ജ്വല്ലറിയുടെ ഭിത്തി തുരന്ന്​ നാലേമുക്കാൽ കിലോ സ്വർണംകവർന്നു

ഒല്ലൂർ: നഗരാതിർത്തിയിലെ ജ്വല്ലറിയുടെ ഭിത്തി തുരന്ന് നാലേമുക്കാൽ കിലോ സ്വർണം കവർന്നു. ഒല്ലൂർ സ​െൻററിൽ പൂട്ടിക്കിടക്കുന്ന ഒാട്ടുകമ്പനിയോട് ചേർന്നു പ്രവർത്തിക്കുന്ന ആത്മീയ ജ്വല്ലറിയിൽ നിന്നാണ് വെള്ളിയാഴ്ച രാത്രി നാടിനെ ഞെട്ടിച്ച കവർച്ച നടന്നത്. കവർച്ചക്കാര്യം, ശനിയാഴ്ച രാവിലെ കട തുറക്കാൻ എത്തിയ ജീവനക്കാര​െൻറ ശ്രദ്ധയിലാണ്പെട്ടത്. തുടർന്ന് അടുത്തു തന്നെ താമസിക്കുന്ന ഉടമ ചിയ്യാരം പേരാത്ത് വീട്ടിൽ രഘുനാഥിെന അറിയിച്ചു. വർഷങ്ങളായി പ്രവർത്തിക്കാതെ കിടക്കുന്ന ഒാട്ടുകമ്പനിയുടെ അകത്ത് കടന്ന മോഷ്ടാക്കൾ ജ്വല്ലറിയുടെ പുറകിലെ ഭിത്തി തുരന്ന് അകത്ത് പ്രവേശിച്ച് തറയിൽ തയ്യാറാക്കിയ കോൺക്രീറ്റ് അറ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്താണ് സ്വർണം കവർന്നത്. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് മോഷണം നടന്നിരിക്കുന്നത് എന്ന് സംശയിക്കുന്നു. സംഭവത്തിന് ശേഷം മോഷ്ടാക്കൾ പുറകുവശത്ത് കൂടി പോയി എന്നാണ് ഉൗഹിക്കുന്നത്. സംഭവം അറിഞ്ഞ് തൃശൂർ എ.സി.പി പി. വാഹിദ്, ഒല്ലൂർ സി.െഎ സജീവ്, എസ്.െഎ ടി.പി. ഫർഷാദ് എന്നിവർ സ്ഥലം സന്ദർശിച്ചു. കൂടാതെ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. 2005 ൽ ഇൗ ജ്വല്ലറിയിൽനിന്ന് സമാന രീതിയിൽ മൂന്ന് കിലോ സ്വർണം മോഷ്ടിക്കപ്പെട്ടിരുന്നു. അന്ന് പ്രതികളെ പിടികൂടിയെങ്കിലും സ്വർണം കണ്ടെടുക്കാൻ കഴിഞ്ഞില്ല. മോഷണത്തിന് പുറകിൽ അന്യസംസ്ഥാനങ്ങളിൽനിന്നുമുള്ള മോഷ്ടാക്കളാണെന്ന് കരുതുന്നു. ഇവർ ഉപയോഗിച്ച കട്ടറും ഗ്യാസ് സിലിണ്ടറും അനുബന്ധ ഉപകരണങ്ങളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അന്വേഷണത്തിന് ഷാഡോ പൊലീസ് ഉൾപ്പെടെയുള്ള സംഘത്തെ ചുമതലപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.