കാലിക്കറ്റിൽ മൂല്യനിർണയ വേതനം ഉടൻ വിതരണം ചെയ്യും, സ്വാശ്രയ അധ്യാപകർ ബഹിഷ്​കരണം മാറ്റിവെച്ചു

തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ തിങ്കളാഴ്ച മുതൽ നടക്കുന്ന കേന്ദ്രീകൃത പരീക്ഷ മൂല്യനിർണയ ക്യാമ്പ് ബഹിഷ്കരണം സെൽഫ് ഫിനാൻസിങ് കോളജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ പിൻവലിച്ചു. പരീക്ഷ കൺട്രോളർ ഡോ. വി.വി. ജോർജുട്ടി, ഫിനാൻസ് ഒാഫിസർ തുടങ്ങിയവരുമായി ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇനി മുതൽ സ്വാശ്രയ അധ്യാപകർക്ക് മൂല്യനിർണയം നടത്തുന്ന മുഴുവൻ പേപ്പറുകൾക്കും പാർട്ട് ഒാഫ് ഡ്യൂട്ടി ബാധകമാക്കാതെ പ്രതിഫലം നൽകും. കുടിശ്ശിക വേതനം തിങ്കളാഴ്ച മുതൽ വിതരണം ആരംഭിക്കുമെന്നും മുൻകാലങ്ങളിൽ ഡ്യൂട്ടിയുടെ ഭാഗമാക്കി യൂനിവേഴ്സിറ്റി പിടിച്ചുവെച്ച വേതനം പുനർനിർണയിച്ച് വീണ്ടും വിതരണം നടത്തുമെന്നും യൂനിവേഴ്സിറ്റി ഫിനാൻസ് ഒാഫിസർ ഉറപ്പ് നൽകി. മൂല്യനിർണയ പ്രക്രിയയിൽ അധ്യാപകർ ചൂണ്ടിക്കാണിച്ച അപാകതകൾ പരിഹരിക്കാൻ അടുത്തയാഴ്ച വൈസ് ചാൻസലറുടെ നേതൃത്വത്തിൽ യോഗം ചേരും. അതത് കോളജുകളിൽ നടക്കുന്ന പരീക്ഷ ഡ്യൂട്ടിയുടെ വേതനം ഇതോടൊപ്പം വിതരണം ചെയ്യും. ബിരുദ പേപ്പറുകൾക്ക് 15 രൂപയും ബിരുദാനന്തര പേപ്പറുകൾക്ക് 22 രൂപയും ഡി.എ ഇനത്തിൽ 400 രൂപയും ഇനി മുതൽ അധ്യാപകർക്ക് ലഭിക്കും. കഴിഞ്ഞ വർഷങ്ങളിെല പരീക്ഷ മൂല്യനിർണയ വേതനം വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് സ്വാശ്രയ അധ്യാപകർ യൂനിവേഴ്സിറ്റി ഭരണവിഭാഗം കേന്ദ്രത്തിലേക്ക് മാർച്ച് നടത്തിയിരുന്നു. മാർച്ച് യൂനിവേഴ്സിറ്റി എംപ്ലോയീസ് യൂനിയൻ സെക്രട്ടറി എൻ. വിനോദ് ഉദ്ഘാടനം ചെയ്തു. മുൻ ഡെപ്യൂട്ടി രജിസ്ട്രാർ വി. സ്റ്റാലിൻ, കെ.പി. അസീസ് ബാവ, പ്രഫ. പി.എൻ. പത്മനാഭൻ, പി.എം. സദാനന്ദൻ, പ്രഫ. ടി.വി. കൃഷ്ണൻകുട്ടി, കെ. റിഷാദ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.