കുറ്റ്യാടി: കുറ്റ്യാടി പുഴയും ചെറുപുഴയും സംഗമിക്കുന്നിടത്തെ മുക്കണ്ണൻകുഴി എന്ന വൻ കയം ഇതിനകം വിഴുങ്ങിയത് നിവധി പേരെ. അവസാനമായി ഉത്തർപ്രദേശ് സ്വദേശി ഖയ്യൂംഖാെൻറ ജീവനാണ് ഇവിടെ പൊലിഞ്ഞത്. ഇവിടെ മുങ്ങിപ്പോയവരാരും രക്ഷപ്പെട്ട ചരിത്രമില്ലെന്ന് നാട്ടുകാർ പറയുന്നു. പണ്ട് പഴശ്ശിക്ക് കുറ്റ്യാടിയിൽ കോട്ട പണിയാൻ മരത്തടിയുമായി പുഴകടക്കുകയായിരുന്ന അനന്തനെന്ന ആന ഈ കയത്തിൽ മുങ്ങിപ്പോയതായി 'കുറ്റ്യാടിയുടെ ഓർമകളിൽ' എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയത് കാണാം. പുഴയെ കുറിച്ച അജ്ഞതയാണ് പലരും അപകടത്തിൽ പെടാൻ കാരണം. അടുത്തകാലത്തായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ഇവിടെ മുങ്ങിമരിച്ചിരുന്നു. രണ്ടുമാസം മുമ്പ് മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇത്രയൊക്കെ മരണം നടന്നിട്ടും ഇവിടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാനോ രക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്താനോ പഞ്ചായത്തോ പൊലീസോ മുൻകൈയെടുത്തിട്ടില്ല. വെള്ളിയാഴ്ച സന്ധ്യക്ക് ഇതര സംസ്ഥാന തൊഴിലാളി കയത്തിൽ മുങ്ങിയ വിവരം അറിഞ്ഞെത്തിയ നാദാപുരം ഫയർ ഫോഴ്സിന് പുഴയിലിറങ്ങാൻ ഒരു വള്ളം പോലും ഉണ്ടായിരുന്നില്ല. പയ്യോളി പൊലീസിെൻറ ബോട്ട് എത്തിച്ചാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. അപ്പോഴേക്കും മണിക്കൂറുകൾ കഴിഞ്ഞിരുന്നു. ശനിയാഴ്ച രാവിലെയാണ് കോഴിക്കോട്ടുനിന്ന് ഫയർഫോഴ്സിെൻറ മുങ്ങൽ വിദഗ്ധരടങ്ങിയ സ്കൂബ ടീം എത്തുന്നത്. വായുനിറക്കുന്ന ഡങ്കി ബോട്ടിൽ അവർ സഞ്ചരിച്ചാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. കഴിഞ്ഞവർഷം കുറ്റ്യാടി പശുക്കടവിൽ ആറ് യുവാക്കൾ തടയണയിൽ മുങ്ങിമരിച്ചപ്പോൾ കുറ്റ്യാടി കേന്ദ്രീകരിച്ച് മുങ്ങൽവിദഗ്ധ സേനയെ നിയോഗിക്കുമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രിമാർ വാഗ്ദാനം ചെയ്തതാണ്. അതൊന്നും ഇതുവരെ നടപ്പായിട്ടില്ല. കുറ്റ്യാടി പുഴയിൽ അടുക്കത്ത് ഭാഗത്ത് വേനൽക്കാലമായാൽ കുട്ടികൾ മുങ്ങിമരിക്കുന്നത് പതിവാണ്. കഴിഞ്ഞവർഷം വിവിധ കടവുകളിൽ നാലു കുട്ടികളും അതിനുമുമ്പ് മൂന്ന് കുട്ടികളും മരിച്ചിരുന്നു. രക്ഷാസംഘങ്ങൾ ഉണ്ടായിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.