ളി നന്ദിയും പറഞ്ഞു. മീസിൽസ്-റുബെല്ല: അറിയേണ്ടതെല്ലാം കുഞ്ഞിെൻറ മരണത്തിനോ അംഗവൈകല്യത്തിനോ കാരണമായേക്കാവുന്ന രോഗമാണ് മീസിൽസ് (അഞ്ചാംപനി). ലോകത്ത് ഓരോ ദിവസവും 360 കുട്ടികൾ ഈ രോഗത്താൽ മരണമടയുന്നു. ഇതിൽ 160 പേർ ഇന്ത്യക്കാരാണ്. ഈ അസുഖം ന്യൂമോണിയ, വയറിളക്കം, മറ്റുഗുരുതരമായ തകരാറുകൾ എന്നിവക്ക് കാരണമാവുന്നുണ്ട്. ഗർഭകാലത്തുണ്ടാകുന്ന റുബെല്ല മൂലം കുഞ്ഞുങ്ങൾക്ക് അന്ധത, ബധിരത, ബുദ്ധിമാന്ദ്യം, ഹൃദയവൈകല്യം തുടങ്ങിയവ ഉണ്ടാകുന്നു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ലോകത്തുനിന്നും 2020ഓടെ ഈ അസുഖങ്ങൾ തുടച്ചുനീക്കുന്നതിെൻറ ഭാഗമായാണ് രാജ്യത്തും കുത്തിവെപ്പ് കാമ്പയിൻ നടത്തുന്നത്. ഇന്ത്യയിൽ 41 കോടി കുട്ടികളെയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. ഒമ്പത് സംസ്ഥാനങ്ങളിലെ ആറ് കോടിയോളം കുട്ടികൾക്ക് ഇതിനകം കുത്തിവെപ്പ് നൽകിക്കഴിഞ്ഞു. പദ്ധതിയുടെ രണ്ടാംഘട്ട കാമ്പയിനാണ് സംസ്ഥാനത്ത് തുടക്കം കുറിക്കുന്നത്. ജില്ലാതല ഉദ്ഘാടനം മൂന്നിന് രാവിലെ 10ന് കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. തുടർന്നുള്ള അഞ്ചാഴ്ചകൾക്കിടെ ഒമ്പത് മാസം മുതൽ 15 വയസ്സ് വരെയുള്ള മുഴുവൻ കുട്ടികൾക്കും കുത്തിവെപ്പ് നൽകും. അഞ്ചാഴ്ചയോളം കുത്തിവെപ്പ് നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.