കോഴിക്കോട്: അടുത്തടുത്തായി 16 ക്വാറികളുണ്ടെന്നും ഇവയിൽനിന്നുള്ള പൊടിയും ശബ്ദവും കാരണം പ്രദേശത്ത് ജീവിതം അതീവദുസ്സഹമാണെന്നും കാണിച്ച് പരിസ്ഥിതിസംരക്ഷണസമിതി മുക്കം മേഖലകമ്മിറ്റി പരാതി നൽകി. കലക്ടറേറ്റിൽ പരിസ്ഥിതി സംബന്ധിച്ച നിയമസഭസമിതി നടത്തിയ സിറ്റിങ്ങിൽ ചെയർമാൻ മുല്ലക്കര രത്നാകരൻ എം.എൽ.എക്കാണ് പരാതി നൽകിയത്. കാരശ്ശേരി പഞ്ചായത്തിലെ മൈസൂർമല വാർഡിലെ പാറത്തോട് പ്രദേശവാസികളാണ് ക്വാറികൾ കാരണം ദുരിതത്തിലായത്. 1996ൽ ഒരു ക്വാറി മാത്രമായിരുന്നിടത്ത് ഇപ്പോൾ 16 എണ്ണമാണ്. കൂടാതെ ഏഴോളം ക്രഷർ യൂനിറ്റുകളുമുണ്ട്. പാറപ്പൊടി കാരണം എല്ലാ വീടുകളും വൃത്തികേടാവുകയാണ്. ശബ്ദശല്യമാകെട്ട അതിരൂക്ഷമാണ്. പ്രദേശത്തെ മൂന്ന് തോടുകൾ മലിനപ്പെട്ടുകഴിഞ്ഞു. വയലുകളിലേക്ക് എം സാൻഡും മറ്റും ഒലിച്ചിറങ്ങുന്ന സാഹചര്യമാണ്. സമരം കാരണം ചില ക്വാറികൾ പൂട്ടിയെങ്കിലും ദുരിതത്തിന് കുറവുവന്നിട്ടില്ല. തോട്ട ഭൂമിയായ ഇവിടെ കുമാരനെല്ലൂർ വില്ലേജ് ഒാഫിസിൽനിന്നുള്ള തെറ്റായ റിപ്പോർട്ടിനെതുടർന്നാണ് പല ക്വാറികളും അനുമതി നേടുന്നതെന്നും പരിസ്ഥിതിസംരക്ഷണസമിതി മുക്കം മേഖല കമ്മിറ്റി കോഒാഡിനേറ്റർ അജിത്ത്കുമാർ ആരോപിച്ചു. താമരശ്ശേരി ചുരത്തിൽ വാഹനങ്ങളിലും മറ്റും കൊണ്ടുവന്ന് മാലിന്യം തള്ളുന്നത് തടയാൻ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും സമിതി അഭിപ്രായപ്പെട്ടു. സമിതി അംഗങ്ങളായ അനിൽ അക്കര എം.എൽ.എ, പി.ടി.എ. റഹിം, ജില്ല കലക്ടർ യു.വി. ജോസ്, എ.ഡി.എം ടി. ജനിൽ കുമാർ, ഡി.എഫ്.ഒ കെ.കെ. സുനിൽകുമാർ, ടൂറിസം ജോയൻറ് ഡയറക്ടർ അനിതകുമാരി, ചുരം സംരക്ഷണസമിതി ജനറൽ സെക്രട്ടറി വി.കെ. സുകുമാരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.