മനസ്സിൽ മടിയും കീശയിൽ കാശുമുള്ളവർക്ക് 'ഹോട്ടലോണം' കോഴിക്കോട്: അത്തം നാൾ മുതൽ നെേട്ടാട്ടമായിരുന്നു. 10 ദിവസം കഴിഞ്ഞെത്തുന്ന തിരുവോണ നാളിൽ സദ്യയൊരുക്കാനുള്ള പാച്ചിലിന് ഉത്രാടനാളിൽ വേഗം കൂടും. സദ്യവട്ടങ്ങൾക്കുള്ള പച്ചക്കറിയിലെല്ലാം ഉത്രാടരാത്രിയിൽതന്നെ മുറിച്ചുവെച്ചിട്ടുണ്ടാവും. പിറ്റേന്ന് പുലർച്ചെ മുതൽ അടുപ്പിൽ വിഭവങ്ങൾ തിളച്ചുമറിയും. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം തൂശനിലയിൽ വിഭവസമൃദ്ധമായ സദ്യ ഉണ്ട് മനസ്സും വയറും നിറക്കുന്ന അനുഭവം. എന്നാൽ, കാലംമാറിയിട്ട് കുറച്ചുനാളായി. മനസ്സിൽ അൽപം മടിയും കീശയിൽ കാശുമുള്ളവർക്ക് ഒാണസദ്യ ഹോട്ടലുകാരും കാറ്ററിങ് സംഘങ്ങളും ഒരുക്കും. തിരുവോണസദ്യക്കായി നഗരത്തിലെ പ്രമുഖ ഹോട്ടലുകളിലെല്ലാം ബുക്കിങ് പുരോഗമിക്കുകയാണ്. ജി.എസ്.ടി പിറവിയെടുത്തശേഷമുള്ള കന്നി ഒാണസദ്യക്ക് ചെലവ് അൽപം കൂടും. എങ്കിലും ഹോട്ടൽ സദ്യയെ ആശ്രയിക്കുന്ന കോഴിക്കോട്ടുകാർ ഏറെയാണ്. ഇതര നാട്ടിൽനിന്ന് എത്തുന്നവർക്കും സദ്യ ഇഷ്ടമാണെന്ന് ഹോട്ടലുകാർ സാക്ഷ്യപ്പെടുത്തുന്നു. ദ റാവിസ് കാലിക്കറ്റിൽ നികുതിക്ക് പുറമേ 560 രൂപയാണ് സദ്യക്ക് ഇൗടാക്കുന്നത്. അത്തം നാൾ മുതൽ ഒാണസദ്യ വിളമ്പുന്നുണ്ട്. ഹൈസൺ ഹെറിറ്റേജിൽ അത്തം മുതൽ ഉത്രാടനാളായ ഞായറാഴ്ച വരെ 18 വിഭവങ്ങളടങ്ങിയ സദ്യക്ക് 200 രൂപയാണ് നിരക്ക്. തിരുവോണനാളിൽ 28 വിഭവങ്ങൾ വിളമ്പും. കാശ് അൽപം കൂടും; ഇലയൊന്നിന് 500 രൂപ. താജ് ഗേറ്റ്വേയിൽ 650 രൂപയും നികുതിയും നൽകിയാൽ സദ്യ കഴിക്കാം. മലബാർ പാലസിൽ ശനിയാഴ്ച മുതൽ തിരുവോണദിനം വരെ 400 രൂപ നിരക്കിലാണ് കൂപ്പൺ നൽകുന്നത്. മഹാറാണിയിൽ 400ഉം അളകാപുരിയിൽ 350ഉം രൂപക്ക് സദ്യ കഴിക്കാം. കാലിക്കറ്റ് ടവറിൽ 300ഉം ഫോക്കസ് മാളിലെ എംഗ്രിൽ ഹോട്ടലിൽ 384ഉം രൂപയാണ് നിരക്ക്. ഹോട്ടൽ അസ്മ ടവറിൽ ശനിയാഴ്ചയായിരുന്നു സദ്യ. ഒാരോ വർഷം കഴിയുന്തോറും 'ഹോട്ടലോണം' ആഘോഷിക്കുന്നവരുടെ എണ്ണം കൂടുകയാണ്. കാറ്ററിങ് സംഘങ്ങൾക്കും ഒാണസദ്യക്കായി ഏറെ ഒാർഡറുകൾ ലഭിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.