കുറ്റ്യാടി: ഗ്രാമപഞ്ചായത്തിെൻറ പുതിയ ബസ്സ്റ്റാൻഡിലൂടെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് 11 കെ.വി വൈദ്യുതി കേബ്ൾ വലിക്കാനുള്ള നീക്കം വിവാദമാവുന്നു. ഗ്രാമപഞ്ചായത്ത് അനുമതി നൽകിയത് അഴിമതിയാണെന്നും പ്രക്ഷോഭം നടത്തുമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചു. ബസ്സ്റ്റാൻഡ് യാഡിലൂടെ കുഴിയെടുത്ത് കേബിളിട്ടാൽ പഞ്ചായത്ത് ഭൂമി വൈദ്യുതി ബോഡിന് അധീനപ്പെടുമെന്നും പിന്നീട് അവിടെ എന്ത് പ്രവൃത്തി നടത്താനും ബോഡിെൻറ അനുമതി വാങ്ങേണ്ട സ്ഥിതിയായിരിക്കുമെന്നും ആർ.ഡി.ഒക്ക് നൽകിയ പരാതിയിൽ പറയുന്നു. ഭാവിയിൽ കേബിൾ മാറ്റേണ്ടി വന്നാൽ അതിെൻറ ഭാരിച്ച ചെലവും പഞ്ചായത്ത് വഹിക്കേണ്ടി വരും. നാട്ടുകാർ സംഭാവനയായി നൽകിയ സ്ഥലത്താണ് പഞ്ചായത്ത് പുതിയ ബസ്സ്റ്റാൻഡ് നിർമിച്ചത്. അതാണ് സ്വകാര്യവ്യക്തിയുടെ കാര്യസാധ്യത്തിന് വിട്ടുനൽകുന്നതെന്നും ഭൂമി സംരക്ഷിക്കുന്നതിനാവശ്യമായ പ്രക്ഷോഭം നടത്തുമെന്നും പ്രസിഡൻറ് എസ്.ജെ. സജീവ്കുമാർ വാർത്തക്കുറിപ്പിൽ അറിയിച്ചു. കൂടാതെ കുറ്റ്യാടി വൈദ്യുതി സെക്ഷൻ അധികൃതരുടെ അപേക്ഷ പ്രകാരമാണ് കേബിൾ വലിക്കാൻ പഞ്ചായത്ത് ഭരണസമിതി അനുമതിനൽകിയത്. വൈദ്യുതിബോഡ് അധികൃതരും ഈ അഴിമതിക്ക് കൂട്ടുനിൽക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. എന്നാൽ, എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ഐകകണ്ഠ്യേനയാണ് ആവശ്യം അംഗീകരിച്ചതെന്ന് പ്രസിഡൻറ് സി.എൻ. ബാലകൃഷ്ണൻ പറഞ്ഞു. 14 മെംബർമാരിൽ ആരും എതിരഭിപ്രായം രേഖപ്പെടുത്തുകയോ പ്രതിഷേധിക്കുകയോ ചെയ്ട്ടില്ല. പ്രത്യേകം ട്രാൻസ്ഫോർമർ സ്ഥാപിക്കാതെ കെട്ടിടത്തിൽ വൈദ്യുതി കണക്ഷൻ ലഭിക്കുകയില്ല. മാനുഷിക പരിഗണന കൂടി നൽകിയാണ് മേൽതീരുമാനമെടുത്തതെന്നും പറഞ്ഞു. കൂടാതെ ഭാവിയിൽ സ്റ്റാൻഡിൽ നിന്ന് കേബിൾ മാറ്റേണ്ട സ്ഥിതി വരുകയാണെങ്കിൽ അതിനു തടസ്സമുണ്ടാവരുതെന്ന വ്യവസ്ഥയിലാണ് സ്ഥലം വിട്ടുകൊടുക്കുകയെന്നും പറഞ്ഞു. 50 മീറ്റർ ദൂരം സ്ഥലം വിട്ടുകിട്ടിയാൽ എളുപ്പത്തിൽ കേബിൾ വലിക്കാൻ കഴിയുമെന്നും അതിന് വിരോധമില്ലെങ്കിൽ അനുവാദം തരണമെന്നുംമാത്രമേ കെ.എസ്.ഇ.ബി പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുള്ളൂവെന്നും അസി.എൻജിനീയർ പറഞ്ഞു. വലിച്ച കേബിളിെൻറ സുരക്ഷക്കായി പിന്നീട് അതിലെ നിർമാണപ്രവൃത്തികൾ പാടില്ലെന്ന കാര്യവും പഞ്ചായത്തിെന ബോധ്യപ്പെടുത്തിയതാണെന്നും കേബിൾ വലിക്കുന്ന കാര്യത്തിൽ ബോർഡിന് പ്രത്യേക താൽപര്യങ്ങളൊന്നുമില്ലെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.