കക്കോടി: ബസ് റൂട്ടുകൾ അടിസ്ഥാനമാക്കിയുള്ള ഏകീകൃത നമ്പറിങ് പദ്ധതി പൂർത്തീകരിക്കാനായില്ല. ജില്ല മുൻ കലക്ടർ എൻ. പ്രശാന്തിെൻറ നേതൃത്വത്തിൽ നഗരത്തിെൻറ വളർച്ചയുടെ സൂചകമായി കൊട്ടിഘോഷിച്ച പദ്ധതിയാണ് മുളയിലേ തൂമ്പടച്ചുപോയത്. പദ്ധതിയുടെ ആദ്യഘട്ടം മുൻമന്ത്രി എം.കെ. മുനീർ ഉദ്ഘാടനം ചെയ്യുകയും കഴിഞ്ഞ കേരളപ്പിറവി ദിനത്തോടെ ജില്ലയിലെ മുഴുവൻ ബസുകളിലും നടപ്പാക്കുമെന്നും പറഞ്ഞിരുന്നു. സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെയുൾപ്പെടെ ആകർഷിക്കുന്ന രീതിയിൽ ബസ് ഗതാഗതം സൗകര്യപ്രദമാക്കുന്നതിനും ഇതര സംസ്ഥാനക്കാർക്കും വിനോദ സഞ്ചാരികൾക്കും പ്രായമായവർക്കും ഏറെ ഉപകാരപ്പെടുന്നതായതുകൊണ്ടുമാണ് നമ്പറിങ് നടപ്പാക്കുന്നതെന്നാണ് ഉദ്ഘാടന വേളയിൽ പറഞ്ഞിരുന്നത്. പദ്ധതിയുടെ ഭാഗമായി യാത്രക്കാർക്കുള്ള യാത്രാസഹായിയും സിറ്റി ബസുകൾക്കുള്ള ഇൻഫർമേഷൻ ബോർഡും വിതരണം ചെയ്തിരുന്നു. ബസ് ഒാപറേറ്റേഴ്സ് അസോസിയേഷനും പൊലീസും ആർ.ടി.ഒ വകുപ്പും ഏറെ സ്വാഗതം ചെയ്ത പദ്ധതി കലക്ടറുടെ സ്ഥലംമാറ്റത്തോടെ ഏതാണ്ട് നിലച്ച മട്ടാണ്. കണ്ണൂർ യൂനിവേഴ്സിറ്റിയിലെ മാനേജ്മെൻറ് വിഭാഗത്തിെൻറ സഹായത്തോടെയായിരുന്നു പരിപാടി ആരംഭിച്ചത്. സർക്കാർ ഫണ്ട് അനുവദിക്കാതിരുന്നതും തുടർ പ്രവർത്തനങ്ങൾ ഇല്ലാത്തതുമാണ് പദ്ധതി നിലച്ചുപോകാനിടയായതെന്ന് ആർ.ടി.ഒ പറഞ്ഞു. ആദ്യഘട്ടത്തിൽ സിറ്റി ബസുകൾക്കായിരുന്നുവെങ്കിലും പിന്നീട് കോഴിക്കോട്, വടകര, കൊയിലാണ്ടി, താമരശ്ശേരി എന്നിങ്ങനെ നാലു മേഖലകളാക്കി നമ്പറിങ് നടപ്പാക്കുമെന്നുമായിരുന്നു പറഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.