വാഗ്ദാനങ്ങളെല്ലാം പാഴായി; മനുഷ്യാവകാശ കമീഷനിൽ പരാതിയുമായി കർഷകർ

തരിയോട്: പ്രദേശത്ത് രൂക്ഷമായി തുടരുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരമാവശ്യപ്പെട്ടും അധികൃതർ നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കണെമന്നാവശ്യപ്പെട്ടും തരിയോട്ടുള്ള കർഷകർ മനുഷ്യാവകാശ കമീഷന് നൽകിയ പരാതി ഫയലിൽ സ്വീകരിച്ചു. തരിയോട് സ്വദേശികളായ കൊച്ചുമലയിൽ ജോസ്, കുന്നുപ്പുറത്ത് ബേബി എന്നിവരാ‍ണ് കഴിഞ്ഞദിവസം കലക്ടറേറ്റിൽ നടന്ന മനുഷ്യാവകാശ കമീഷൻ സിറ്റിങ്ങിൽ പരാതിയുമായെത്തിയത്. വനാതിർത്തിയിൽ ഉൾപ്പെടാത്തവരും എന്നാൽ, സമരത്തിന് അനുഭാവം പ്രകടിപ്പിച്ച പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ളവർക്കുനേരെ കേസെടുത്തതിനെതിരെയും കമീഷനിൽ പരാതി ഉന്നയിച്ചു. കഴിഞ്ഞ ജൂലൈ അഞ്ചിന് രാവിലെ ആറുമണിക്ക് ക്ഷീരസംഘത്തിൽ പാൽ അളക്കാൻ പോയ വേങ്ങാച്ചുവട്ടിൽ സാബുവിനെ വീടിന് സമീപത്തുവെച്ച് കാട്ടാന ആക്രമിച്ചതിനെതുടർന്നാണ് നാട്ടുകാർ സംഘം ചേർന്ന് റോഡ് ഉപരോധം ഉൾപ്പെടെയുള്ള പ്രത്യക്ഷസമരം നടത്തിയത്. ഗുരുതര പരിക്കേറ്റ സാബു ആഴ്ചകളോളം കോഴിക്കോട് സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൽപറ്റ ഡിവൈ.എസ്.പിയുമായി നടത്തിയ ചർച്ചയെതുടർന്നാണ് റോഡ് ഉപരോധം അവസാനിപ്പിച്ചത്. സമരത്തിൽ പങ്കെടുത്തവർക്കെതിരെ കേസ് എടുക്കില്ലെന്നും അന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നു. തുടർന്ന് പഞ്ചായത്ത് ഒാഫിസിൽ വയനാട് ഡി.എഫ്.ഒ, വൈത്തിരി തഹസിൽദാർ, തരിയോട് പഞ്ചായത്ത് പ്രസിഡൻറ്, കർഷക പ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയിരുന്നു. വന്യമൃഗശല്യം രൂക്ഷമായ പാറത്തോട് മുതൽ പതിനൊന്നാം മൈൽ വരെ പത്തുമീറ്റർ സ്ഥലത്ത് അടിക്കാട് വെട്ടിത്തെളിക്കാനും തകർന്ന ഫെൻസിങ് യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി നടത്താനും പ്രദേശത്ത് ആവശ്യമായ തെരുവുവിളക്കുകൾ സ്ഥാപിക്കാനും അന്ന് തീരുമാനിച്ചു. ഒരു മാസക്കാലത്തേക്ക് ആറ് താൽക്കാലിക വാച്ചർമാരെ നിയോഗിക്കാനും പരിക്കേറ്റ സാബുവി​െൻറ ചികിത്സചെലവ് വനംവകുപ്പ് വഹിക്കാനും തീരുമാനിച്ചിരുന്നു. കേസ് എടുക്കില്ലെന്ന് പറഞ്ഞിട്ടും സമരത്തിൽ പങ്കെടുത്ത 23ഒാളം പേർക്ക് കോടതി പിഴശിക്ഷ വിധിച്ചതായി നാട്ടുകാർ പറയുന്നു. കേസിൽെപട്ട പലരും കഴിഞ്ഞദിവസങ്ങളിലായി വൈത്തിരി ഗ്രാമന്യായാലയത്തിൽ ആയിരം രൂപ പിഴയടച്ചു. നിലവിൽ പേരിനുമാത്രം വൈദ്യുതിവേലി നിർമിച്ചിരിക്കുകയാണ് അധികൃതർ. ചുരുക്കം ഭാഗത്തെ അടിക്കാടുകൾ മാത്രമാണ് വെട്ടിയത്. പഴയ വൈദ്യുതിഫെൻസിങ്ങുകളെല്ലാം കാടുമൂടിനശിച്ചനിലയിലാണുള്ളത്. താൽക്കാലിക വാച്ചർമാരായി നിയമിക്കപ്പെട്ടവർക്ക് നാളിതുവരെയായിട്ടും വേതനം നൽകിയിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. കാട്ടാനയുടെ ആക്രണമത്തിൽ പരിക്കേറ്റയാൾക്കുള്ള ചികിത്സസഹായമായി ചെറിയതുക മാത്രമാണ് നൽകിയത്. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരെ ദുരിതത്തിലാക്കുന്ന നടപടിയാണ് കേസ് എടുത്തതിലൂടെ സംഭവിച്ചിരിക്കുന്നതെന്നാണ് ഇവരുടെ ആരോപണം. പ്രദേശത്ത് ഇപ്പോൾ വന്യമൃഗശല്യം മൂലം കൃഷി ചെയ്യാനാകാത്ത അവസ്ഥയാണ്. തെങ്ങ്, കവുങ്ങ്, കാപ്പി, കുരുമുളക് എന്നിവയും കുരങ്ങ് ശല്യത്താൽ സംരക്ഷിക്കാനാകുന്നില്ല. ഇതിനിടെയാണ് കാട്ടാനയുടെ ആക്രമണവും. കൃഷി വിട്ട് ക്ഷീരമേഖലയിലേക്ക് പലരും മാറിയെങ്കിലും പശുക്കളും ആക്രമണത്തിന് ഇരയാകുന്നത് ഇവരെ ആശങ്കയിലാക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.