വൃദ്ധസദനത്തിലെ അന്തേവാസികൾ സാക്ഷി; സരുണ്‍രാജും ഷനീനയും ഒന്നായി

മാനന്തവാടി: മക്കളും കുടുംബവും ഉപേക്ഷിച്ച വൃദ്ധസദനത്തിലെ അന്തേവാസികളെ സാക്ഷിനിര്‍ത്തി സരുണ്‍രാജും ഷനീനയും താലിചാര്‍ത്തി. മത-രാഷ്ട്രീയ വേലിക്കെട്ടുകള്‍ മാറ്റിനിര്‍ത്തി ഒന്നായി ജീവിക്കാന്‍ തീരുമാനിച്ച ഇവർക്ക് കുടുംബാംഗങ്ങളും നാട്ടുകാരും അനുമോദനങ്ങളര്‍പ്പിച്ചു. മക്കളും മരുമക്കളുമൊക്കെയായി കുടുംബത്തില്‍ നിരവധി പേരുണ്ടായിട്ടും വൃദ്ധസദനത്തി​െൻറ മതിലുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ട പത്തോളം അന്തേവാസികളാണ് നവ ദമ്പതികളെ അനുഗ്രഹിച്ചത്. കെല്ലൂരിലെ 'തണല്‍' വൃദ്ധസദനത്തിലാണ് നന്മനിറഞ്ഞ വിവാഹം ഞായറാഴ്ച നടന്നത്. മുഹൂര്‍ത്തവും നിലവിളക്കും നാഗസ്വരവും കുരവയുമില്ലാതെ താലിചാര്‍ത്തി, പരസ്പരം ചുവന്ന ഹാരാര്‍പ്പണം നടത്തുകയായിരുന്നു. തവിഞ്ഞാല്‍ വാളാട് തെന്നിറ്റാല്‍ വീട്ടില്‍ രാജന്‍-യശോദ ദമ്പതികളുടെ മകന്‍ സരുണ്‍രാജും നാട്ടുകാരനായ അന്തിക്കാട് ആലി--സീന ദമ്പതികളുടെ മകള്‍ ഷനീനയുമാണ് വിവാഹിതരായത്. പരസ്പരം ഇഷ്ടപ്പെട്ട ഇവർ വിവാഹവേദിയായി വൃദ്ധസദനം െതരഞ്ഞെടുക്കുകയായിരുന്നു. രക്ഷിതാക്കളും ഇവര്‍ക്ക് പൂർണ പിന്തുണ നല്‍കി. ഇതോടെ, ഗതകാല സ്മരണകള്‍ പുതുക്കി ഒരു കല്യാണത്തിന് സാക്ഷ്യം വഹിക്കാന്‍ വൃദ്ധസദന അന്തേവാസികള്‍ക്കും അവസരമൊരുങ്ങി. മക്കളുപേക്ഷിച്ചുപോയ അവിടത്തെ മാതാപിതാക്കൾക്കും കല്യാണചടങ്ങ് മറക്കാനാകാത്തതായി. ഒ. ആര്‍. കേളു എം. എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ എന്‍.എം. ആൻറണി, തണല്‍ ഭാരവാഹികളായ മാത്യു, മുജീബ്, വിനോദിനി, ശങ്കരന്‍ നായര്‍, ജാഫര്‍ തുടങ്ങിയവർ ആശംസകള്‍ നേര്‍ന്നു. വൃദ്ധസദനം അന്തേവാസികള്‍ക്കൊപ്പം കല്യാണ സദ്യയുണ്ടാണ് വധൂവരന്മാര്‍ വാളാടിലേക്ക് മടങ്ങിയത്. SUNWDL18 വൃദ്ധസദനത്തിൽ വിവാഹിതരായ സരുണ്‍രാജും ഷനീനയും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.