സി.പി.എം നാദാപുരം ഏരിയ സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരം നിലവിലെ സെക്രട്ടറി സ്ഥാനം നിലനിർത്തിയത് ഒറ്റ വോട്ടിന്

നാദാപുരം: സി.പി.ഐയിൽനിന്ന് നാദാപുരം മണ്ഡലം തിരിച്ചുപിടിക്കണമെന്ന് നാദാപുരം ഏരിയ സമ്മേളനത്തിൽ പ്രതിനിധികൾ. ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന കടുത്ത മത്സരത്തിൽ നിലവിലെ സെക്രട്ടറി ജയിച്ചത് ഒരു വോട്ടിന്. സി.പി.ഐ കാലാകാലങ്ങളായി കൈയടക്കിവെക്കുന്ന നാദാപുരം സീറ്റ് സി.പി.എം പിടിച്ചെടുക്കണമെന്ന് പ്രവർത്തകർ നിരന്തരം ആവശ്യപ്പെട്ടുവരുകയായിരുന്നു. ഇതിനിടെ ഏരിയ സമ്മേളനത്തിൽനിന്നുതന്നെ ശബ്ദ-മുയർന്നത് പ്രവർത്തകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. വി.എസ്-പിണറായി ഗ്രൂപ്പില്ലെങ്കിലും ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് വാശിയേറിയ തെരഞ്ഞെടുപ്പാണ് നടന്നത്. നിലവിലെ സെക്രട്ടറി ഒരു വോട്ടി​െൻറ പിൻബലത്തിലാണ് ജയിച്ചുകയറിയത്. സെക്രട്ടറിക്കെതിരെ മത്സരരംഗത്തുണ്ടായിരുന്ന സി.എച്ച്. മോഹനന് 10ഉം പി.പി. ചാത്തുവിന് 11ഉം വോട്ടാണ് ലഭിച്ചത്. മേഖലയിൽ സി.പി.എമ്മിനകത്ത് നിലനിൽക്കുന്ന വിഭാഗീയത സമ്മേളനത്തിൽ മറനീക്കി പുറത്തുവന്നത് ഏറെ ചർച്ചയായി. കഴിഞ്ഞ ഏരിയ സമ്മേളനത്തിൽ ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി സി.എച്ച്. ബാലകൃഷ്ണനെ മാറ്റി ജില്ല സെക്രട്ടറി പി.പി. ചാത്തുവിനെ ഏരിയ സെക്രട്ടറിയാക്കിയതാണ് നാദാപുരത്തെ ഗ്രൂപ് സമവാക്യങ്ങൾ തെറ്റിച്ചത്. ബാലകൃഷ്ണനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറാക്കിയാണ് കഴിഞ്ഞ സമ്മേളനത്തിൽ നേരിയ വോട്ടി​െൻറ ബലത്തിൽ കമ്മിറ്റിയിൽ നിലനിന്ന ചാത്തുവിനെ സെക്രട്ടറിയാക്കിയത്. ഏരിയ കമ്മിറ്റി അംഗങ്ങളായ സി.എച്ച്. ബാലകൃഷ്ണനും ടി. പ്രദീപും പി.കെ. ശൈലജയും മോഹനനുവേണ്ടി കൈ പൊക്കിയത് ജില്ല നേതൃത്വത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. പുതുതായി കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ ഇരിങ്ങണ്ണൂർ ലോക്കൽ സെക്രട്ടറി അനിലും മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി വനജയും ചാത്തുവിനെ പിന്തുണച്ചപ്പോൾ ഡി.വൈ.എഫ്.ഐയെ പ്രതിനിധാനം ചെയ്ത് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി രാജൻ സി.എച്ച്. മോഹനനുവേണ്ടി കൈയുയർത്തി. ജില്ല സെക്രട്ടറി പിന്മാറാൻ ആവശ്യപ്പെട്ടെങ്കിലും മത്സരരംഗത്തുള്ളവർ ഉറച്ചുനിന്നതോടെ മത്സരം അനിവാര്യമാവുകയായിരുന്നു. ഇതിനിടെ ജില്ലയിലെ പ്രമുഖ നേതാവ് ഏരിയ കമ്മിറ്റി അംഗത്തെ ഭീഷണിയുടെ സ്വരത്തിൽ വോട്ട് ചെയ്യിച്ചതായും ആരോപണമുണ്ട്. എം.വി. ജയരാജൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.