മെഡിക്കൽ കോളജോ വരുന്നില്ല; അടിയന്തര വൈദ്യസഹായം ലഭ്യമാക്കാൻ സംവിധാനം വേണമെന്ന്​ ആവശ്യം ശക്തം LEAD HEADING

കൽപറ്റ: പരസ്പരമുള്ള പഴിചാരലുകൾക്കപ്പുറം പ്രമുഖ രാഷ്ട്രീയ കക്ഷികൾ ഇവിടെ മെഡിക്കൽ കോളജിനായി ഒന്നും ചെയ്യുന്നില്ലെന്ന് സാധാരണക്കാർക്കെല്ലാം മനസ്സിലായി തുടങ്ങി. വയനാട് മെഡിക്കൽ കോളജ് നേതാക്കൾക്ക് പരസ്പരം പോരടിക്കാനുള്ള ഒരു വിഷയമായി ഒതുങ്ങുകയാണ്. ഒപ്പം മെഡിക്കൽ കോളജി​െൻറ നിർമാണവും നീണ്ടുപോകുന്നു. ഈ സാഹചര്യത്തിൽ കോഴിക്കോട് എത്തുന്നതുവരെ അടിയന്തര വൈദ്യസഹായം നൽകി ജീവൻ നിലനിർത്താനുള്ള സംവിധാനമെങ്കിലും ഒരുക്കാനാകുമോ എന്നാണ് ഇവിടെനിന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് ഇവിടുത്തെ സാധാരണക്കാർക്ക് ചോദിക്കാനുള്ളത്. കൽപറ്റ ജനറൽ ആശുപത്രി ഇപ്പോഴാണ് മുഴുവൻ സമയ പ്രവർത്തനമാരംഭിച്ചത്. ഇവിടം കേന്ദ്രമാക്കി 24മണിക്കൂറും അടിയന്തര ആക്സിഡൻറ് ആൻഡ് ട്രോമാകെയർ സംവിധാനം ഒരുക്കിയാൽ അപകടങ്ങളിൽെപ്പടുന്നവരുടെ ജീവൻ ഒരുപരിധിവരെ നിലനിർത്താനും അവരെ രക്ഷിക്കാനാകുമാകും. അതിനുള്ള നടപടിയെങ്കിലും എടുക്കാൻ അധികൃതർ തയാറാകണം. ബുധനാഴ്ച രാത്രി വാര്യാടുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബത്തേരി സ്വദേശിയായ ഷാമിൽ എന്ന 21കാരൻ കോഴിക്കോട്ടേക്കുള്ള യാത്രമധ്യേയാണ് മരിച്ചത്. വയനാട്ടിൽതന്നെ സൗകര്യങ്ങളോടെയുള്ള ആശുപത്രി ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ആ ആംബുലൻസ് ഒാടിയ ഒാട്ടത്തി​െൻറ സമയത്തിനുള്ളിൽ ഷാമിലിനെ രക്ഷിക്കാൻ കഴിയുമായിരുന്നു എന്നു കരുതുന്നവരുമുണ്ട്. ഇനിയും ഷാമിലുമാർ ഉണ്ടാകാതിരിക്കാൻ രാഷ്ട്രീയം മാറ്റിവെച്ച് അധികാരികൾ നാടിനായി എന്തെങ്കിലും ചെയ്തേ തീരു. സർക്കാർ വയനാട് മെഡിക്കൽ കോളജി​െൻറ കാര്യത്തിൽ കാര്യക്ഷമമായ നടപടികളൊന്നുമെടുക്കുന്നില്ല. വർഷങ്ങൾ പിന്നിട്ടിട്ടും റോഡുവെട്ടലിലും മരംവെട്ടലുമൊക്കായായി തുടങ്ങിയടിത്ത് തന്നെയാണ് മെഡിക്കൽ കോളജ്. വർഷങ്ങൾ കഴിഞ്ഞ് ഈ സർക്കാർ മാറിയാലും ഇക്കാര്യത്തിൽ വയനാട്ടുകാർ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. എല്ലാം കിഫ്ബിയിലുണ്ടെന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്നു മാത്രം. അപകടത്തിൽപെടുന്നവർക്കും മറ്റു രോഗങ്ങൾ മൂർച്ചിക്കുന്നവർക്കും പെട്ടെന്ന് വൈദ്യസഹായം ലഭ്യമാക്കി തുടർ ചികിത്സക്കായി കോഴിക്കോട്ടേക്ക് എത്തിക്കാൻ കഴിയുന്ന സംവിധാനമെങ്കിലും അടിയന്തരമായി ജില്ലയിൽ ഒരുക്കിയില്ലെങ്കിൽ ഇനിയും ജീവൻ റോഡിൽ പൊലിഞ്ഞുകൊണ്ടേയിരിക്കും. --------------------------------------------------------------------------------------- ദേശീയപാതയിലെ അപകടമേഖലയായി വാര്യാട്; വേഗനിയന്ത്രണത്തിന് സംവിധാനമില്ല *പകൽ സമയങ്ങളിൽ ഇവിടെ ഇൻറർസെപ്റ്റർ വാഹനത്തിലുള്ള പരിശോധനമാത്രമാണ് നടക്കുന്നത് *ബ്ലാക്ക് സ്പോട്ടിൽ കാമറ സ്ഥാപിക്കാനുള്ള തീരുമാനവും നടപ്പായില്ല *ഇതുവരെ പ്രദേശത്ത് അപായസൂചനകൾ ഒരുക്കാനായിട്ടില്ല കൽപറ്റ: ഒരോ ജീവനും പൊലിയുമ്പോഴും പിന്നീട് മറ്റൊരു ദുരന്തമുണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ എടുക്കാതെ അധികാരികൾ. ദേശീയപാതയിൽ മുട്ടിലിനും മീനങ്ങാടിക്കുമിടയിലെ പ്രദേശത്ത് വാഹനാപകടങ്ങൾ തുടർക്കഥയായിട്ടും ഇതിന് ശാശ്വതമായ പരിഹാരം കാണാൻ അധികൃതർക്കിതുവരെ ആ‍യിട്ടില്ല. ബുധനാഴ്ച രാത്രി 11മണിയോടെ കാക്കവയൽ വാര്യാട് കാറും ലോറിയും കൂട്ടിയിടിച്ച് കോളജ് വിദ്യാർഥിയുടെ ജീവൻ പൊലിഞ്ഞു. ബത്തേരി ഡോൺ ബോസ്കോ കോളജിലെ ബി.കോം അവസാന വർഷ വിദ്യാർഥിയായ ഷാമിലാണ് മരിച്ചത്. ബത്തേരി ഭാഗത്തേക്ക് പോകുകയായിരുന്ന ഷാമിലി​െൻറ കാറും കൽപറ്റ ഭാഗത്തേക്ക് വരുകയായിരുന്ന കർണാടക രജിസ്ട്രേഷനിലുള്ള ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. രാത്രിയായതിനാൽ എന്താണ് സംഭവമെന്ന് ആർക്കും മനസ്സിലായിട്ടില്ല. ഇടിയുടെ ആഘാതത്തിൽ കൂട് കെട്ടിയ ഐഷർ ലോറി സമീപത്തെ തോട്ടിലേക്ക് മറിഞ്ഞു പിൻഭാഗം ഉയർന്ന നിലയിലാണ്. ഇടിയുടെ ആഘാതത്തിൽ ഷാമിൽ സഞ്ചരിച്ചിരുന്ന കാറി​െൻറ പകുതിയോളം ഭാഗം പൂർണമായും തകർന്നു. കാറിൽനിന്നും ഷാമിലിനെ പുറത്തെടുക്കാൻ കഴിയാെത നാട്ടുകാരും ബുദ്ധിമുട്ടി. പിന്നീട് ഫയർഫോഴ്സെത്തിയാണ് പുറത്തെടുത്തത്. അപകടമുണ്ടായാൽ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനുള്ള സംവിധാനമെങ്കിലും ഈ ഭാഗത്ത് ഒരുക്കണമെന്നതി​െൻറ ആവശ്യകതയാണ് ഈ അപകടം വ്യക്തമാക്കുന്നത്. അപകടം നടന്ന് അരമണിക്കൂറോളം കഴിഞ്ഞാണ് ഷാമിലിനെ പുറത്തെടുക്കാനായത്. പിന്നീട് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. വഴിമധ്യേ കൊടുവള്ളി എത്തുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ ലോറി ഡ്രൈവർക്കും പരിക്കുണ്ട്. കർണാടകയിൽനിന്നും