കോവളം കൊട്ടാരത്തിെൻറ കൈമാറ്റം കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ് -സുധീരൻ എം. വിൻസൻറ് എം.എൽ.എയുടെ ഉപവാസം അവസാനിച്ചു കോവളം: കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് അമൂല്യ സ്വത്തായ കോവളം കൊട്ടാരത്തിെൻറ കൈമാറ്റമെന്ന് വി.എം. സുധീരൻ. ഇടതുസർക്കാർ കുത്തക മുതലാളിമാരുടെയും ജനവിരുദ്ധ ശക്തികളുടെയും മുന്നിൽ മുട്ടുമടക്കിയതിന് തെളിവാണിത്. കൊട്ടാരം പൊതു സ്വത്തായി നിലനിർത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോവളം എം.എൽ.എ അഡ്വ. എം. വിൻസൻറ് കൊട്ടാര കവാടത്തിൽ നടത്തിയ 24 മണിക്കൂർ ഉപവാസം നാരങ്ങനീര് നൽകി അവസാനിപ്പിച്ചശേഷം നടന്ന ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരൻ. സെക്രട്ടേറിയറ്റിൽ നടന്ന ഗൂഢാലോചനയുടെ ഭാഗമായാണ് മന്ത്രിസഭ പോലും ചർച്ചചെയ്യാതെയുള്ള വിൽപനയെന്നു സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. പൊതു സ്വത്തുക്കൾ മുതലാളിമാർക്ക് തീറെഴുതി പൊതുജനത്തെ പെരുവഴിയിലാക്കുന്നത് വൈറസ് പോലെ പടരുകയാണെന്ന് തിരുവനന്തപുരം അതിരൂപത മോൺ. ഫാ. യൂജിൻ പെരേര പറഞ്ഞു. മദ്യനയം തിരുത്തിയില്ലെങ്കിൽ ജനം നിയമം കൈയിലെടുക്കുന്ന അവസ്ഥയുണ്ടാകുമെന്ന് ഇമാം പാച്ചല്ലൂർ സലീം മൗലവി മുന്നറിയിപ്പ് നൽകി. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ടി. ശരത്ചന്ദ്രപ്രസാദ്, മൺവിള രാധാകൃഷ്ണൻ, വിദ്യാധരൻ, സെക്രട്ടറിമാരായ മണക്കാട് സുരേഷ്, ജി. സുബോധൻ, വത്സലകുമാർ, ഓസ്റ്റിൻ ഗോമസ്, കെ.വി. അഭിലാഷ്, വിൻസൻറ് ഡി.പോൾ, അഡോൾഫ് മൊറായ്സ്, സഞ്ജയ് കുമാർ, എം. മുനീർ, എം. മുജീബ് റഹ്മാൻ, ആർ. ശിവകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.