കുന്ദമംഗലം: വോട്ടെണ്ണി തീർന്നപ്പോൾ ഇത്തവണ നിയോജക മണ്ഡലത്തിൽ നിന്ന് അര ഡസൻ എം.എൽ.എമാർ ഉണ്ടാകുമെന്ന് ഉറപ്പായി. തിരുവനന്തപുരം, വയനാട്, കോഴിക്കോട് ജില്ലകളിലായാണ് ആറ് എം.എൽ.എമാർ ജയിച്ചു കയറിയത്. തിരുവനന്തപുരം ജില്ലയിലെ ചിറഴിൻകീഴിൽ നിന്ന് വിജയിച്ച രമ്യ ഹരിദാസ്, വയനാട് ജില്ലയിലെ കൽപറ്റയിൽ നിന്ന് ജയിച്ച ടി. സിദ്ദീഖ്, കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ നിന്ന് ജയിച്ച ഫാത്തിമ തഹ്‍ലിയ, എലത്തൂർ മണ്ഡലത്തിൽ നിന്ന് ജയിച്ച വിദ്യ ബാലകൃഷ്ണൻ, കൊടുവള്ളിയിൽ നിന്ന് ജയിച്ച പി.കെ. ഫിറോസ്, കുന്ദമംഗലത്ത് നിന്ന് ജയിച്ച എം.എ. റസാഖ് മാസ്റ്റർ എന്നിവരാണ് കുന്ദമംഗലത്തിന്റെ സ്വന്തം എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നത്.
മണ്ഡലത്തിലെ പെരുമണ്ണ സ്വദേശിയായ കൽപറ്റയിൽ നിന്ന് ജയിച്ച ടി. സിദ്ദീഖിനാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം. 45031 വോട്ടിനാണ് വിജയം. പതിമംഗലം സ്വദേശി പി.കെ. ഫിറോസ് 36682 വോട്ടിന്റെ മിന്നും ഭൂരിപക്ഷത്തിനാണ് കൊടുവള്ളിയിൽ നിന്ന് ആദ്യമായി നിയമസഭയിൽ എത്തുന്നത്. മന്ത്രി എ.കെ. ശശീന്ദ്രനെ അട്ടിമറിച്ച് വൻ വിജയം നേടിയ പിലാശ്ശേരി സ്വദേശിയായിരുന്ന വിദ്യ ബാലകൃഷ്ണൻ 12162 വോട്ടിനാണ് കന്നിയങ്കത്തിൽ വിജയിച്ചത്. എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനെ ഇടതുകോട്ടയായി കണക്കാക്കുന്ന പേരാമ്പ്രയിൽ അട്ടിമറിച്ച് 5087 വോട്ടിന്റെ വിജയം നേടിയ പൂവാട്ടുപറമ്പ് സ്വദേശിയായ ഫാത്തിമ തഹ്‍ലിയ ആദ്യമായാണ് നിയമസഭയിൽ എത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ നിന്ന് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി 1422 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച കുറ്റിക്കാട്ടൂർ പാലാട്ടുമീത്തൽ സ്വദേശിയായ രമ്യ ഹരിദാസും നിയമസഭയിലേക്ക് ആദ്യമായാണ് എത്തുന്നത്. എന്നാൽ, കുന്ദമംഗലത്തിന്റെ സ്വന്തം എം.എൽ.എയായി വിജയിച്ചത് കൊടുവള്ളി സ്വദേശിയായ എം.എ. റസാഖ് മാസ്റ്ററാണ്. കഴിഞ്ഞ 15 വർഷമായി എൽ.ഡി.എഫ് ജയിച്ചിരുന്ന മണ്ഡലത്തിൽ 13313 വോട്ടിന്റെ ഉജ്ജ്വല വിജയം നേടിയാണ് റസാഖ് മാസ്റ്റർ നിയമസഭയിലേക്ക് ആദ്യമായി ജയിച്ചു കയറുന്നത്.
ജയിച്ച അര ഡസൻ പേരും യു.ഡി.എഫിൽ നിന്നാണ്. ടി. സിദ്ദീഖ്, രമ്യ ഹരിദാസ്, വിദ്യ ബാലകൃഷ്ണൻ എന്നീ മൂന്ന് പേർ കോൺഗ്രസ് സ്ഥാനാർഥികൾ ആയും പി.കെ. ഫിറോസ്, എം.എ. റസാഖ് മാസ്റ്റർ, ഫാത്തിമ തഹ്‍ലിയ എന്നിവർ ലീഗ് സ്ഥാനാർഥികളുമായാണ് മത്സരിച്ച് ജയിച്ചത്. എൽ.ഡി.എഫ് സിറ്റിങ് സീറ്റുകളിലാണ് മിക്കവരുടെയും അട്ടിമറി വിജയം. ടി. സിദ്ദീഖ് ഒഴികെ അഞ്ച് പേരും ആദ്യമായാണ് നിയമസഭയിൽ എത്തുന്നത്. രമ്യ ഹരിദാസ് എം.പിയായും ഫാത്തിമ തഹ്‍ലിയ കോർപറേഷൻ കൗൺസിലറായും ജയിച്ചിട്ടുണ്ട്.
മണ്ഡലത്തിൽ നിന്ന് എത്ര മന്ത്രിമാർ ഉണ്ടാകും എന്നാണ് ഇനി യു.ഡി.എഫ് പ്രവർത്തകരുടെ ആകാംക്ഷ. ടി. സിദ്ദീഖ്, എം.എ. റസാഖ് മാസ്റ്റർ എന്നിവരെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് യു.ഡി.എഫ് പ്രവർത്തകരുടെ വിശ്വാസം. യു.ഡി.എഫിലെ വനിത മന്ത്രിമാരായി ഒരുപക്ഷെ മണ്ഡലത്തിൽ നിന്ന് ജയിച്ചു വന്നവരെ ആരെയെങ്കിലും പരിഗണിച്ചേക്കാം എന്നും യു.ഡി.എഫുകാർ പ്രതീക്ഷിക്കുന്നു. ജയിച്ചവർ അവരുടെ മണ്ഡലത്തിനോടൊപ്പം കുന്ദമംഗലത്തിനും പരിഗണന നൽകുമെന്ന് ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ് അണികളും നാട്ടുകാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.