കോഴിമുട്ട കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 11മണിയായിട്ടും ലോറിയും കാറും സ്ഥലത്തുനിന്ന് മാറ്റാൻപോലും അധികൃതരാരും എത്തിയിരുന്നില്ല. ദേശീയപാതയിൽ താഴെ മുട്ടിൽ മുതൽ മീനങ്ങാടിവരെയുള്ള ഈ ഭാഗത്ത് അപകടങ്ങൾ പതിവാണ്. ഇതിനെത്തുടർന്ന് ദേശീയപാതയിൽ രണ്ടിടത്ത് 'ബ്ലാക്ക് സ്പോട്ട്' ആയി മോട്ടോർ വാഹനവകുപ്പ് കണക്കാക്കിയിരുന്നു. ഇവിടെ വേഗനിയന്ത്രണത്തിനു കാമറ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചിട്ടും നാളിതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. താഴെ മുട്ടിലിൽ ഈയടുത്താണ് പിക്ക്അപ്പ് ജീപ്പിടിച്ച് കോളജ് വിദ്യാർഥിനി മരണപ്പെട്ടത്. അതിനുമുമ്പ് വാര്യാട് മേഖലയിൽ ചെറുതും വലുതുമായ അപകടങ്ങൾ നടന്നിട്ടുണ്ട്. കഴിഞ്ഞവർഷം ജൂണിൽ ബസും കാറും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടിരുന്നു. വർഷങ്ങൾക്കുമുമ്പ് ഇതേ സ്ഥലത്ത് കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും ജീപ്പും കൂട്ടിയിടിച്ച് ഏഴുപേർ മരണെപ്പട്ടിരുന്നു. പിന്നീട്, ബൈക്കപകടത്തിൽ യാത്രക്കാരനായ യുവാവ് മരിച്ചു. മാസങ്ങൾക്കുമുമ്പ് വാര്യാട് ഭാഗത്ത് രാത്രിയിൽ ഇരുചക്രവാഹനത്തിൽ പോകുകയായിരുന്ന മധ്യവയസ്കൻ ബസിടിച്ച് മരിച്ചിരുന്നു. നേേരയുള്ള റോഡായതിനാൽ ഇവിടെ വാഹനങ്ങൾ ചീറിപ്പായുന്നത് പതിവാണ്. രാവിലെ പത്തുമണിക്ക് ഈ ഭാഗത്ത് ഇൻറർസെപ്റ്റർ വാഹനത്തിൽ സ്പീഡ് പരിശോധനയുണ്ടാകാറുണ്ട്. എന്നാൽ, ഇവിടെ ഇതിനായി സ്ഥിരം സംവിധാനം ഒരുക്കിയിട്ടില്ല. കൂടാതെ, അപായ സൂചനകളോ സിഗ്നലുകളോ സ്ഥാപിച്ചിട്ടില്ല. വലിയ വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടാകുന്ന അപകടത്തിൽ കാർ യാത്രക്കാരുടെയും ഇരുചക്രവാഹനയാത്രക്കാരുടെയും ജീവനാണ് പൊലിയുന്നത്. THUWDL4 ബുധനാഴ്ച രാത്രി വാര്യാട് അപകടത്തിൽപ്പെട്ട കാറും ലോറിയും THUWDL5 വാര്യാട് അപകടത്തിൽപ്പെട്ട ലോറി THUWDL6 ബുധനാഴ്ച രാത്രി വാര്യാട് അപകടത്തിൽപ്പെട്ട കാറും ലോറിയും --------------------------------------------------------------------------------------- അവധിദിനത്തിൽ പൊലിഞ്ഞത് നാലു ജീവൻ; കണ്ണീരണിഞ്ഞ് വയനാട് *റസ്മിലിനും റിയാസിനും നാടി​െൻറ അന്ത്യാഞ്ജലി കൽപറ്റ: വിവിധയിടങ്ങളിലായുണ്ടായ അപകടത്തിൽ ദീപാവലിദിനമായ ബുധനാഴ്ച വയനാടിനു നഷ്ടമായത് നാലുപേരെയാണ്. രണ്ടു പത്താം ക്ലാസ് വിദ്യാർഥികൾ മുങ്ങി മരിച്ചതി​െൻറ ആഘാതത്തിൽനിന്നും ഉറങ്ങിത്തുടങ്ങുന്നതിനിടെയാണ് രാത്രിയോടെ ദേശീയപാതയിൽ വാര്യാടുണ്ടായ അപകടത്തിൽ കോളജ് വിദ്യാർഥി മരണപ്പെട്ടത്. ഒപ്പം ചൊവ്വാഴ്ച എച്ച്.