കോഴിക്കോട്: നീണ്ട 75 വർഷത്തെ നിസ്വാർഥ സേവനത്തിനുശേഷം കുഞ്ഞീമ കോട്ടപ്പറമ്പ് ആശുപത്രി വിട്ടിറങ്ങുകയാണ്. ആരാണ് ഇൗ കുഞ്ഞീമ എന്നല്ലേ. അതൊരു വലിയ ചരിത്രമാണ്. കുഞ്ഞീമക്ക് നാടും വീടുമെല്ലാം ഇൗ സർക്കാർ ആശുപത്രിയാണ്. ബന്ധുക്കൾ ഇവിടത്തെ ഡോക്ടർമാരും രോഗികളും അവരുടെ കൂട്ടിരിപ്പുകാരും. വയസ്സ് 82 ആയതോടെ കാഴ്ചയും കേൾവിയും ഒാർമയുമെല്ലാം അൽപം കുറഞ്ഞിട്ടുണ്ട്. ആറാം വയസ്സിൽ വയറ്റിൽ നീരുവന്ന് നടക്കാൻപോലും കഴിയാത്ത അവസ്ഥയിൽ സഹോദരനാണ് കുഞ്ഞീമയെ ഇവിടെയെത്തിച്ചത്. ദീർഘനാളത്തെ ചികിത്സക്കിടെ സഹോദരനെ കാണാതായി. ഇതേക്കുറിച്ച് 'അന്ന് പോയതാ ആങ്ങള. ഇന്നുവരെ ഒാൻ വന്നീല്യ' എന്നുമാത്രമേ കുഞ്ഞീമക്ക് പറയാനുള്ളൂ. ആശുപത്രിയിൽ ഒറ്റക്കായ കുഞ്ഞീമയെ ഡോക്ടർമാരും ജീവനക്കാരുമെല്ലാം സ്വന്തം മകളെേപ്പാലെയാണ് പരിചരിച്ചത്. പൂർണാരോഗ്യം വീണ്ടെടുത്ത കുഞ്ഞീമ ആശുപത്രിയുടെ 'കുഞ്ഞീമക്കുട്ടി'യായി. പിന്നീട് ഡോക്ടർമാർക്ക് ഭക്ഷണം എത്തിക്കുക, ആശുപത്രി ജീവനക്കാരെ സഹായിക്കുക തുടങ്ങി തിരക്കുപിടിച്ചതായിരുന്നു ഇവരുടെ ജീവിതം. പ്രായം 20 ആയപ്പോൾ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കണം എന്നൊരാഗ്രഹം. ഇത് അന്നത്തെ ഒരു ഡോക്ടറോട് പറഞ്ഞു. പിന്നീട് ജീവനക്കാർതന്നെ ചില ആലോചനകൾ െകാണ്ടുവന്നു. വെള്ളയിൽനിന്നൊരാൾ കുഞ്ഞീമയെ കാണാൻ ആശുപത്രിയിലെത്തുകയും വിവാഹം ഉറപ്പിക്കുകയും ചെയ്തു. വിവാഹച്ചെലവെല്ലാം വഹിച്ചത് ആശുപത്രി അധികൃതരായിരുന്നു. വെള്ളയിൽ താമസിക്കവെ പുയാപ്ല രോഗം വന്ന് മരിക്കുകയും കുഞ്ഞീമ വീണ്ടും ആശുപത്രിയിൽ തിരിച്ചെത്തുകയും ചെയ്തു. വാർഡുകൾക്കു പിന്നിലെ പഴയ കെട്ടിടത്തിൽ താമസിച്ച് പഴയപോലെ ജോലികളിൽ മുഴുകി. വർഷങ്ങൾ കടന്നുപോയതോടെ ആശുപത്രിയിൽ പല പരിഷ്കാരവും നവീകരണവും വന്നു. പഴയ ജീവനക്കാരും ഡോക്ടർമാരുമെല്ലാം വിരമിച്ചു. എല്ലാത്തിനും സാക്ഷിയായി കുഞ്ഞീമ മാത്രം. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായതോടെ പ്രസവത്തിനാണ് ഇവിടെ കൂടുതൽ പേർ എത്തുന്നത്. ഇവരുമായെല്ലാം നല്ല കൂട്ടായതോടെ പലരും കുഞ്ഞീമയെ അവരുടെ വീട്ടിലേക്ക് സ്ഥിരതാമസത്തിന് വിളിച്ചു. കുഞ്ഞീമ പോയില്ല. ഇേതക്കുറിച്ച് 'ഇവിടെ പെറ്റോർക്കൊക്കെ എന്നെ അറിയാം മോനേ' എന്നാണ് ഇവരുടെ പറച്ചിൽ. കോട്ടപ്പറമ്പിലുള്ള കൂട്ടുകാരി ബീവി നഫീസയാണ് അക്കാലത്ത് സഹായങ്ങളൊക്കെ ചെയ്തുകൊടുത്തത്. ബീവി മരിച്ചതോടെ അവരുടെ മകൾ പന്നിയങ്കര സ്വദേശി റസിയ അഷ്റഫ് കുഞ്ഞീമയുടെ ഇഷ്ടക്കാരിയായി. ഖത്തറിൽ ജോലിചെയ്യുന്ന റസിയ നാട്ടിൽ വരുേമ്പാെഴല്ലാം ഇവരെ കാണാൻ വരും. വാർധക്യത്തിെൻറ അവശതകൾ കാരണം പ്രാഥമിക കൃത്യങ്ങൾപോലും ഒറ്റക്ക് ചെയ്യാൻ കഴിയാതായതോടെയാണ് അഗതിമന്ദിരത്തിലേക്ക് മാറാൻ കുഞ്ഞീമ തീരുമാനിച്ചത്. ഇത് റസിയയോട് പങ്കുവെച്ചതോടെ എടച്ചേരി തണലിലേക്ക് മാറാമെന്ന് അതിെൻറ പ്രവർത്തകനായ സുബൈർ മണലൊടി അറിയിച്ചു. എന്നാൽ, കൂടുതൽ ദൂരമുള്ളതിനാൽ നരിക്കുനി അത്താണിയിലേക്ക് മാറാൻ തീരുമാനിച്ചു. അഗതിയാണെന്നതിെൻറ രേഖകളെല്ലാം ശരിയാക്കി വ്യാഴാഴ്ച ഏഴരപതിറ്റാണ്ടിെൻറ സേവനം പൂർത്തിയാക്കി കുഞ്ഞീമ അത്താണിയിലേക്ക് മാറും. -കെ.ടി. വിബീഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.