കോഴിക്കോട്: ജില്ലയിലെ സ്കൂൾ പാചകത്തൊഴിലാളികൾക്ക് ശമ്പളം വൈകുന്നതായി പരാതി. ഓരോ മാസവും 15ാം തീയതിക്കുശേഷമാണ് വേതനം ലഭിക്കുന്നത്. ബാങ്ക് അക്കൗണ്ടിലൂടെയാണ് നിലവിൽ വേതനം നൽകുന്നത്. കൃത്യസമയത്ത് ശമ്പളം കിട്ടാത്തതിനാൽ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലാണെന്ന് ജില്ല സ്കൂൾ പാചക തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) പരാതിപ്പെട്ടു. ജില്ലയിൽ വിവിധ സംഘടനകൾക്കുകീഴിലായി 1400ഓളം പാചകതൊഴിലാളികളുണ്ട്. സ്കൂളുകളിൽ നിന്ന് യഥാസമയത്ത് ആവശ്യമായ രേഖകൾ സമർപ്പിക്കാത്തതിനാലാണ് കാലതാമസമെന്നാണ് ഉപജില്ലവിദ്യാഭ്യാസ ഓഫിസിെൻറ വിശദീകരണം. 30ാം തീയതി വരെയുള്ള പാചകവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യസമയത്ത് എ.ഇ.ഒ ഓഫിസിൽ എത്തിക്കാൻ അധികൃതർ തയാറാവുന്നില്ല. എന്നാൽ, സ്കൂൾ അധ്യാപകർക്കും മറ്റു ജീവനക്കാർക്കും രണ്ടാം തീയതി തന്നെ ശമ്പളം ലഭിക്കുന്നുണ്ട്. എ.ഇ.ഒ ഓഫിസിൽ നിന്ന് ബാങ്കിൽ രേഖകൾ സമർപ്പിച്ചാൽ അവിടെയും രണ്ട് ദിവസം കാലതാമസം ഉണ്ടാവുന്നു. ഇതേതുടർന്നാണ് വേതനം കിട്ടാൻ മാസം പകുതി വരെ കാത്തിരിക്കേണ്ടി വരുന്നത്. രേഖകൾ കൃത്യമായി സമർപ്പിച്ച് അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് യൂനിയൻ ആവശ്യപ്പെട്ടു. കൃത്യവിലോപം വരുത്തുന്ന സ്കൂളുകൾക്കെതിരെ നടപടി സ്വീകരിക്കാനും അധികൃതരോട് അവർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രക്ഷോഭപരിപാടിയിലേക്ക് നീങ്ങാൻ യൂനിയൻ ജില്ലകമ്മിറ്റി യോഗം തീരുമാനിച്ചു. സെക്രട്ടറി പി. നാരായണൻ, കെ.കെ. രാഘവൻ, സി.പി. സോമൻ, എം. മുകുന്ദൻ, കെ. പുഷ്പ, അജിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.