സമൂഹത്തിലെ ഇരുട്ട് ഇന്നും നീങ്ങിയിട്ടില്ല ^മന്ത്രി കെ.കെ. ശൈലജ

സമൂഹത്തിലെ ഇരുട്ട് ഇന്നും നീങ്ങിയിട്ടില്ല -മന്ത്രി കെ.കെ. ശൈലജ കോഴിക്കോട്: കണ്ടാൽ ഏറെ സ്വതന്ത്രരെന്ന് തോന്നുന്ന കേരളീയ സമൂഹത്തിലെ ഇരുട്ട് ഇന്നും നീങ്ങിയിട്ടില്ലെന്ന് ആരോഗ്യ-സാമൂഹികക്ഷേമ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ജില്ല ലീഗൽ സർവിസ് അതോറിറ്റിയുെടയും (ഡി.എൽ.എസ്.എ) സംസ്ഥാന വനിതവികസന കോർപറേഷ​െൻറയും(കെ.എസ്.ഡബ്ല്യു.ഡി.സി) സഹകരണത്തോടെ നോളജ് ട്രീ ഫൗണ്ടേഷൻ ഒരുക്കിയ ഹ്രസ്വചിത്രം 'പെണ്ണൊരുത്തി' പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി. പുറത്ത് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും പ്രസംഗിക്കുന്നവർ വീട്ടിലെത്തിയാൽ സ്വഭാവം മാറുന്നതാണ് കേരളീയസമൂഹത്തിലെ ഭൂരിപക്ഷ കാഴ്ച. ആചാരങ്ങളും വിശ്വാസങ്ങളും അധികാരങ്ങളുമെല്ലാം സ്ത്രീയെ അടിച്ചമർത്തുന്ന സാഹചര്യത്തിൽ സ്ത്രീപക്ഷമായി ചിന്തിക്കുന്ന സിനിമകളും കലാസൃഷ്ടികളുമെല്ലാം ഉണ്ടാകേണ്ടത് കാലഘട്ടത്തി‍​െൻറ ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നടി മഞ്ജുവാര്യർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സ്ത്രീ സ്വാതന്ത്ര്യമെന്നാൽ പുരുഷനെ അടിച്ചമർത്തലോ മോശമായി ചിത്രീകരിക്കലോ അല്ലെന്നും അവൾ സമൂഹത്തിൽ ബഹുമാനിക്കപ്പെടാനും സുരക്ഷിതരായിരിക്കാനുമുള്ള പോരാട്ടമാണെന്നും അവർ പറഞ്ഞു. സ്ത്രീ ഏറ്റവും സന്തോഷിക്കുന്നത് അവർ ബഹുമാനിക്കപ്പെടുമ്പോഴാണെന്നും ഇതിന് കാലാകാലമായി സ്ത്രീയോടുള്ള മനോഭാവം മാറേണ്ടതുണ്ടെന്നും മഞ്ജുവാര്യർ കൂട്ടിച്ചേർത്തു. അഡീഷനൽ ജില്ല ജഡ്ജ് എ. ശങ്കരൻ നായർ അധ്യക്ഷത വഹിച്ചു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആർ.എൽ. ബൈജു, സിറ്റി പൊലീസ് കമീഷണർ എസ്. കാളിരാജ് മഹേഷ്കുമാർ, ഷാജൂൺ കര്യാൽ, ദീദി ദാമോദരൻ, പി.വി. ചന്ദ്രൻ, കെ.എസ്.ഡബ്ല്യു.ഡി.സി ചെയർപേഴ്സൺ കെ.എസ്. സലീഖ, ചിത്രത്തി‍​െൻറ സംവിധായകൻ സുധികൃഷ്ണൻ, കെ.യു. ബാബു എന്നിവർ സംസാരിച്ചു. ഡി.എൽ.എസ്.എ സെക്രട്ടറി എം.പി. ജയരാജ് സ്വാഗതവും വി.സി. ബിന്ദു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.