ഗെയിൽ പൈപ്പ്​ലൈൻ: ആശങ്കകൾ പരിഹരിച്ച്​ പ്രവൃത്തി പുനരാരംഭിക്കാൻ തീരുമാനം

എകരൂൽ: ഉണ്ണികുളം പഞ്ചായത്തിൽ ഗെയിൽ പൈപ്പ്ലൈൻ സ്ഥാപിക്കൽ പ്രവൃത്തി ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച് പുനരാരംഭിക്കുന്നതിന് ജില്ല കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. പൈപ്പിടൽ ജോലി തടസ്സപ്പെട്ട സാഹചര്യത്തിൽ ജില്ല കലക്ടർ സ്ഥലം സന്ദർശിച്ച് ഭൂവുടമകളുടെ ആശങ്കകൾ കേട്ടിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ് എം.കെ. രാഘവൻ എം.പി, പുരുഷൻ കടലുണ്ടി എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിൽ കലക്ടറേറ്റിൽ യോഗം വിളിച്ചുചേർത്തത്. യോഗത്തില്‍ ഗെയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം. വിജു, ഉണ്ണികുളം പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ് എന്നിവരും പങ്കെടുത്തു. പൈപ്പ്ലൈൻ കടന്നുപോകുന്ന സ്ഥലത്തെ ഭൂവുടമകളുടെ സംശയങ്ങൾ ദൂരീകരിക്കാൻ വില്ലേജ് ഒാഫിസിൽ ഗെയിലി​െൻറ നേതൃത്വത്തിൽ ഹെൽപ് ഡെസ്ക് സ്ഥാപിക്കാൻ യോഗം തീരുമാനിച്ചു. മറ്റു തീരുമാനങ്ങൾ: വസ്തുവിലെ മരങ്ങളുടെ എണ്ണം, പ്രായം, ഇനം എന്നിവ രേഖപ്പെടുത്തി തയാറാക്കുന്ന മഹസ്സറിൽ വസ്തു ഉടമകൾക്കും ഗെയിൽ അധികൃതർക്കും പുറമെ വില്ലേജ് അസിസ്റ്റൻറിൽ കുറയാത്ത ഉദ്യോഗസ്ഥനും ഒപ്പുവെക്കും. നഷ്ടപരിഹാരം സംബന്ധിച്ച സ്റ്റേറ്റ്മ​െൻറ് മുൻകൂട്ടി അറിയിപ്പ് നൽകി കൈമാറും. ഇതിനായി അറിയിപ്പ് ലഭിക്കുന്ന മുറക്ക് സ്ഥലമുടമ ബന്ധപ്പെട്ട രേഖകളുമായി ഹാജരാവണം. പൈപ്പിടുന്നതിന് ഏറ്റെടുക്കുന്ന 20 മീറ്റർ സ്ഥലത്തിൽ പൈപ്പി​െൻറ നടുവിൽനിന്ന് അഞ്ചു മീറ്റർ സ്ഥലം കഴിച്ച് നിലവിൽ സ്വീകരിച്ചുവരുന്ന ഏത് പ്രവൃത്തിയും നിയമാനുസൃതം ചെയ്യുന്നതിന് ഗെയിൽ എൻ.ഒ.സി നൽകും. ഇതിനായി പ്രത്യേക അപേക്ഷ നൽകേണ്ട. പൈപ്പ് സ്ഥാപിച്ച് ഡ്രോയിങ് പൂര്‍ത്തിയാക്കിയാല്‍ എൻ.ഒ.സി കൈമാറും. പൈപ്പി​െൻറ ഇരുഭാഗത്തുമുള്ള അഞ്ചു മീറ്റര്‍ സ്ഥലത്ത് താഴ്വേര് ഒന്നര മീറ്ററില്‍ കൂടുതല്‍ ഇറങ്ങാത്ത സ്ഥിരമരങ്ങളല്ലാത്ത കൃഷികള്‍ ചെയ്യാം. പുതുക്കിയ ഫെയര്‍ വാല്യുവി​െൻറ 50 ശതമാനമാണ് നഷ്ട പരിഹാരമായി നല്‍കുക. സ്ഥലത്തുള്ള വൃക്ഷങ്ങള്‍ക്ക് നല്‍കുന്ന വിലക്കു പുറമെ ഇവ വസ്തു ഉടമകള്‍ക്ക് നൽകും. ഉടമസ്ഥര്‍ക്ക് ആവശ്യമില്ലാത്ത മരങ്ങള്‍ ഗെയില്‍ തന്നെ നീക്കംചെയ്യും. വസ്തു ഉടമയുടെ ഒപ്പു ലഭിച്ച കേസുകളില്‍ 20 ദിവസത്തിനകം ചെക്ക് കൈമാറും. പൈപ്പി​െൻറ ഇരുഭാഗത്തുമുള്ള അഞ്ചു മീറ്റര്‍ സ്ഥലത്തിനുശേഷം വരുന്ന ഇരുഭാഗത്തുമുള്ള അഞ്ചു മീറ്റര്‍ സ്ഥലത്തെ കൈയാല, മതില്‍ തുടങ്ങിയവക്ക് നാശനഷ്ടമുണ്ടായല്‍ പൈപ്പിടല്‍ പൂര്‍ത്തിയാക്കി മൂന്നു മാസത്തിനുള്ളില്‍ ഗെയില്‍ പൂര്‍വസ്ഥിതിയിലാക്കും. നഷ്ടപരിഹാരമാണ് ആവശ്യമെങ്കില്‍ നിയമാനുസൃതമായി നല്‍കും. 10 സ​െൻറില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് താമസത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ പ്രത്യേകം പരിശോധിച്ച് പുനരധിവാസ പാക്കേജിനായി സര്‍ക്കാറില്‍ ശിപാര്‍ശ ചെയ്യും. റോഡുകള്‍ മുറിച്ച് പൈപ്പിടല്‍ നടക്കുന്ന സ്ഥലങ്ങളില്‍ അതേദിവസം തന്നെ ഗതാഗത സൗകര്യം പൂര്‍വസ്ഥിതിയിലാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.