വടകര: കുന്നുമ്മക്കരയിലെ ആർ.എം.പി.ഐ പ്രവർത്തകരായ രജീഷ്, വിഷ്ണു എന്നിവരെ ആക്രമിച്ചവരെ സംരക്ഷിക്കുന്ന പൊലീസ് ഒത്തുകളിക്കെതിരെ ആർ.എം.പി.ഐ എടച്ചേരി പൊലീസ് സ്റ്റേഷനിലേക്ക് ബഹുജന മാർച്ച് നടത്തി. ഓർക്കാട്ടേരി കച്ചേരി മൈതാനിയിൽനിന്ന് ആരംഭിച്ച മാർച്ച് സ്റ്റേഷനു മുന്നിൽ ബാരിക്കേഡുകൾ നിരത്തി പൊലീസ് തടഞ്ഞു. കുന്നുമ്മക്കരയിലെ പാലയാട്ട് മീത്തൽ വിഷ്ണുവിനു നേരെ അക്രമം നടന്നിട്ട് അഞ്ചു മാസം പിന്നിട്ടിട്ടും പ്രതികളെ സംബന്ധിച്ച് കൃത്യമായ വിവരങ്ങളുണ്ടായിട്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകുന്നില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. കഴിഞ്ഞ മാസം കുന്നുമ്മക്കരയിലെ തന്നെ കുറുന്തറത്ത് താഴക്കുനി രജീഷിനുനേരെ ഉണ്ടായ വധശ്രമക്കേസിലെ പ്രതികളെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. നാടിെൻറ സമാധാനാന്തരീക്ഷം തകർക്കുന്ന ക്രിമിനലുകളെ സംരക്ഷിക്കുന്ന പൊലീസ് നടപടി അവസാനിപ്പിച്ചില്ലെങ്കിൽ ജനങ്ങൾ നിയമപാലകരായി തെരുവിലിറങ്ങുമെന്ന് മാർച്ച് ഉദ്ഘാടനംചെയ്ത് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു പറഞ്ഞു. കെ.കെ. രമ, കെ.പി. പ്രകാശൻ, കെ. ചന്ദ്രൻ, എ.കെ. ബാബു എന്നിവർ സംസാരിച്ചു. പി. ജയരാജൻ, കെ.കെ. ജയൻ, ടി.കെ. വിമല, വി.പി. ശശി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.