ശശികലയുടെ സുഖവാസ ജീവിതം പുറത്തുപറഞ്ഞ തടവുകാർക്ക് ക്രൂരമർദനം

* മനുഷ്യാവകാശ കമീഷൻ അന്വേഷണ റിപ്പോർട്ടിലാണ് വിവരം ബംഗളൂരു: പരപ്പന അഗ്രഹാര ജയിലിൽ ശശികല ഉൾപ്പെടെ രാഷ്ട്രീയ സ്വാധീനമുള്ളവർ സുഖവാസജീവിതം നയിക്കുന്ന വിവരം പുറത്തുപറഞ്ഞ തടവുകാർ ജയിൽ അധികൃതരുടെ ക്രൂരമർദനത്തിന് ഇരകളായെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഇൻസ്പെക്ടർ ഒാഫ് പൊലീസ് ജനറൽ സൗമേന്ദു മുഖർജി കഴിഞ്ഞദിവസം സമർപ്പിച്ച 72 പേജ് അന്വേഷണ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. അന്നത്തെ ജയിൽ ഡി.ഐ.ജി ഡി. രൂപ ശശികലയുടെയും മറ്റു വി.ഐ.പികളുടെയും അനധികൃത സൗകര്യങ്ങൾ വെളിപ്പെടുത്തിയതിന് തൊട്ടടുത്ത ദിവസമായ ജൂലൈ 16നാണ് തടവുകാർക്ക് ക്രൂരമർദനമേറ്റത്. ജയിൽ ഡി.ജി.പിയായിരുന്ന എച്ച്.എൻ.എസ്. റാവു ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയാണ് സുഖവാസ സൗകര്യങ്ങൾ ഒരുക്കിയതെന്നും രൂപയുടെ റിപ്പോർട്ടിലുണ്ടായിരുന്നു. ഇതിനിടെ വിവരങ്ങൾ രൂപയോട് വെളിപ്പെടുത്തിയ തടവുകാർക്ക് ക്രൂരമർദനമേറ്റെന്ന് മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നതി​െൻറ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമീഷൻ സ്വമേധയ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിനിടെ മുഖർജി ഈ തടവുകാരെ നേരിട്ട് കണ്ടു. രൂപയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഏതാനും തടവുകാരെ മറ്റു ജയിലുകളിലേക്ക് മാറ്റുകയും ചെയ്തു. മറ്റു ജയിലിലേക്ക് മാറ്റുമ്പോൾ ഇവർ മുടന്തിയാണ് പോയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് മുഖർജിയുടെ റിപ്പോർട്ടിലുണ്ട്. കൂടാതെ, ഏതാനും തടവുകാരെ വീൽചെയറിലാണ് കൊണ്ടുപോയത്. ജയിലിലെ വി.ഐ.പികളുടെ സുഖവാസജീവിതം പുറത്തുവിട്ടതിനു മാത്രമല്ല, രൂപയെ ഡി.ഐ.ജി സ്ഥാനത്തുനിന്ന് നീക്കം ചെയ്ത നടപടിക്കെതിരെ പ്രതിഷേധിച്ച തടവുകാരെയും ക്രൂരമായി മർദിച്ചു. പ്രതിഷേധിച്ചവരെയെല്ലാം ഒരു മുറിയിലേക്ക് മാറ്റിയാണ് മർദിച്ചത്. ഗുരുതരാവസ്ഥയിലായിട്ടുപോലും ഇവരെ മറ്റു ജയിലിലേക്ക് അയച്ചെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ മീര സി. സക്സേന പറഞ്ഞു. തടവുകാരെ മർദിച്ചതായി ആരോപണം നേരിടുന്ന ജയിൽ ഉദ്യോഗസ്ഥൻ കൃഷ്ണകുമാർ ഇപ്പോൾ കലബുറഗി ജയിലിലാണ്. ഇദ്ദേഹത്തോട് ഈ മാസം 23ന് കമീഷൻ മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് നൽകിയിട്ടുണ്ട്. അനീസ് മൊയ്തീൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.