പീരുമേട്: അവിശ്വാസപ്രമേയത്തിൽ അഴുത ബ്ലോക്ക് പഞ്ചായത്തിെൻറ ഭരണം യു.ഡി.എഫിന് നഷ്ടമായി. നിലവിലെ പ്രസിഡൻറ് ജസി ജേക്കബിനെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് അനുകൂലമായി യു.ഡി.എഫ് ഘടകകക്ഷിയായ ആർ.എസ്.പി, കേരള കോൺഗ്രസ്-മാണി വിഭാഗം അംഗങ്ങൾ വോട്ട് ചെയ്യുകയായിരുന്നു. ഇരുപാർട്ടിക്കും ഒാരോ അംഗം വീതമാണുള്ളത്. ആറിനെതിരെ ഏഴ് വോട്ടുകൾക്കാണ് പ്രമേയം പാസായത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വാഗമൺ ഡിവിഷനിലെ ആർ.എസ്.പി അംഗം കെ.എൻ. സുധാകരൻ, അമലഗിരി ഡിവിഷനിലെ കേരള കോൺഗ്രസ്--എം അംഗം ലിസിയാമ്മ ജോസ് എന്നിവരാണ് എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തത്. പാർട്ടി വിപ്പ് മറികടന്നാണ് ഇവർ പ്രമേയത്തെ അനുകൂലിച്ചത്. വിപ്പ് കൈപ്പറ്റാതിരുന്നതിനാൽ ഇവരുടെ വീടുകളിൽ ഒട്ടിക്കുകയായിരുന്നു നോട്ടീസ്. വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിനാൽ ലിസിയാമ്മ ജോസിനെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് ഇലക്ഷൻ കമീഷനെ സമീപിക്കുമെന്ന് കേരള കോൺഗ്രസ് നേതൃത്വം അറിയിച്ചു. രണ്ട് അംഗങ്ങൾ മറുകണ്ടം ചാടിയതോടെ എൽ.ഡി.എഫ് ഏഴ്, യു.ഡി.എഫ് ആറ് എന്നീ നിലയിലായി കക്ഷിനില. മൂന്ന് അംഗങ്ങളുടെ ഭൂരിപക്ഷത്തിൽ ഭരണം നടത്തിയിരുന്ന യു.ഡി.എഫിന് അപ്രതീക്ഷമായി ഭരണം നഷ്ടപ്പെട്ടത് തിരിച്ചടിയായി. തുടർച്ചയായി ഭരണം നിലനിർത്തിവരുന്നതിനിടെയാണ് അവിശ്വാസത്തിലൂടെ പുറത്തുപോകേണ്ടിവന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.