കണ്ടെയ്നറുകളുമായി പുറംകടലിലെത്തിയ ചരക്കുകപ്പൽ തിരിച്ചയച്ചു ബേപ്പൂർ: കണ്ടെയ്നർ കയറ്റിറക്കുകൂലി സംബന്ധിച്ച തർക്കത്തെ തുടർന്ന് ബേപ്പൂർ തുറമുഖത്ത് തൊഴിൽതർക്കം വീണ്ടും രൂക്ഷമായി. ഇതോടെ തിങ്കളാഴ്ച കണ്ടെയ്നർ ഇറക്കുമതി സ്തംഭിച്ചു. ഞായറാഴ്ച ഉച്ചയോടെ പുറംകടലിൽ നങ്കൂരമിട്ട കപ്പൽ 'എം.വി കരുതൽ' 24 മണിക്കൂർ കാത്തിരിപ്പിനൊടുവിൽ തിരിച്ചയച്ചു. ഉച്ചയോടെ ഇൗ കപ്പൽ കൊച്ചിയിലേക്ക് തിരിച്ചു. മുംബൈയിൽനിന്നു 60 കണ്ടെയ്നറുകളിലായി ടൈൽസും (തറയോട്) വീട്ടുപകരണങ്ങളുമായിരുന്നു കപ്പലിൽ. കൂലിത്തർക്കവുമായി ബന്ധപ്പെട്ട് നിരവധി തവണ വകുപ്പു മന്ത്രി, കലക്ടർ യു.വി. ജോസ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ പരിഹാരം കാണാൻ കഴിഞ്ഞില്ല. വാണിജ്യാടിസ്ഥാനത്തിൽ കണ്ടെയ്നർ ചരക്കു നീക്കം ആരംഭിച്ചെങ്കിലും കൂലി സംബന്ധിച്ചു ധാരണയിലെത്തിയിട്ടില്ല. മൂന്നു മാസം മുമ്പ് തിരുവനന്തപുരത്ത് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിളിച്ചുചേർത്ത യോഗവും അലസിപ്പിരിഞ്ഞിരുന്നു. കഴിഞ്ഞ മാസം പുതിയ വാർഫിൽ അടുപ്പിച്ച 'കരുതൽ' കപ്പലിൽനിന്നു കണ്ടെയ്നർ ഇറക്കാൻ ശ്രമിച്ചപ്പോഴും കൂലിത്തർക്കത്തിൽ തൊഴിലാളികൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. അന്ന് കപ്പൽ അടുപ്പിച്ചതു കാരണം മറ്റു പണി തടസ്സപ്പെട്ടതും പ്രതിഷേധം രൂക്ഷമാക്കി. സമയബന്ധിതമായി കണ്ടെയ്നർ ഇറക്കി തിരിച്ചു പോകാനായില്ലെങ്കിൽ കനത്ത സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നു ഷിപ്പിങ് കമ്പനി സൂചിപ്പിച്ചതോടെ പോർട്ട് ഓഫിസർ മന്ത്രിയെ വിവരമറിയിക്കുകയായിരുന്നു. ഇറക്കുമതി സ്തംഭിച്ചതറിഞ്ഞ മന്ത്രി ഇടപെട്ട് വിഷയം പരിഹരിക്കാൻ കലക്ടർക്ക് നിർദേശം നൽകിയെങ്കിലും പരിഹാരമായില്ല. വാർഫിൽ കണ്ടെയ്നർ ഇറക്കുന്നതിനും സ്റ്റീവ് ഡോർ വർക്കിനും ഒരു കണ്ടെയ്നറിന് 1000 രൂപയെങ്കിലും വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇതിന് അധികൃതർ തയാറായില്ല. നിലവിലുള്ള 249 രൂപയിൽനിന്ന് 40 ശതമാനം വർധന നിരക്കിൽ 350 രൂപ വരെ നൽകാമെന്നാണ് അധികൃതർ പറയുന്നത്. കോസ്റ്റൽ ഷിപ്പിങ് പദ്ധതിയിൽ ചരക്കുനീക്കം വർധിപ്പിക്കുന്നതിെൻറ ഭാഗമായാണ് ബേപ്പൂരിലേക്ക് കണ്ടെയ്നർ കപ്പലുകൾ എത്തിക്കാൻ തുടങ്ങിയത്. ആഴ്ചയിൽ കുറഞ്ഞത് രണ്ടു കണ്ടെയ്നർ കപ്പെലങ്കിലും എത്തിച്ച് തുറമുഖം സജീവമാക്കാനായിരുന്നു പദ്ധതി. എന്നാൽ, കണ്ടെയ്നർ കപ്പൽ എത്തുന്നതുകൊണ്ടു പ്രയോജനമില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. പുതിയ വാർഫിൽ കണ്ടെയ്നർ കപ്പൽ നങ്കൂരമിട്ടാൽ ഉരുക്കളിലെ ചരക്കുനീക്കം അസാധ്യമാകുന്നതായും വാർഫിെൻറ സൗകര്യം വർധിപ്പിക്കണമെന്നും അവർ പറയുന്നു. തുറമുഖ, തൊഴിൽ മന്ത്രിമാർ നേരിെട്ടത്തി തൊഴിലാളികളുമായി പ്രശ്നം ചർച്ച ചെയ്യാമെന്ന അന്തിമ ഉറപ്പിലാണ് തൊഴിലാളികൾ ഇതുവരെ ജോലിയുമായി സഹകരിച്ചത്. പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാതെ കണ്ടെയ്നർ നീക്കം നടത്തില്ലെന്ന് തൊഴിലാളികൾ ബന്ധപ്പെട്ടവരെ അറിയിച്ചു. അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ തുറമുഖം അനിശ്ചിതാവസ്ഥയിലാകുകയും മലബാറിെൻറ വാണിജ്യ മേഖലക്ക് കനത്ത തിരിച്ചടിയാകുമെന്നുമാണ് ആശങ്ക. 150-ഓളം കണ്ടെയ്നർ ഇതുവരെ ഇവിടെ കയറ്റിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.