എല്ലാം ഒരേ ദിവസം; ജനം വരിനിന്ന് വലഞ്ഞു

എകരൂല്‍: ഭൂരേഖ കമ്പ്യൂട്ടര്‍ വത്കരണ ക്യാമ്പും റേഷന്‍കാര്‍ഡ് മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് അപേക്ഷ നല്‍കിയവര്‍ക്കുള്ള കൂടിക്കാഴ്ചയും കെട്ടിടനികുതി അടക്കാന്‍ പഞ്ചായത്ത് ഓഫിസില്‍നിന്നുള്ള നോട്ടീസും ഒന്നിച്ചു വന്നത് ഉണ്ണികുളം പഞ്ചായത്തിലെ ജനങ്ങളെ ദുരിതത്തിലാക്കി. ഭൂരേഖ കമ്പ്യൂട്ടര്‍ വത്കരണ ക്യാമ്പ് നടക്കുന്ന എകരൂല്‍ കമ്യൂണിറ്റി ഹാളില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ആയിരത്തോളം അപേക്ഷകര്‍ ക്യാമ്പില്‍ ഒന്നിച്ചെത്തിയത് ജീവനക്കാരെയും വലച്ചു. ടോക്കൺ കൊടുത്താണ് ഇവിടെ ആളുകളെ നിയന്ത്രിച്ചത്. ഉണ്ണികുളം വില്ലേജ് ഓഫിസര്‍ പി. രവീന്ദ്ര​െൻറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ വിശ്രമമില്ലാതെ ജോലി ചെയ്‌താണ് അപേക്ഷകള്‍ സ്വീകരിച്ചത്. രാവിലെ പേര് രജിസ്റ്റർ ചെയ്ത അപേക്ഷകര്‍ മണിക്കൂറുകളോളം കത്തിരുന്നാണ് അപേക്ഷഫോറം പൂരിപ്പിച്ചു നല്‍കാനായത്. പിന്നീട് വന്നവര്‍ക്ക് തിരക്കുകാരണം മടങ്ങിപ്പോവേണ്ടി വന്നു. റേഷന്‍കാര്‍ഡ് പുതുക്കിയശേഷം മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി അപേക്ഷ നല്‍കിയവര്‍ക്കുള്ള കൂടിക്കാഴ്ച ഉണ്ണികുളത്തെ ഏതാനും റേഷന്‍കടകളില്‍ വ്യാഴാഴ്ചയായിരുന്നു. പഞ്ചായത്ത്‌ ഓഫിസില്‍നിന്ന്‍ കെട്ടിടനികുതി അടക്കണമെന്ന് കാണിച്ച് നോട്ടീസ് ലഭിക്കുകയും കൂടിയായതോടെ ജോലിക്ക് പോവാന്‍പോലും കഴിയാതെ കുടുംബാംഗങ്ങള്‍ മുഴുവന്‍ വരിയിൽ നില്‍ക്കേണ്ട അവസ്ഥയാണ് വന്നത്. കെട്ടിടനികുതി അടക്കാൻ പഞ്ചായത്ത്‌ ഓഫിസില്‍ എത്തിയവര്‍ മണിക്കൂറുകളോളം ക്യൂവില്‍നിന്ന് വലഞ്ഞു. റേഷന്‍കടകളിലും സ്ത്രീകളുടെ നീണ്ടനിര ഉച്ചക്കുശേഷവും കാണാമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.