കല്‍പറ്റ: കമ്പളക്കാട് ടൗണിലെ പാര്‍ക്കിങ് വിവാദത്തില്‍ പൊലീസ് അന്യായമായി പ്രതിചേര്‍ത്ത് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്ന് കാണിച്ച് മനൃഷ്യാവകാശ കമീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് അഷ്‌റഫ് പഞ്ചാര വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ ട്രാഫിക് സംവിധാനമില്ലാത്ത ടൗണില്‍ തെൻറ വാഹനത്തിന് മാത്രമാണ് പിഴചുമത്തിയത്. ഇതിനെതിരെയാണ് പ്രതിഷേധിച്ചത്. തികച്ചും ജനാധിപത്യപരമായി പ്രതിഷേധിച്ച തന്നെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് മനുഷ്യത്വരഹിതമായി കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതിനെതിരെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. എന്നാൽ, ഇതൊന്നും മുഖവിലക്കെടുക്കാതെ വാഹനത്തിലേക്ക് വലിച്ചിടുകയും പ്രതിഷേധിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയുമാണ് പൊലീസ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോകവെ വാഹനത്തില്‍ പൊലീസുകാര്‍ ദേഹോപദ്രവമേല്‍പ്പിച്ചു. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെയാണ് ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചു. അന്നുമുതല്‍ ഈമാസം മൂന്നുവരെ അവിടെ നിരാഹാരത്തിലായിരുന്ന തന്നെ മൂന്നാംതീയതി നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് വാങ്ങി മാനന്തവാടി ജില്ല ആശുപത്രിയിലേക്കാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാഹനത്തില്‍ കയറ്റി. തന്നെ അറസ്റ്റ് ചെയ്‌തെന്നും അറസ്റ്റ് രേഖപ്പെടുത്താന്‍ ഒപ്പിട്ട് നല്‍കണമെന്നും പൊലീസ് പറഞ്ഞു. ഇതിനിടെ ആരോഗ്യനില വീണ്ടും വഷളായി. ഇതോടെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പരിശോധന നടത്തിയെങ്കിലും പൊലീസ് നിര്‍ബന്ധിച്ച് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് ബത്തേരിയിലെ മജിസ്‌ട്രേറ്റിന് മുന്നില്‍ എത്തിച്ചു. മജിസ്‌ട്രേറ്റ് ജില്ല ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് അതിന് തയാറായില്ല. പിന്നീട് മാനന്തവാടി ജയില്‍ സൂപ്രണ്ട് ഇത്തരത്തില്‍ ആരോഗ്യസ്ഥിതി മോശമായ ആളെ ജയിലില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചു. ഇതോടെ വീണ്ടും മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. തന്നോട് മനുഷ്യത്വരഹിതമായി പെരുമാറിയ പൊലീസ് അധികൃതര്‍ക്കെതിരെ അന്വേഷണം നടത്തി ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മനുഷ്യാവകാശ കമീഷൻ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡി.ജി.പി, ഐ.ജി, കണ്ണൂര്‍ സോണല്‍ ഡി.ഐ.ജി, ജില്ല കലക്ടർ, ജില്ല പൊലീസ് സൂപ്രണ്ട്, കല്‍പറ്റ ഡിവൈ.എസ്.പി എന്നിവര്‍ക്ക് പരാതി നല്‍കുന്നതെന്ന് അഷ്‌റഫ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.