കോർപറേറ്റുകൾക്കെതിരെ കർഷകർ സഹകരണ രീതിയിൽ സംഘടിക്കണം^ യെച്ചൂരി

കോർപറേറ്റുകൾക്കെതിരെ കർഷകർ സഹകരണ രീതിയിൽ സംഘടിക്കണം- യെച്ചൂരി നടവയൽ: രാജ്യത്ത് കോർപറേറ്റ് അജണ്ട നടപ്പാക്കി ചെറുകിട കർഷകരെയും കാർഷികമേഖലയെയും ഇല്ലാതാക്കാനാണ് നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നതെന്നും കോർപറേറ്റുകൾക്കെതിരെ കർഷകർ സഹകരണ രീതിയിൽ സംഘടിച്ച് പോരാടണമെന്നും സി.പി.എം അഖിലേന്ത്യ ജന. സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 'കാർഷിക പ്രതിസന്ധി ഇന്ത്യയിൽ' എന്ന വിഷയത്തിൽ നടവയലിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിലെത്തിയാൽ എം.എസ്. സ്വാമിനാഥൻ റിപ്പോർട്ട് നടപ്പാക്കുമെന്ന് മോദി പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. ചെറുകിട കർഷകർക്ക് ഗുണമുണ്ടാവുമെന്നതിനാലാണ് അതു നടപ്പാക്കാത്തത്. ഉൽപാദനത്തി​െൻറ 150 ശതമാനം താങ്ങുവില ഏർപ്പെടുത്തുമെന്നും കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നും അറിയിച്ചിരുന്നെങ്കിലും നടന്നില്ല. നഷ്ടം വന്ന് കർഷകർ ഭൂമി വിറ്റഴിക്കുമ്പോൾ കോർപറേറ്റുകൾ അത് മുതലെടുത്ത് ചെറിയ വിലയ്ക്ക് വാങ്ങി വൻ വ്യവസായം നടത്തുന്നു. കർഷകരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളാൻ രണ്ടു ലക്ഷം കോടി മതിയെന്നിരിക്കെ മോദി അതിന് തയാറാകാതെ കോർപറേറ്റുകളുടെ കോടിക്കണക്കിന് രൂപയുടെ കടങ്ങൾ എഴുതിത്തള്ളുകയാണ്. കോൺഗ്രസ് ചൂഷക വിഭാഗത്തെ നേതൃനിരയിലേക്ക് കൊണ്ടുവരുമ്പോൾ ക്രൂശിതരെ നേതൃനിരയിലെത്തിച്ചാണ് സി.പി.എമ്മി​െൻറ പ്രവർത്തനം. കർഷക രക്ഷക്കായി മഹാരാഷ്ട, രാജസ്ഥാൻ എന്നിവിടങ്ങളിൽ സി.പി.എം സമരങ്ങൾക്കു നേതൃത്വം നൽകുന്നു. കോർപറേറ്റുകൾക്കെതിരെയുള്ള കർഷകർ സഹകരണ രീതിയിൽ സംഘടിച്ച് പോരാട്ടം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. നടവയൽ സ്വദേശിയും മുംബൈ സർവകലാശാല റിട്ട. പ്രഫസറുമായ ഡോ. ജോസ് ജോർജ് എഡിറ്റു ചെയ്ത 'കാർഷിക ബന്ധങ്ങളും കർഷകപ്രസ്ഥാനവും ഗ്രാമീണ ദുരിതവും ഇന്ത്യയിൽ' എന്ന പുസ്തകവും അദ്ദേഹം പ്രകാശനം ചെയ്തു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.എ. മുഹമ്മദ് പുസ്തകം ഏറ്റുവാങ്ങി. അഖിലേന്ത്യ കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി. കൃഷ്ണപ്രസാദ് പുസ്തകം പരിചയപ്പെടുത്തി. അഖിലേന്ത്യ കിസാൻസഭ പ്രസിഡൻറ് അശോക് ധവ്ളെ മുഖ്യപ്രഭാഷണം നടത്തി. സി.പി.എം ജില്ല സെക്രട്ടറി എം. വേലായുധൻ അധ്യക്ഷത വഹിച്ചു. സി.കെ. ശശീന്ദ്രൻ എം.എൽ.എ, സ്വാഗതസംഘം ചെയർമാൻ കെ.ടി. പ്രകാശ്, ഡോ. ജോസ് ജോർജ്, വി.എ. കുര്യാച്ചൻ, പി.കെ. സുരേഷ്, എ.എൻ. പ്രഭാകരൻ എന്നിവർ സംസാരിച്ചു. നവദമ്പതികളെ അഭിനന്ദിച്ച് തുടക്കം നടവയൽ: നടവയലിലെ സെമിനാറിൽ സി.പി.എം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി പ്രസംഗം തുടങ്ങിയത് നവദമ്പതികളെ അഭിനന്ദിച്ചുകൊണ്ട്. ആർഭാടരഹിത വിവാഹത്തിലൂടെ സമൂഹത്തിന് മാതൃകയായ ദമ്പതിമാർ ദീപക് പച്ചയും ഡോ. ജോഗിതയുമായിരുന്നു. ഇവരെ വേദിയിലേക്ക് ക്ഷണിച്ച് ബൊക്ക നൽകി. നടവയൽ ടൗണിലെത്തിയ യെച്ചൂരിയെ പ്രവർത്തകർ സ്വീകരിച്ച് പ്രകടനമായിട്ടാണ് കെ.ജെ.എസ് ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.