ആയഞ്ചേരിയിൽ സംഘർഷം, ചർച്ച ശനിയാഴ്ച ആയഞ്ചേരി: അരൂരിൽനിന്നുള്ള ജനകീയ ജീപ്പ് സർവിസ് ഓട്ടോ തൊഴിലാളികൾ വീണ്ടും തടഞ്ഞതോടെ ആയഞ്ചേരിയിൽ സംഘർഷം. ജനകീയ ജീപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരിയിൽ റോഡ് ഉപരോധിച്ചു. ഇത് വാക്തർക്കത്തിനും നേരിയ സംഘർഷത്തിനും കാരണമായി. ഉപരോധത്തെ തുടർന്ന് ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ആയഞ്ചേരിയിൽനിന്ന് വിവിധ ഭാഗങ്ങളിലേക്ക് ഓട്ടോകളുടെയും ജീപ്പുകളുടെയും പാരലൽ സർവിസ് നിർത്തിവെക്കാനും പ്രശ്നത്തെക്കുറിച്ച് ആർ.ടി.ഒയുടെ നേതൃത്വത്തിൽ ശനിയാഴ്ച ചർച്ച നടത്താനും പൊലീസ് ഇടപെട്ട് തീരുമാനിച്ചതോടെയാണ് പ്രശ്നത്തിന് താൽക്കാലിക പരിഹാരമായത്. അരൂർ പെരുമുണ്ടശ്ശേരിയിൽനിന്ന് കല്ലുമ്പുറം വഴി ആയഞ്ചേരിയിലേക്ക് ആരംഭിച്ച ജനകീയ ജീപ്പ് സർവിസ് നവംബർ ഒന്നിന് ആയഞ്ചേരിയിൽ ഓട്ടോ തൊഴിലാളികൾ തടഞ്ഞിരുന്നു. ഇതുസംബന്ധിച്ച് അധികൃതർ വിളിച്ചുചേർത്ത ചർച്ച പരാജയപ്പെട്ടതോടെ ജനകീയ കമ്മിറ്റി വ്യാഴാഴ്ച വീണ്ടും അരൂരിൽനിന്ന് ജനകീയ ജീപ്പ് സർവിസ് ആരംഭിച്ചു. രാവിലെ 11.30ഓടെ ആയഞ്ചേരി ബസ്സ്റ്റാൻഡിനടുത്ത് ഓട്ടോ തൊഴിലാളികൾ ജീപ്പ് തടയുകയായിരുന്നു. ഇത് ജനകീയ ജീപ്പ് സർവിസ് കമ്മിറ്റിക്കാരും ഓട്ടോക്കാരും തമ്മിൽ വാക്കേറ്റത്തിന് കാരണമായി. തുടർന്നാണ് യാത്രക്കാർ ജനകീയ ജീപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരി ജങ്ഷൻ ഉപരോധിച്ചത്. വാഹനങ്ങൾ ഉപരോധക്കാരെ മറികടന്ന് പോകാൻ ശ്രമിച്ചതും സംഘർഷത്തിന് ഇടയാക്കി. തുടർന്ന് വടകര എസ്.ഐയും ആർ.ടി.ഒ അധികൃതരും ഇരുവിഭാഗവുമായി ചർച്ച നടത്തിയതിെൻറ അടിസ്ഥാനത്തിൽ സമരം പിൻവലിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 10ന് ആർ.ടി.ഒയുടെ നേതൃത്വത്തിൽ ചർച്ച നടത്താനും അതുവരെ പാരലൽ സർവിസ് നിർത്തിവെക്കാനും ധാരണയായിട്ടുണ്ട്. ജനകീയ ജീപ്പുകൾ ആയഞ്ചേരിയിലേക്ക് വരുന്നത് തങ്ങളുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഓട്ടോ തൊഴിലാളി യൂനിയൻ നേതാവ് പുതുശ്ശേരി രാജൻ പറഞ്ഞു. ഇതനുവദിച്ചാൽ കൂടുതൽ സ്ഥലത്തുനിന്ന് സർവിസുകൾ വരും. ആയഞ്ചേരി ടൗണിൽ 125ലധികം ഓട്ടോകൾ സർവിസ് നടത്തുന്നുണ്ട്. ഇപ്പോൾതന്നെ വരുമാനം കുറവാണെന്നും കൂടുതൽ ജനകീയ ജീപ്പുകൾ വരുന്നത് വരുമാനത്തിൽ ഇടിവുണ്ടാക്കാൻ ഇടയാക്കുമെന്നും രാജൻ കൂട്ടിച്ചേർത്തു. എന്നാൽ, നിലവിൽ ഓട്ടോ സർവിസ് ഇല്ലാത്ത അരൂർ ഉദയ വായനശാലക്ക് സമീപത്തുനിന്ന് കല്ലുമ്പുറം വഴി ആയഞ്ചേരിയിൽ എത്തുന്നതിനെ ഓട്ടോക്കാർ തടയേണ്ട ആവശ്യമില്ലെന്ന് ജനകീയ ജീപ്പ് കൺവീനർ എം.എ. ഗഫൂർ അരൂർ പറഞ്ഞു. നാട്ടുകാർക്ക് സാധനങ്ങൾ വാങ്ങാനും ബാങ്കിങ് ഇടപാടുകൾ നടത്താനും യോജിച്ച ടൗണാണ് ആയഞ്ചേരി. വൈദ്യുതി ഓഫിസ് സ്ഥിതി ചെയ്യുന്നതും ഇവിടെ തന്നെ. ഇക്കാരണങ്ങൾ കൊണ്ടാണ് ജനകീയ ജീപ്പ് സർവിസ് ആരംഭിച്ചതെന്നും ഗഫൂർ ചൂണ്ടിക്കാട്ടി. അതേസമയം, സമരത്തിെൻറ പേരിൽ ആയഞ്ചേരിയിൽ നിന്ന് വില്യാപ്പള്ളി, കടമേരി, തറോപ്പൊയിൽ ഭാഗങ്ങളിലേക്കുള്ള ഓട്ടോ, ജീപ്പ് പാരലൽ സർവിസുകൾ നിലച്ചത് യാത്രക്കാർക്ക് ദുരിതമായി. ഇനി ഇവിടങ്ങളിലേക്ക് സ്പെഷൽ വിളിക്കേണ്ട അവസ്ഥയാണുള്ളത്. പറമ്പിൽ പാലം നിർമാണത്തെ തുടർന്ന് ആയഞ്ചേരി- വില്യാപ്പള്ളി റൂട്ടിൽ ബസ് ഓടുന്നില്ല. ഇപ്പോൾ ജനങ്ങൾക്ക് ആശ്വാസമായുള്ള ജീപ്പ് സർവിസും നിലക്കുന്നത് യാത്രക്കാർക്ക് തിരിച്ചടിയായി. ജനകീയ ജീപ്പ് പ്രശ്നം ആയഞ്ചേരിയിൽ സംഘർഷമായി മാറുന്നത് കച്ചവടക്കാരും ആശങ്കയോടെയാണ് കാണുന്നത്. ജീപ്പ് സർവിസ് വരുന്നത് ഗുണകരമാകുമെങ്കിലും പൊതുവേ സമാധാനമുള്ള ആയഞ്ചേരിയിൽ സംഘർഷമുണ്ടാകുന്നത് തങ്ങളുടെ വ്യാപാരത്തെ ബാധിക്കുമെന്ന അഭിപ്രായവും കച്ചവടക്കാരിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.