വളപട്ടണം: റിയൽ എസ്റ്റേറ്റ് ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് നിരവധിപേരിൽനിന്നായി ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ അധ്യാപിക അറസ്റ്റിൽ. നാറാത്ത് സ്വദേശിനിയും കണ്ണൂർ ബല്ലാർഡ് റോഡിലെ വാടകവീട്ടിൽ താമസക്കാരിയുമായ ജ്യോതി എന്ന കെ.എൻ. ജ്യോതിലക്ഷ്മിയെയാണ് (47) ശനിയാഴ്ച രാവിലെ വളപട്ടണം പ്രിൻസിപ്പൽ എസ്.ഐ ശ്രീജിത്ത് േകാടേരിയും സംഘവും അറസ്റ്റ് ചെയ്തത്. ഇവരെ കണ്ണൂർ ജുഡീഷ്യൽ സെക്കൻഡ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. അഴീക്കോട് ഫിഷറീസ് എൽ.പി സ്കൂളിൽ അധ്യാപികയായി ജോലിചെയ്തുവരുന്ന ജ്യോതിലക്ഷ്മി 2015ൽ പ്രവാസിയായ അഴീക്കോട്ടെ മുകുന്ദൻ എന്നയാളിൽനിന്ന് റിയൽ എസ്റ്റേറ്റ് ഇടപാടിനെന്നപേരിൽ 40 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചതായാണ് ഒരു പരാതി. തളിപ്പറമ്പ് പൂവ്വത്തെ ഒന്നര ഏക്കർ ഭൂമി ജ്യോതിയുടെയും മുകുന്ദെൻറയും ഉടമസ്ഥതയിൽ വാങ്ങാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. എന്നാൽ, ഭൂമി വാങ്ങാതെ വിശ്വാസവഞ്ചന നടത്തിയതായാണ് കേസ്. കതിരൂരിലെ കുഞ്ഞിക്കണ്ണൻ എന്നയാളെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 20 ലക്ഷം രൂപ വാങ്ങിയ കേസും നിലവിലുണ്ട്. പണം തിരിച്ചുകിട്ടാത്തതിൽ മനംനൊന്ത് പിന്നീട് കുഞ്ഞിക്കണ്ണൻ ജീവനൊടുക്കുകയായിരുന്നു. മകളുടെ കല്യാണത്തിന് പണം തിരിച്ചുചോദിച്ചപ്പോൾ ജ്യോതി ഇയാളെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ആത്മഹത്യ ചെയ്തുവെന്നാണ് പരാതി. നാറാത്ത് സ്വദേശി ചന്ദ്രൻ എന്നയാളിൽനിന്ന് 12 ലക്ഷം രൂപ വാങ്ങി തിരിച്ചുകൊടുത്തില്ലെന്ന കേസും നിലവിലുണ്ട്. തളിപ്പറമ്പ് ഭാഗത്ത് വസ്തു ഇടപാട് നടത്താമെന്ന് പറഞ്ഞ് മറ്റു പലരിൽനിന്നുമായി 20 ലക്ഷം രൂപ തട്ടിയെടുത്തതായ പരാതിയും നിലവിലുണ്ട്. ഭർത്താവുമായി അകന്നുകഴിയുന്ന ജ്യോതി ആഡംബരജീവിതമാണ് നയിക്കുന്നത്. കേരളത്തിന് അകത്തും പുറത്തും വിനോദയാത്ര പോയവകയിൽ കണ്ണൂരിലെ ടാക്സി ഡ്രൈവർമാർക്ക് നാലു ലക്ഷം രൂപയോളം വാടകയിനത്തിൽ ലഭിക്കാനുണ്ടെന്ന് കാണിച്ച് കണ്ണൂരിലെ ടാക്സി ഡ്രൈവർ അയൂബ് കണ്ണൂർ െപാലീസിൽ നൽകിയ പരാതിയും നിലവിലുണ്ട്. മറ്റ് െപാലീസ് സ്റ്റേഷനിൽ പരാതിയുണ്ടോ എന്നതും അന്വേഷിച്ചുവരുകയാണ്. നാറാത്ത് സ്വദേശി കൊടുത്ത പരാതിയിൽ ഇവർക്കെതിരെ വാറൻറ് നിലവിലുണ്ട്. കണ്ണൂർ ടൗൺ, തലശ്ശേരി, കതിരൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് മറ്റു കേസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.