പേരാമ്പ്ര: ജില്ലയിലെ 43 പഞ്ചായത്തുകളിലും മൂന്നു മുനിസിപ്പാലിറ്റികളിലും കോർപറേഷനിലും ജലവിതരണം നടത്തുന്ന കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാമും കനാലുകളും അപകടാവസ്ഥയിലെന്ന് മന്ത്രി മാത്യു ടി. തോമസിെൻറ നേതൃത്വത്തിൽ നടത്തിയ അവലോകന യോഗത്തിൽ അധികൃതരുടെ വിശദീകരണം. എക്സിക്യൂട്ടിവ് എൻജിനീയർ കെ. രാമചന്ദ്രൻ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഡാമും കനാലുകളും അപകടാവസ്ഥയിലാണെന്ന് വിശദീകരിക്കുന്നത്. പെരുവണ്ണാമൂഴി ഡാമിന് ബലക്കുറവുണ്ടെന്നും എത്രയും പെട്ടെന്ന് സപ്പോർട്ടിങ് ഡാം നിർമിക്കണമെന്നും വിദഗ്ധർ നടത്തിയ പഠനത്തിൽ പറയുന്നുണ്ട്. ലോകബാങ്ക് സഹായത്തോടെ ഡാമിെൻറ ഗ്രൗണ്ടിങ് നവീകരണപ്രവൃത്തി നടക്കുന്നുണ്ട്. സപ്പോർട്ടിങ് ഡാം പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയാറാക്കി വരുന്നതേയുള്ളൂ. പെരുവണ്ണാമൂഴിയിൽനിന്ന് ഇടതുകര, വലതുകര കനാലുകളായാണ് വിവിധ ഭാഗങ്ങളിലേക്ക് പോകുന്നത്. ഇരു കനാലുകളുടെയും ഷട്ടർ ജീർണാവസ്ഥയിലാണ്. 603 കിലോമീറ്ററാണ് മൊത്തം കനാലിെൻറ വിസ്തീർണം. ഇതിൽ പല ഭാഗങ്ങളിലും വൻ ചോർച്ചയുണ്ട്. കനാൽ തുടങ്ങുന്ന ഒന്നാം കിലോമീറ്ററിനും രണ്ടാം കിലോമീറ്ററിനും ഇടയിലുള്ള ഭാഗത്ത് 300 മീറ്റർ നീളത്തിൽ 12 മീറ്റർ താഴ്ചയിൽ പാറ പൊട്ടിച്ചാണ് കനാൽ നിർമിച്ചത്. 5.8 മീറ്റർ വീതി വേണ്ട സ്ഥാനത്ത് 3.5 മീറ്റർ വീതി മാത്രമാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ കൂടുതൽ വെള്ളം തുറന്നുവിടുമ്പോൾ ചോർച്ചയുണ്ടാവുന്നു. കനാൽ തുറന്നാൽ പല പാടശേഖരങ്ങളിലും വെള്ളം കയറി കൃഷി നശിക്കുന്നുണ്ട്. പല വീടുകളിലും വെള്ളം കയറുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. 2011ൽ കോഴിക്കോട് എൻ.ഐ.ടി അഞ്ച് അക്വഡേറ്റുകൾ പരിശോധിച്ചപ്പോൾ രണ്ടെണ്ണം പൊളിച്ചുമാറ്റണമെന്നും മൂന്നെണ്ണം നവീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. അക്വഡേറ്റുകളുടെ കോൺക്രീറ്റ് അടർന്നുവീണ് കമ്പി തുരുമ്പെടുത്തു തുടങ്ങിയിട്ടുണ്ട്. പല ഭാഗത്തും വൻ ചോർച്ചയുമുണ്ട്. മരുതോങ്കര ഉൾപ്പെടെയുള്ള പല കനാൽ പാലങ്ങളും അപകടാവസ്ഥയിലാണ്. കനാലിെൻറ അണ്ടർ ടണൽ പലഭാഗത്തും അപകടാവസ്ഥയിലാണ്. മൂന്നു വർഷം മുമ്പ് കൂത്താളി പഞ്ചായത്തിലെ മാമ്പള്ളിയിൽ അണ്ടർ ടണൽ പൊട്ടിയത് വൻ നാശനഷ്ടമുണ്ടാക്കിയിരുന്നു. ആളുകൾക്ക് നടന്നുപോകാൻ കനാലിനു കുറുകെ നിർമിക്കുന്ന പാലങ്ങളുടെ തൂൺ കനാലിെൻറ ഒഴുക്ക് തടസ്സപ്പെടുത്തുന്നതായും കണ്ടെത്തി. കനാൽ ഭൂമി വ്യാപകമായി ൈകയേറുന്നുണ്ട്. 2200 ഏക്കർ ഭൂമി ഉണ്ടെങ്കിലും അതിെൻറ രേഖകൾ വകുപ്പിെൻറ കൈവശമില്ല. അതുകൊണ്ട് സർവേ നടത്തി ഭൂമി സംരക്ഷിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. പല സ്ഥലങ്ങളിലും വെള്ളമെത്തിക്കാൻ കഴിയാത്തതുകൊണ്ട് ആളുകൾ കനാൽ നികത്തി റോഡാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. കനാലിലൂടെ മാലിന്യം ഒഴുക്കിവിടുന്നത് വ്യാപകമാണെന്നും പറയുന്നു. കനാൽ നവീകരണത്തിന് 148 കോടി വേണം. തൽക്കാലം 60 കോടിയെങ്കിലും ലഭിച്ചാൽ മാത്രമേ ജില്ലയിലെ കനാൽ ജലവിതരണം സുഗമമാക്കാൻ കഴിയൂ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.