അസൗകര്യങ്ങൾക്കു നടുവിൽ പൂക്കോട് തടാകം

വൈത്തിരി: ആയിരക്കണക്കിന് സന്ദർശകരെത്തുന്ന പൂക്കോട് തടാകവും തീരവും വൃത്തികേടായിക്കിടക്കുന്നു. ലക്ഷക്കണക്കിന് രൂപ വരുമാനമുള്ള ഈ വിനോദസഞ്ചാര കേന്ദ്രത്തിൽ പൊട്ടിപ്പൊളിഞ്ഞതും ഉപയോഗശൂന്യമായതുമായ കളിക്കോപ്പുകളും കളിസ്ഥലങ്ങളുമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങളോ വിനോദ ഉപാധികളോ ഏർപ്പെടുത്താത്തതിൽ പ്രതിഷേധവും വ്യാപകമാണ്. പായൽ നിറഞ്ഞുനിൽക്കുന്ന തടാകത്തിൽ പല സ്ഥലങ്ങളിലും ചളി കെട്ടിക്കിടക്കുകയാണ്. കുട്ടികളുടെ കളിക്കോപ്പുകളിൽ ഭൂരിഭാഗവും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഊഞ്ഞാൽ പോലുള്ള കളിസാധനങ്ങൾക്കു കീഴെ കെട്ടിടാവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. കുട്ടികൾ കളിക്കുന്ന പ്ലേ ഗ്രൗണ്ട് ട്യൂബ് മൂടിക്കെട്ടിയിട്ട് ഒരു വർഷത്തോളമായി. ഒരു മാജിക് കണ്ണാടിമുറി കുട്ടികളുടെ പാർക്കിലുണ്ടെങ്കിലും വർഷങ്ങളായി ഇതും പ്രവർത്തനരഹിതമാണ്. തടാകത്തിൽ നിറഞ്ഞുനിൽക്കുന്ന പായൽ വാരാൻ ഒന്നര ലക്ഷം രൂപക്ക് പടിഞ്ഞാറത്തറ സ്വദേശിക്കു കരാർ നൽകിയിരുന്നുവെങ്കിലും പണം മുൻ‌കൂർ വാങ്ങി അയാൾ മുങ്ങുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. വയനാട് ചുരം കയറിയാൽ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ പൂക്കോട് തടാകത്തി​െൻറ നടത്തിപ്പു ചുമതല വയനാട് ഡി.ടി.പി.സിക്കാണ്. ഇത്രയൊക്കെ വരുമാനമുണ്ടായിട്ടും സന്ദർശകർക്ക് ആവശ്യമായതൊന്നും ഇവിടെ ഒരുക്കുന്നില്ലെന്നു മാത്രമല്ല, ഉള്ള സാധനങ്ങൾ ശരിയായ രീതിയിൽ പരിപാലിക്കാൻ പോലും ശ്രമിക്കുന്നില്ലെന്നതാണ് അവസ്ഥ. സന്ദർശകരിൽ പലരും ഈ ശോച്യാവസ്ഥയെക്കുറിച്ച് രോഷത്തോടെയാണ് പ്രതികരിച്ചത്. ലക്ഷക്കണക്കിനുള്ള വരുമാനം കേന്ദ്രത്തി​െൻറ സൗകര്യങ്ങൾ വർധിപ്പിക്കാൻ ഉപയോഗിക്കുന്നില്ല. നിലവിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള സൗമനസ്യമെങ്കിലും കാണിക്കാതിരിക്കുന്നത് ദൂരദിക്കുകളില്‍ നിന്നുമെത്തുന്ന വിനോദസഞ്ചാരികളോട്, പ്രത്യേകിച്ച് കുട്ടികളോട് കാണിക്കുന്ന ചതിയാണ്. ഏറെ പ്രതീക്ഷയോടെ ഇവിടെയെത്തുന്നവരിൽ ഭൂരിഭാഗവും നിരാശയോടെയാണ് മടങ്ങുന്നത്. തങ്ങളോട് ഈടാക്കുന്ന പണത്തിനുള്ള സൗകര്യങ്ങളെങ്കിലും നടത്തിപ്പുകാർ നല്‍കാന്‍ തയാറാകണമെന്നാണ് പലരും പ്രതികരിച്ചത്. ഇവിടെയെത്തുന്ന സന്ദർശകരിൽ 60 ശതമാനവും കുട്ടികളാണെങ്കിലും അവരുടെ ഉല്ലാസത്തിനായി കാര്യമായി ഒന്നുംതന്നെ ഇവിടെയില്ല. THUWDL1 പൂക്കോട് പാർക്കിൽ ഉപയോഗശൂന്യമായ കുട്ടികളുടെ റൈഡുകളിലൊന്ന്, സമീപത്തായി ഇരുമ്പുകമ്പികൾ കൂട്ടിയിട്ടിരിക്കുന്നതും കാണാം ബാണാസുര സാഗറിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് -ഫീസ് നിരക്ക് കൂട്ടിയിട്ടും മതിയായ സൗകര്യങ്ങളില്ലാത്തതിൽ പ്രതിഷേധം - ഒരാഴ്ചക്കുള്ളിൽ വരുമാനം 20 ലക്ഷം വെള്ളമുണ്ട: ഓണം-ബക്രീദ് അവധി ദിനങ്ങൾ ആഘോഷമാക്കി ബാണാസുര സാഗറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ബലിപെരുന്നാൾ ദിനമായ വെള്ളിയാഴ്ച മുതൽ വിനോദസഞ്ചാരികളുടെ ഒഴുക്കായിരുന്നു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്നും കർണാടക, തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് അവധിക്കാലം ആസ്വദിക്കാനായി ഡാമിൽ എത്തിയത്. പെരുന്നാൾ ദിനത്തിൽ 2235 പേരാണ് എത്തിയത്. അന്ന് 1,86,220 രൂപ വരുമാനം ലഭിച്ചു. രണ്ടാം തീയതി 5199 പേർ എത്തുകയും 3,10,035 രൂപയും മൂന്നാം തീയതി 9154 പേർ എത്തുകയും 4,91,765 രൂപയും ലഭിച്ചു. തിരുവോണ ദിവസം 9532 പേർ എത്തുകയും 4,71,555 രൂപയും അഞ്ചാം തീയതി 12,197 പേർ എത്തുകയും 5,43,930 രൂപ വരുമാനം ലഭിക്കുകയും ചെയ്തു. ആറാം തീയതി 8879 വിനോദസഞ്ചാരികൾ ഡാം സന്ദർശിച്ചു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഈ ടൂറിസ്റ്റ് കേന്ദ്രത്തിലെ വരുമാനം 20 ലക്ഷം രൂപയിലധികമാണ്. സഞ്ചാരികളുടെ എണ്ണം വർധിക്കുമ്പോഴും അടിസ്ഥാനസൗകര്യങ്ങളടക്കം ഇല്ലാത്തത് സഞ്ചാരികളെ നിരാശരാക്കുകയാണ്. ആയിരക്കണക്കിന് സഞ്ചാരികൾ ദിനംപ്രതി എത്തുന്ന ഈ കേന്ദ്രത്തിൽ നാമമാത്രമായ മൂത്രപ്പുരകളാണ് ഉള്ളത്. ടോയ്ലറ്റ് സംവിധാനം അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇതോടെ വിനോദസഞ്ചാരികളായി എത്തുന്ന സ്ത്രീകളും കുട്ടികളും ഏറെ പ്രയാസപ്പെടുകയാണ്. പ്രാഥമിക ആവശ്യത്തിന് പുറത്തുള്ള സ്വകാര്യ ഹോട്ടലുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. സഞ്ചാരികളുടെ എണ്ണത്തിനനുസരിച്ച് ബോട്ടുകൾ ഇല്ലാത്തതും തിരിച്ചടിയാണ്. അഞ്ചു സ്പീഡ് ബോട്ടുകൾ ഉള്ളതിൽ രണ്ടെണ്ണം മാത്രമാണ് പലപ്പോഴും പ്രവർത്തിക്കുന്നത്. കട്ടപ്പുറത്തായ ബോട്ടുകൾ നന്നാക്കാനും നടപടിയില്ല. ചെറിയ അറ്റകുറ്റപ്പണിക്ക് പോലും എറണാകുളത്തുനിന്ന് ജോലിക്കാർ എത്തണം എന്നതാണ് ബോട്ടുകൾ കട്ടപ്പുറത്താവാൻ കാരണം. കോടികളുടെ വരുമാനമുള്ള കേന്ദ്രത്തിൽ വികസന പ്രവൃത്തികൾ ഒച്ചിഴയും വേഗത്തിലാണ്. വരുമാനം ആവശ്യത്തിലധികം ഉണ്ടായിട്ടും സഞ്ചാരികൾക്കുള്ള സൗകര്യം ഒരുക്കാൻ അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. THUWDL2 ബാണാസുര സാഗറിലെത്തിയ സഞ്ചാരികൾ THUWDL3 ബാണാസുര സാഗറിലെ ഉപയോഗശൂന്യമായ ടോയ്ലറ്റ് --------------------------------------------------------------------------- കമ്പളക്കാട് ടൗണിലെ ട്രാഫിക് സംവിധാനം പരിഷ്കരിക്കണം കമ്പളക്കാട്: ടൗണിലെ ട്രാഫിക് സംവിധാനം ഉടൻ പുനഃക്രമീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂനിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ട്രാഫിക് സംബന്ധമായ പ്രശ്നത്തിൽ നിരപരാധികളായ കച്ചവടക്കാരെ പ്രതിചേർക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. യൂനിറ്റ് പ്രസിഡൻറ് പി.ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷൈജൽ കുന്നത്ത്, ഇ.കെ. അബൂബക്കർ, വി.പി. ഇബ്രാഹിം കുട്ടി, കെ. സലീം, മുത്തലിബ് ലുലു, വിനോദ് വാവാച്ചി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.