പേരാമ്പ്ര: കേന്ദ്രസർക്കാറിെൻറ സബ്സിഡി ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് ജൈവവളം വിതരണം നടത്തി തട്ടിപ്പുനടത്തുന്ന നാലംഗ സംഘത്തെ പേരാമ്പ്ര പൊലീസ് പിടികൂടി. സംസ്ഥാന വ്യാപകമായി ഇവർ തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു. തിരുവനന്തപുരം വെള്ളറട സുകുമാരി വിലാസം രാം വിൽസൺ (46), ആലപ്പുഴ വലിയകുളങ്ങര കിഴക്കയിൽ ജയകൃഷ്ണൻ (27), മാവേലിക്കര തട്ടാരമ്പലം സൗപർണികയിൽ വിവേക് (25), കൊല്ലം കല്ലിൽ ആശ്രമം രമേശ് കുമാർ (28)എന്നിവരാണ് പിടിയിലായത്. 3300 രൂപ വിലവരുന്ന 150 കിലോ വളം വാങ്ങിയിട്ട് വിവിധ കർഷകസ്ഥാപനങ്ങൾക്ക് 29,500 രൂപക്ക് വിൽപന നടത്തുകയാണ് ഇവർ ചെയ്യുന്നത്. ഈ തുകക്ക് വളം വാങ്ങിയാൽ കേന്ദ്രസർക്കാറിെൻറ 1.60 ലക്ഷം രൂപ സബ്സിഡിയായി ബാങ്ക് അക്കൗണ്ടിൽ വരുമെന്ന് പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. പേരാമ്പ്ര സെൻറ് ഫ്രാൻസിസ് അസീസി ദേവാലയം വികാരി നൽകിയ പരാതിയിലാണ് നാലംഗസംഘത്തെ പേരാമ്പ്ര എസ്.ഐ വി. സിജിത്ത് അറസ്റ്റ് ചെയ്തത്. ആദ്യം ഫോണിലാണ് വികാരിയെ ബന്ധപ്പെടുന്നത്. സംശയം തോന്നിയ വികാരി പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസ് നിർദേശപ്രകാരം വളവുമായെത്താൻ സംഘത്തോട് നിർദേശിക്കുകയായിരുന്നു. കൊച്ചിൻ അഗ്രികൾചറൽ റിസർച് കമ്പനിയുടെ വ്യാജ രസീതുണ്ടാക്കി മൂന്നുവർഷമായി സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ തട്ടിപ്പു നടത്തുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഫറോക്കിൽ ഒരു ലോഡ്ജ് കേന്ദ്രീകരിച്ചാണ് ഇവർ തട്ടിപ്പു നടത്തുന്നത്. ഫറോക്കിൽ പ്രതികൾ താമസിക്കുന്ന ലോഡ്ജിൽനിന്നും തട്ടിപ്പു നടത്തിയ വിവരങ്ങളടങ്ങിയ രേഖകൾ പൊലീസ് പരിശോധിച്ചു. കണ്ണൂർ പള്ളിക്കുന്നിലെ സേവാ സദൻ മന്ദിരത്തിൽനിന്ന് സമാനമായ രീതിയിൽ തട്ടിപ്പു നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. വയനാട്, താമരശ്ശേരി ഭാഗങ്ങളിലും തട്ടിപ്പ് നടന്നതായി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.