ഗെയിൽ സമരം: സി.പി.എം കോർപറേറ്റ് പക്ഷത്ത് -വെൽഫെയർ പാർട്ടി കോഴിക്കോട്: ഗെയിൽവിരുദ്ധസമരത്തിനെതിരെയുള്ള സി.പി.എം നിലപാട് കോർപറേറ്റ് കമ്പനികളുടെ താൽപര്യസംരക്ഷണത്തിന് വേണ്ടിയാണെന്ന് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി. എരഞ്ഞിമാവ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നടക്കുന്ന ഗെയിൽവിരുദ്ധസമരം കൂടുതൽ ജനകീയമാകുന്നതും ഗവൺമെൻറ് നിലപാടിനെതിരെ സി.പി.എം പ്രവർത്തകർ പോലും രംഗത്തുവരുന്നതും ലോക്കൽകമ്മിറ്റി സമ്മേളനങ്ങളിൽ ഇൗ പദ്ധതിക്കെതിരെ പ്രമേയം പാസാക്കുന്നതും പരസ്യമായി സമരത്തെ പിന്തുണക്കുന്നതും ഗെയിൽ വിഷയത്തിലുള്ള സർക്കാർനിലപാട് ജനവിരുദ്ധമാണെന്നതിെൻറ വ്യക്തമായ തെളിവാണ്. പ്രക്ഷോഭവുമായി സഹകരിക്കുന്നവരെ വികസനവിരുദ്ധരായി ചിത്രീകരിക്കുന്ന സി.പി.എം ശ്രമം വിലകുറഞ്ഞ രാഷ്ട്രീയതന്ത്രമാണെന്ന് ജനം തിരിച്ചറിയണം. ഗെയിൽ ഉൾപ്പെടെയുള്ള നിരവധി പ്രക്ഷോഭങ്ങളോടും സമരങ്ങളോടും സി.പി.എം സ്വീകരിക്കുന്ന നിലപാട് അവരുടെയിടയിലുള്ള ഭിന്നത മറനീക്കി പുറത്തുവരുന്നതിന് ഇടയായിക്കൊണ്ടിരിക്കുകയാണ്. ഗെയിൽസമരത്തെ പൂർണമായി പിന്തുണക്കുന്ന വെൽഫെയർ പാർട്ടിയെ വികസനവിരുദ്ധരായി ചിത്രീകരിക്കുന്ന സി.പി.എം ജില്ലസെക്രട്ടറി വികസനത്തെക്കുറിച്ച് പരസ്യസംവാദത്തിന് തയാറാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജില്ലപ്രസിഡൻറ് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു. പി.കെ. അബ്ദുറഹ്മാൻ, പി.സി. ഭാസ്കരൻ, പി.സി. മുഹമ്മദ്കുട്ടി, ദുർഗാദേവി, ടി.കെ. മാധവൻ, എ.എം. അബ്ദുൽ മജീദ്, മുസ്തഫ പാലാഴി, ഹബീബ് മസൂദ്, ശശീന്ദ്രൻ ബപ്പങ്ങാട്, ജയപ്രകാശൻ മടവൂർ എന്നിവർ സംസാരിച്ചു. ഗെയിൽ: സി.പി.എമ്മിേൻറത് വിലകുറഞ്ഞ നയം കോഴിക്കോട്: ജില്ലയിലെ നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, ബാലുശ്ശേരി, കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലെ കാർഷിക ആവാസവ്യവസ്ഥയെ തകിടംമറിച്ച് കടന്നുപോവുന്ന വാതക പൈപ്പ്ലൈൻ ജനവാസകേന്ദ്രങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തെ ജനവിരുദ്ധമായി വിലയിരുത്തുന്ന സി.പി.എം ജില്ല കമ്മിറ്റി തീരുമാനം വിലകുറഞ്ഞതും തരംതാണതുമാണെന്ന് മുസ്ലിം ലീഗ് ജില്ലസെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്. കൊടിയത്തൂരിലെ എരഞ്ഞിമാവിൽ 28 ദിവസമായി നടക്കുന്ന പ്രക്ഷോഭത്തിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരും അണിചേർന്നിട്ടുണ്ട്. സി.പി.എം വലിയപറമ്പ് ബ്രാഞ്ച് കമ്മിറ്റി ജാഥയായി വന്ന് സമരപ്പന്തലിൽ കൊടി നാട്ടിയതാണ്. സി.പി.എമ്മിെൻറ ഒരുവിഭാഗം സമരത്തോടൊപ്പമുണ്ട്. സി.പി.എം ഭരിക്കുന്ന കാരശ്ശേരി ഗ്രാമപഞ്ചായത്ത് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന പ്രമേയം അംഗീകരിച്ചിട്ടുണ്ട്. ഇതിന് വിരുദ്ധമായി സമരത്തെ ജനവിരുദ്ധമായി ചിത്രീകരിക്കാനുള്ള ശ്രമം ജനകീയസമരസമിതി ജനാധിപത്യ രീതിയിൽ നേരിടുമെന്ന് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.