കോഴിക്കോട്: വെറും പി.എസ്.സി പരിശീലനത്തിൽ മാത്രം ഒതുക്കാതെ വിവിധ മത്സരപ്പരീക്ഷകൾക്ക് വിദ്യാർഥികളെയും ഉദ്യോഗാർഥികളെയും സജ്ജമാക്കുന്ന പുതിയറയിലെ കോച്ചിങ് സെൻറർ ഫോർ മൈനോരിറ്റി യൂത്തിന് 17 വയസ്സ്. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനുകീഴിൽ ആദ്യത്തെ സൗജന്യ പരിശീലന കേന്ദ്രമായി 2010 ഒക്ടോബറിൽ പ്രവർത്തനമാരംഭിച്ച സ്ഥാപനത്തിലൂടെ ഇതിനോടകം 1000ത്തിലേറെ പേർ ഉന്നത ഉദ്യോഗം നേടിക്കഴിഞ്ഞു. സെക്രേട്ടറിയറ്റ് അസിസ്റ്റൻറ്, ഡെപ്യൂട്ടി കലക്ടർ, ഹൈകോർട്ട് അസിസ്റ്റൻറ്, സബ് ഇൻസ്പെക്ടർ തുടങ്ങിയ തസ്തികകളിൽ നിയമിക്കപ്പെടുകയോ റാങ്ക്ലിസ്റ്റിൽ എത്തുകയോ ചെയ്തവരും നെറ്റ്, സെറ്റ് പരീക്ഷകളിൽ വിജയിച്ചവരും വിവിധ എൽ.ഡി.സി തസ്തികകളിൽ നിയമിതരായവരും ഇക്കൂട്ടത്തിലുണ്ട്. എസ്.എസ്.എൽ.സി, പ്ലസ്ടു അടിസ്ഥാന യോഗ്യതയായി നടത്തപ്പെടുന്ന മത്സരപ്പരീക്ഷകൾക്കുള്ള ഫൗണ്ടേഷൻ കോഴ്സായ പി.എഫ്.സി (പി.എസ്.സി ഫൗണ്ടേഷൻ കോഴ്സ്), ബിരുദം കുറഞ്ഞ യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള പി.എസ്.സി/യു.പി.എസ്.സി/എസ്.എസ്.സി/ബാങ്കിങ് മുതലായ പരീക്ഷകൾക്കായുള്ള ജി.സി.ഇ.സി (ഗ്രാജ്വേറ്റ് ലെവൽ കോമ്പിറ്റേറ്റിവ് എക്സാം കോച്ചിങ്), വിദ്യാർഥികൾക്കും താൽകാലിക ജോലിയുള്ളവർക്കുമായി ഞായറാഴ്ചകളിൽ നടത്തുന്ന എസ്.സി.എസ്.ഇ (സൺഡേ ക്ലാസസ് ഫോർ സ്റ്റുഡൻറ്സ് ആൻഡ് എംപ്ലോയിസ്), ഹ്യുമാനിറ്റിസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരികൾക്കും വിദ്യാർഥികൾക്കുമായി നടത്തുന്ന ഹ്രസ്വകാല യു.ജി.സി നെറ്റ് പരിശീലനം എന്നിവയാണ് ഇവിടത്തെ കോഴ്സുകൾ. കോഴ്സ് കഴിഞ്ഞ് പോകുന്നവർക്ക് സെൽഫ് സ്റ്റഡി/ കമ്പൈൻഡ് സ്റ്റഡി പദ്ധതിയിലൂടെ തുടർന്നും, ലൈബ്രറി, റീഡിങ് റൂം, ഇൻറർനെറ്റ് കിയോസ്ക് എന്നി സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി പഠിക്കാനുള്ള സംവിധാനമുണ്ട്. അടുത്ത ജനുവരി മുതൽ കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് പരീക്ഷക്കായുള്ള ക്രാഷ് കോഴ്സ് തുടങ്ങാനുള്ള പദ്ധതി ന്യൂനപക്ഷ വകുപ്പിന് സമർപ്പിച്ചിട്ടുണ്ടെന്ന് സി.സി.എം.വൈ പ്രിൻസിപ്പൽ പ്രഫ. എം. അബ്ദുറഹ്മാൻ അറിയിച്ചു. തികച്ചും സൗജന്യമായാണ് ഇവിടത്തെ ഓരോ കോഴ്സും നടത്തുന്നത്. 80 ശതമാനം സീറ്റ് ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്നവർക്കും ബാക്കി ഇതര ഒ.ബി.സി വിഭാഗത്തിനുമാണ്. അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യത ആവശ്യപ്പെടുന്ന പരീക്ഷയിൽ ആകെ ലഭിച്ച മാർക്ക്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ലഭിച്ച മാർക്ക് എന്നിവ കണക്കിലെടുത്തുകൊണ്ടുള്ള റാങ്ക് ലിസ്റ്റിൽനിന്നാണ് പ്രവേശനം നൽകുന്നത്. അപേക്ഷകരുടെ പ്രായം, സാമ്പത്തിക സ്ഥിതി എന്നിവ കണക്കിലെടുത്ത് ഇളവും വനിത അപേക്ഷകരിൽ വിധവ/വിവാഹമോചിത എന്നി വിഭാഗങ്ങളിൽപെട്ടവർക്കു മുൻഗണനയുമുണ്ട്. കോഴ്സുകൾക്കൊപ്പം കരിയർ ഗൈഡൻസ് ഇൻഫർമേഷൻ സെൻറർ എന്ന നിലയിലും സ്ഥാപനം പ്രവർത്തിക്കുന്നു. ബിരുദാനന്തര ബിരുദവും മൽസരപ്പരീക്ഷ പരിശീലനത്തിൽ പരിചയസമ്പത്തുള്ളവരുമായ അധ്യാപകരാണ് ക്ലാസെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.