ഡി കോട്ടക്കുസമീപം കാട്ടുപന്നി കുറുകെച്ചാടി അപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന യുവാവും ബുധനാഴ്ച മരണപ്പെട്ടു. ദീപാവലി ആഘോഷങ്ങൾക്കിടയിൽ വൈകിെട്ടത്തിയ സ്കൂൾ വിദ്യാർഥികൾ മുങ്ങിമരിച്ച വാർത്തയാണ് ആദ്യം ജില്ലയെ ദു:ഖത്തിലാഴ്ത്തിയത്. സഹപാഠികളും ഒറ്റ സുഹൃത്തുക്കളുമായവരുടെ മരണം കാറാട്ടുകുന്നുകാർക്ക് ഉൾകൊള്ളാനാവുന്നതിലും അപ്പുറമായിരുന്നു. കെല്ലൂർ അഞ്ചാംമൈൽ കാറാട്ടുകുന്ന് പുത്തൂർ മമ്മൂട്ടിയുടെയും സുഹറയുടെയും മകൻ റസ്മിൽ (15), കെല്ലൂർ അഞ്ചാംമൈല്‍ കാറാട്ടുകുന്ന് എഴുത്തൻ ഹാരിസി​െൻറയും നസീറയുടെയും മകൻ മുഹമ്മദ് റിയാസ് (15) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം നടപടിക്രമങ്ങൾക്കുശേഷം വ്യാഴാഴ്ച ഉച്ചയോടെ ഇവർ പഠിച്ചിരുന്ന ദ്വാരക സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിനുവെച്ചു. തുടർന്ന്, അഞ്ചാംമൈൽ മദ്രസയിൽ പൊതുദർശനത്തിനു വെച്ചശേഷം വൈകിട്ട് മൂന്നുമണിയാടെ വൻജനാവലിയുടെ സാന്നിധ്യത്തിൽ കെല്ലൂര്‍ അഞ്ചാംമൈല്‍ പുത്തന്‍പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. ബൈക്കപകടത്തിൽ പരിക്കേറ്റ് മരണപ്പെട്ട എടവക പയിങാട്ടിരി ഗ്രാമം രാമവാധ്യാർ മഠത്തിലെ പി.ബി. ശങ്കരനാരായണ‍​െൻറയും നിത്യാംബികയുടെയും മകൻ പി.എസ്. ഭാസ്കറി​െൻറ (26) മൃതദേഹം വ്യാഴാഴ്ച മൂന്നുമണിയോടെ പയിങാട്ടിരി ബ്രാഹ്മണസമൂഹം ശ്മശാനത്തിൽ സംസ്കരിച്ചു. അതിർത്തി ഗ്രാമമായതിനാൽതന്നെ അപകടത്തിൽപ്പെട്ട ഭാസ്കറിനെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞില്ലെന്നും ആരോപണമുണ്ടായിരുന്നു. അതുവഴി വന്ന വനപാലകരാണ് ഭാസ്കറിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും ആശുപത്രിയിലെത്തിച്ചത്. വാര്യാട്ടെ അപകടത്തിൽ മരണപ്പെട്ട ഷാമിലി​െൻറ മൃതദേഹം വൈകിട്ടോടെ ബത്തേരി കല്ലുവയൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ---------------------------------------------------------------------------------------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.